ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത അരുണന്‍ എംഎല്‍എക്ക് പരസ്യശാസന

Posted on: June 3, 2017 12:18 pm | Last updated: June 3, 2017 at 5:34 pm

തൃശൂര്‍: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത ഇരിങ്ങാലക്കുടയിലെ സിപിഎം എംഎല്‍എ കെ യു അരുണന് പരസ്യശാസന. സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെതാണ് നടപടി. തെറ്റിദ്ധരിച്ചു കൊണ്ടാണെങ്കിലും എംഎല്‍എ പരിപാടിയില്‍ പങ്കെടുത്തത് തെറ്റാണെന്ന് സി പി എം നേതാവ് കെ രാധാകൃഷ്ണന്‍ പറഞ്ഞു. അരുണന്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നാണ് ജില്ലാ സെക്രട്ടറിയറ്റിന്റെ വിലയിരുത്തല്‍. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശവും പാര്‍ട്ടി എംഎല്‍എക്ക് നല്‍കി.

അരുണന്‍ ആര്‍എസ്എസ് പരിപാടിയില്‍ ങ്കെടുക്കാന്‍ പാടില്ലായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതിന് ശേഷം കൂടുതല്‍നടപടികളിലേക്ക് കടക്കുമെന്നും കോടിയേരി പറഞ്ഞു.

ആര്‍എസ്എസ് പുല്ലൂര്‍ഊരകം ശാഖയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സൗജന്യ നോട്ടുപുസ്തക വിതരണത്തിലും ഉന്നത വിജയം നേടിയവര്‍ക്കുള്ള അനുമോദനത്തിലുമാണ് അരുണന്‍ പങ്കെടുത്തത്.