പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 124 റണ്‍സ് ജയം

Posted on: June 4, 2017 3:10 pm | Last updated: June 5, 2017 at 11:17 am


ബെര്‍മിംഗ്ഹാം: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് 124 റണ്‍സ് ജയം. മഴ പല തവണ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക്‌വര്‍ത്ത് ലൂയിസ് നിയമമനുസരിച്ചായിരുന്നു ഇന്ത്യന്‍ ജയം. സ്‌കോര്‍: ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റിന് 319. പാക്കിസ്ഥാന്‍ 33.4 ഓവറില്‍ 164. അര്‍ധ സെഞ്ച്വറി നേടിയ യുവരാജ് സിംഗാണ് കളിയിലെ കേമന്‍.
ടോസ് നേടിയ പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് ഇന്ത്യക്ക് പതിഞ്ഞ തുടക്കമാണ് നല്‍കിയത്. ആദ്യ പത്ത് ഓവറില്‍ 46 റണ്‍സായിരുന്നു സ്‌കോര്‍. പിന്നാലെ മഴ കളി തടസ്സപ്പെടുത്തി. കളി പുനരാരംഭിച്ച് ഏറെ വൈകും മുമ്പ് രോഹിത് അര്‍ധ സെഞ്ച്വറി നേടി. 71 പന്തില്‍ ആറ് ബൗണ്ടറികളും ഒരു സിക്‌സും സഹിതമാണ് രോഹിത് അര്‍ധ സെഞ്ച്വറി കുറിച്ചത്. പിന്നീട് ഇരു താരങ്ങളും ആക്രമിച്ചു കളിച്ചതോടെ സ്‌കോര്‍ ഉയര്‍ന്നു. 19.3 ഓവറില്‍ ഇന്ത്യ നൂറ് റണ്‍സിലെത്തി. 136ല്‍ നില്‍ക്കെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 65 പന്തില്‍ 68 റണ്‍സെടുത്ത ധവാനെ ഷദാബ് ഖാന്റെ പന്തില്‍ അസ്ഹര്‍ അലി പിടിച്ചു പുറത്താക്കുകയായിരുന്നു. ആറ് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതായിരുന്നു ധവാന്റെ ഇന്നിംഗ്‌സ്. ധവാന്‍ പുറത്തായ ശേഷമെത്തിയ കോഹ്‌ലിയും രോഹിതും ചേര്‍ന്ന് സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും റണ്‍ കണ്ടെത്തി.
ഇന്ത്യന്‍ സ്‌കോര്‍ 192 റണ്‍സില്‍ നില്‍ക്കെ രോഹിത് ശര്‍മ പുറത്തായി. 119 പന്തുകള്‍ നേരിട്ട താരം ഏഴ് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 91 റണ്‍സെടുത്തു. അതിനിടെ കോഹ്‌ലി അര്‍ധ സെഞ്ച്വറി പിന്നിട്ടു. രോഹിതിന് ശേഷമെത്തിയ യുവ്‌രാജ് അടിച്ചു തകര്‍ക്കാനുള്ള മൂഡിലായിരുന്നു. 32 പന്തില്‍ ഏട്ട് ബൗണ്ടറിയും ഒരു സിക്‌സറും നേടിയ യുവി 53 റണ്‍സ് നേടി. പിന്നട് ഹാര്‍ദിക്ക് പാണ്ഡ്യ അവസാന ഓവറില്‍ കത്തിക്കയറിയതോടെ ഇന്ത്യന്‍ സ്‌കോര്‍ 300 കടന്നു. ഇമാദ് വസീം എറിഞ്ഞ ആവസാന ഓവറിന്റെ ആദ്യ മൂന്ന് പന്തുകളും പാണ്ഡ്യ അതിര്‍ത്തിക്ക് മുകളിലൂടെ പായിച്ചു. അവസാന പന്തില്‍ കോഹ്‌ലി ബൗണ്ടറിയും കണ്ടെത്തിയതോടെ ആ ഓവറില്‍ 23 റണ്‍സ് പിറന്നു. എട്ട് പന്തുകള്‍ നേരിട്ട പാണ്ഡ്യ 20 റണ്‍സെടുത്തു. 68 പന്തില്‍ ആറ് ബൗണ്ടറികളും മൂന്ന് സിക്‌സറും പറത്തിയ കോഹ്‌ലി 81 റണ്‍സ് നേടി.
പാക്കിസ്ഥാന് വേണ്ടി വഹാബ് റിയാസ്, ഷദാബ് ഖാന്‍, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. 8.4 ഓവറുകളില്‍ പത്ത് റണ്‍സ് ശരാശരിയില്‍ വഹാബ് റിയാസ് 87 റണ്‍സ് വഴങ്ങി.