പാരീസ് ഉടമ്പടി: ട്രംപിന്റെ ‘വിഡ്ഢിത്ത’ത്തെ വിമര്‍ശിച്ച് ലോകം

Posted on: June 3, 2017 9:04 am | Last updated: June 3, 2017 at 10:47 am

വാഷിംഗ്ടണ്‍: കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കാനുള്ള ആഗോള മുന്നേറ്റങ്ങള്‍ക്ക് തിരിച്ചടി നല്‍കി പാരീസ് ഉടമ്പടിയില്‍ നിന്ന് പിന്‍വാങ്ങിയ അമേരിക്കന്‍ നടപടി ശുദ്ധവിഡ്ഢിത്തമാണെന്ന് വിദഗ്ധര്‍. ആഗോളതാപനം നിയന്ത്രിക്കുന്നതടക്കമുള്ള സ്വപ്‌ന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങളാണ് ഇതോടെ അവതാളത്തിലാകുന്നത്. ദേശീയതയുടെ പേരില്‍ ട്രംപ് തന്റെ തീരുമാനത്തെ ന്യായീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 12.30 ഓടെയാണ് ഉടമ്പടിയില്‍ നിന്ന് പിന്മാറുന്ന കാര്യം ട്രംപ് വ്യക്തമാക്കിയത്. ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ ഉടമ്പടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ലോകത്ത് ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ അമേരിക്കന്‍ പ്രസിഡന്റ് ഉടമ്പടി ബഹിഷ്‌കരിച്ചത്.

ട്രംപിന്റെ നടപടിയില്‍ രാജ്യത്തിനകത്തും പുറത്തും വിമര്‍ശവും പ്രതിഷേധവും വ്യാപകമായിട്ടുണ്ട്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയടക്കമുള്ളവര്‍ ട്രംപിനെതിരെ രംഗത്തെത്തി. ഭാവിയെ തള്ളിക്കളയുന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചതെന്ന് ഒബാമ പ്രതികരിച്ചപ്പോള്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ രാജ്യം ഒറ്റപ്പെടുമെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്റന്‍ വ്യക്തമാക്കി. രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ചിന്താശൂന്യമായ ട്രംപിന്റെ നടപടിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തി.
ട്രംപിന്റെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ജര്‍മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കല്‍ രംഗത്തെത്തി. അങ്ങേയറ്റം ഖേദകരമായ നടപടിയാണ് ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും ഉടമ്പടിയുമായി മുന്നോട്ടുപോകുന്നതില്‍ നിന്ന് ആരെയും തടയാന്‍ സാധിക്കില്ലെന്നും മെര്‍ക്കല്‍ മുന്നറിയിപ്പ് നല്‍കി. അമേരിക്കയുമായുള്ള നയതന്ത്ര അകല്‍ച്ച വ്യക്തമാക്കുന്നതു കൂടിയായിരുന്നു മെര്‍ക്കലിന്റെ പ്രസ്താവന.
കേവലമായ സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ട്രംപ് ഉടമ്പടിയില്‍ നിന്ന് പിന്മാറിയത്. അമേരിക്കക്ക് നഷ്ടം മാത്രമാണ് ഉടമ്പടിയുണ്ടാക്കുകയെന്നും ലോകത്ത് ഏറ്റവും കൂടുതല്‍ മലിനീകരണം ഉണ്ടാക്കുന്ന ഇന്ത്യക്കും ചൈനക്കും മാത്രമാണ് ഉടമ്പടി ഗുണം ചെയ്യുകയെന്നും ട്രംപ് വ്യക്തമാക്കുന്നു. വിദേശസഹായത്തിന് വേണ്ടിയാണ് ഇന്ത്യ ഉടമ്പടിയില്‍ ഒപ്പിട്ടതെന്ന് ആരോപണവും ട്രംപ് ഉന്നയിച്ചു. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് നിശ്ചിത തുക നല്‍കേണ്ടിവരും. അമേരിക്കക്ക് വന്‍ തുക ഈ ഇനത്തില്‍ നഷ്ടമാകും. ഇതാണ് ട്രംപിനെ ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. പാരീസ് ഉടമ്പടിയിലെ പരാമര്‍ശങ്ങളെ നേരത്തെ ട്രംപ് പരിഹസിച്ചിരുന്നു. ആഗോളതാപനമെന്നൊന്നില്ലെന്നതടക്കമുള്ള പ്രസ്താവനകള്‍ ട്രംപിന്റേതായി പുറത്തുവന്നിരുന്നു.


ജി ഡി പിയില്‍ അമേരിക്കക്ക് മൂന്ന് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടാക്കുന്ന ഉടമ്പടിയാണ് പാരീസിലേതെന്നും അമേരിക്കയുടെ പ്രസിഡന്റായ തനിക്ക് ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കേണ്ടതുണ്ടെന്നും ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപിന്റെ നീക്കം അബദ്ധമാണെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലൗഡെ ജുന്‍കെര്‍ വ്യക്തമാക്കി. ഭാവി തലമുറയുടെ ഐശ്വര്യത്തിനും സുരക്ഷക്കും മുന്‍ഗണന നല്‍കുന്ന ഉടമ്പടിയില്‍ നിന്നാണ് ട്രംപ് പിന്മാറിയതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് വ്യക്തമാക്കി. തന്റെ നിരാശ ഇവര്‍ ട്രംപിനെ ഫോണിലൂടെ അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ അതേ ശൈലിയില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ മറുപടി നല്‍കി. കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടം അവസാനിപ്പിക്കാനാവുന്ന ഒന്നല്ലെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറെസ് വ്യക്തമാക്കി. ഉടമ്പടിക്കൊപ്പം നില്‍ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യക്തമാക്കിയിട്ടുണ്ട്.
പാരീസ് ഉടമ്പടിയില്‍ നിന്നുള്ള പിന്മാറ്റത്തോടെ അന്താരാഷ്ട്ര തലത്തില്‍ ട്രംപ് ഒറ്റപ്പെട്ടു. ദീര്‍ഘവീക്ഷണമില്ലാത്ത ട്രംപിന്റെ നിലപാടും കാലാവസ്ഥാ വ്യതിയാനത്തോടുള്ള അശാസ്ത്രീയമായ സമീപനവും കടുത്ത വിമര്‍നങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്.