ജിസാറ്റ്- 19 ഐ.എസ്.ആര്‍ ഒ തിങ്കളാഴ്ച വിക്ഷേപിക്കും

Posted on: June 4, 2017 4:00 pm | Last updated: June 5, 2017 at 11:18 am

ന്യൂഡല്‍ഹി:ഇന്ത്യയുടെ പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്- 19  ഐ.എസ്.ആര്‍ ഒ തിങ്കളാഴ്ച വിക്ഷേപിക്കും. ജി.എസ്.എല്‍.വി എം.കെ- 111 എന്ന ഏറ്റവും ഭാരമേറിയ റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം. തിങ്കളാഴ്ച വൈകീട്ട് 5.28ന് ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണമെന്ന് ഐ.എസ്.ആര്‍.ഒ അധികൃതര്‍ അറിയിച്ചു.ഇന്ത്യയുടെ ഭാവി റോക്കറ്റ് എന്നറിയപ്പെടുന്ന ജി.എസ്.എല്‍.വി എം.കെ-111 ബഹിരാകാശ ശസ്ത്രജ്ഞരെ വഹിക്കാന്‍ ശേഷിയുള്ളതാണ്.

ഇന്ത്യക്കാരനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ വാഹനമായിരിക്കും ജി.എസ്.എല്‍.വി എം.കെ-111 എന്ന് റോക്കറ്റിന് രൂപം നല്‍കിയ െഎ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്‍ പറയുന്നു. ഉപഗ്രഹങ്ങളെ ഭൗമകേന്ദ്ര ഭ്രമണപഥത്തില്‍ എത്തിക്കുന്നതിനും ഇന്ത്യന്‍ സംഘത്തെ വഹിക്കുന്ന വാഹനം വിക്ഷേപിക്കുന്നതിനുമാണ് ജി.എസ്. എല്‍.വി എം.കെ-111 നിര്‍മിച്ചത്. നിലവിലെ ജി.എസ്.എല്‍.വിയേക്കാള്‍ കൂടുതല്‍ ഭാരം വഹിക്കാനും എം.കെ -111ന് സാധിക്കും.

ജി.എസ്.എല്‍.വി എം.കെ-111 റോക്കറ്റിന്റെ ആദ്യ ദൗത്യമാണ് ജിസാറ്റ് 19നെ ഭ്രമണപഥത്തിലെത്തിക്കുക എന്നത്. ജിയോസ്‌റ്റേഷനറി റേഡിയേഷന്‍ സ്‌പെക്‌ട്രോമീറ്റര്‍ (ജി.ആര്‍.എ.എസ്.പി) എന്ന പേലോഡ് ആണ് ജിസാറ്റ് 19ലുള്ളത്. ചാര്‍ജഡ് പാര്‍ട്ടിക്ക്ള്‍സിന്റെ സ്വഭാവം, ഉപഗ്രഹങ്ങളിലും അതിലെ ഇലക്‌ട്രോണിക് ഘടകങ്ങളിലുമുള്ള സ്‌പേസ് റേഡിയേഷന്റെ സ്വാധീനം എന്നിവ നിരീക്ഷിക്കുകയാണ് ജിയോസ്‌റ്റേഷനറി റേഡിയേഷന്‍ സ്‌പെക്‌ട്രോമീറ്ററിന്റെ ദൗത്യം.

ഇന്ത്യ നിര്‍മിച്ചതും വിക്ഷേപിച്ചതുമായ ഉപഗ്രഹങ്ങളേക്കാള്‍ ഭാരമേറിയ ജിസാറ്റ് 19 ഉപഗ്രഹത്തിന് ഒരു ആനയുടെ ഭാരമുണ്ട്. സ്വദേശീയമായി നിര്‍മിച്ച ലിഥിയം അയണ്‍ ബാറ്ററിയാണ് ഉപഗ്രഹത്തിന് ഊര്‍ജം നല്‍കുന്നത്. പുതിയ സേങ്കേതികവിദ്യകളുടെ പരീക്ഷണം കൂടിയാണ് ഉപഗ്രഹ വിക്ഷേപണത്തിലൂടെ ഐ.എസ്.ആര്‍.ഒ ലക്ഷ്യമിടുന്നത്.