Connect with us

National

കെ ജെ ജോര്‍ജ് കര്‍ണാടക ആഭ്യന്തര മന്ത്രിസ്ഥാനത്ത് തിരിച്ചെത്തിയേക്കും

Published

|

Last Updated

ബെംഗളൂരു: കെ പി സി സി പ്രസിഡന്റ് ഡോ. ജി പരമേശ്വര കര്‍ണാടക ആഭ്യന്തര മന്ത്രിസ്ഥാനം രാജിവെച്ച ഒഴിവില്‍ മലയാളിയും നിലവില്‍ നഗര വികസന മന്ത്രിയുമായ കെ ജെ ജോര്‍ജിനെ പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നു. സിദ്ധരാമയ്യ മന്ത്രിസഭയില്‍ തുടക്കത്തില്‍ ആഭ്യന്തര മന്ത്രിയായിരുന്നു കെ ജെ ജോര്‍ജ്. പിന്നീട് നഗരവികസന മന്ത്രിയുടെ ചുമതലയേറ്റെടുത്ത ജോര്‍ജിന് ഡി വൈ എസ് പി. എം കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കൂട്ടിലായതോടെ മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നു. കേസന്വേഷിച്ച സി ഐ ഡി സംഘം ജോര്‍ജിനെ കുറ്റവിമുക്തനാക്കിയതോടെയാണ് ജോര്‍ജ് വീണ്ടും നഗര വികസന മന്ത്രിയായി മന്ത്രിസഭയില്‍ ഇടം നേടിയത്.

കെ പി സി സി പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി കൂടിയായ ജി പരമേശ്വര കഴിഞ്ഞ ദിവസം മന്ത്രി സ്ഥാനം രാജിവെച്ചത്. ഇരട്ടപ്പദവി വഹിക്കുന്നത് ഉചിതമല്ലെന്ന് നേതൃത്വം അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ മന്ത്രി സ്ഥാനം ഒഴിയാന്‍ പരമേശ്വര നിര്‍ബന്ധിതനാവുകയായിരുന്നു. പരമേശ്വരയുടെ രാജിയിലൂടെ ഒഴിവ് വന്ന ആഭ്യന്തര മന്ത്രി സ്ഥാനത്തേക്കാണ് ഇപ്പോള്‍ കെ ജെ ജോര്‍ജിനെ പരിഗണിക്കുന്നത്. നേരത്തെ ആഭ്യന്തര വകുപ്പ് കൈയാളിയുള്ള പരിചയ സമ്പത്തും ജോര്‍ജിന് അനുകൂല ഘടകമായിട്ടുണ്ട്. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്ന് മന്ത്രി ജോര്‍ജ് പ്രതികരിച്ചു. മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് ദിനേശ് ഗുണ്‍ഡുറാവുവും ജോര്‍ജിന് ആഭ്യന്തര മന്ത്രിസ്ഥാനം നല്‍കുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. ഇന്റലിജന്‍സ് ഐ ജി എ എം പ്രസാദ്, ലോകായുക്ത ഐ ജി പി പ്രണബ് മൊഹന്തി എന്നിവരാണ് ഡി വൈ എസ് പി ഗണപതിയുടെ ആത്മഹത്യാ കേസില്‍ മന്ത്രി ജോര്‍ജിനോടൊപ്പം കുറ്റവിമുക്തരായ മറ്റു രണ്ട് പേര്‍. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്താണ് അന്ന് കെ ജെ ജോര്‍ജ് മന്ത്രിസ്ഥാനം രാജിവെച്ചിരുന്നത്. മംഗളുരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായിരുന്നു ആത്മഹത്യ ചെയ്ത എം കെ ഗണപതി.