Connect with us

International

ട്രംപിന് മറുപടിയുമായി മോദി; ആരു പിന്മാറിയാലും കാലാവസ്ഥാ സംരക്ഷണത്തിനായി ഇന്ത്യ നിലകൊള്ളും

Published

|

Last Updated

പാരീസ്: കലാവസ്ഥാ വ്യതിയാനത്തിനെതിരെ പാരിസില്‍ ലോകരാജ്യങ്ങള്‍ ഒരുമിച്ചെടുത്ത തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ ഇന്ത്യ ഒരുക്കമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരിസിലെ എല്‍സി കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മോദി.

ആഗോളതാപനം അനിയന്ത്രിതമായി ഉയര്‍ന്നുകൊണ്ടിരുന്ന അവസരത്തിലാണ് 2015ല്‍ പാരീസില്‍ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത കാലാവസ്ഥാ സംരക്ഷണത്തിനായുള്ള ആഗോള സംഗമം നടന്നത്. എന്നാല്‍ ഈ ഉടംബടിയില്‍ നിന്നും യു എസ് പിന്മാറുന്നു എന്ന പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു മോദി.

ഭാവി തലമുറയ്ക്കായി കാലാവസ്ഥാ സംരക്ഷണത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ഭൂമിയേയും പ്രകൃതിയേയും സംരക്ഷിക്കല്‍ എല്ലാവരുടെയും ഉത്തരവാധിത്തമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഭൗമതാപനില 2ഡിഗ്രി സെല്‍ഷ്യസ് പരിധിയില്‍ നിര്‍ത്തുക എന്നതായിരുന്നു പാരിസ് ഉടംബടിയുടെ ലക്ഷ്യം. 190ലേറെ രാജ്യങ്ങള്‍ അംഗീകരിച്ച കരാറാണിത്. ആഗോളതാപനത്തിന്റെ മുഖ്യകാരണകാരണമായ കാര്‍ബണ്‍ പുറന്തള്ളലില്‍ ചൈന കഴിഞ്ഞാല്‍ രണ്ടാമതുള്ളത് അമേരിക്കയാണ്. അതിനാല്‍ അമേരിക്കയുടെ പിന്മാറ്റം ലോകത്തിന് ഭീഷണിയാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ മൂന്നാം സ്ഥാനത്ത് ഇന്ത്യയുണ്ട്. സിറിയയും നിക്കരാഗ്വയുമാണ് പാരിസ് ഉടംബടിയില്‍ ഒപ്പുവെക്കാത്ത രാജ്യങ്ങള്‍

Latest