പശുഗുണ്ടകളും മിശ്രഭോജന ശതാബ്ദിയും

Posted on: June 3, 2017 6:55 am | Last updated: June 2, 2017 at 11:57 pm

കേരള നവോത്ഥാന ചരിത്രത്തിലെ പ്രകാശം പരത്തുന്ന അധ്യായങ്ങളാണ് സഹോദരന്‍ അയ്യപ്പന്റെ ഇടപെടലുകളും മിശ്രഭോജനവും. 1917 മെയ് 29-ന് ചെറായിയില്‍ നടന്ന മിശ്രഭോജനത്തിന് നൂറ് വര്‍ഷം തികയുമ്പോള്‍ നമ്മുടെ നവോത്ഥാന പാരമ്പര്യത്തെ നിരാകരിക്കുന്ന പുനരുത്ഥാനശക്തികള്‍ മധ്യകാലിക ബ്രാഹ്മണമൂല്യങ്ങളെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളിലാണ്. ശുദ്ധാശുദ്ധങ്ങളുടേതായ ജാതി ജന്മിത്വത്തിന്റെ ധര്‍മശാസ്ത്രങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് കേരളീയ നവോത്ഥാനത്തിന്റെ നായകര്‍ പുതിയ മനുഷ്യനെയും പുതിയ സമൂഹത്തെയും കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുളപ്പിച്ചത്. ചരിത്രത്തിന്റെ സ്വാഭാവികവും പുരോഗമനോന്മുഖവുമായ ഗതിക്ക് തടസ്സം നിന്ന ചാതുര്‍വര്‍ണ്യാധിഷ്ഠിത പ്രത്യയശാസ്ത്രങ്ങളെയും ബ്രഹ്മസ്വം ദേവസ്വം സ്വത്തുടമസ്ഥതയും ചോദ്യം ചെയ്യുന്ന ജനകീയ ഉണര്‍വുകളായാണ് നവോത്ഥാന യത്‌നങ്ങള്‍ വളര്‍ന്നുവന്നത്.
ബ്രാഹ്മണാധികാരവും അതിന്റെ പ്രത്യയശാസ്ത്രമായ ചാതുര്‍വര്‍ണ്യവും മനുഷ്യത്വരഹിതമായ ഒരു സാമൂഹികാവസ്ഥയാണ് ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും നിലനിര്‍ത്തിയത്. മറ്റൊരിടത്തുമില്ലാത്ത വിധത്തിലുള്ള സാമൂഹിക മര്‍ദനങ്ങളും വിവേചനങ്ങളും കൊണ്ട് കേരളീയ ജീവിതത്തെ നരകതുല്യമാക്കിയത് ജാതി വ്യവസ്ഥയാണ്. ജാതി ജന്മിത്വത്തെയും കൊളോണിയല്‍ ആധിപത്യത്തെയും വെല്ലുവിളിച്ചുകൊണ്ടാണ് കേരളത്തില്‍ നവോത്ഥാന സമരങ്ങളും തൊഴിലാളി കര്‍ഷക സംഘടനകളും പിറവിയെടുക്കുന്നത്.
ഭാഷ, ഭക്ഷണം, വേഷം തുടങ്ങി ജീവിതത്തിന്റെ എല്ലാ വ്യവഹാര മണ്ഡലങ്ങളും ജാതിയാല്‍ നിര്‍ണയിക്കപ്പെട്ടിരുന്നു. മനുഷ്യത്വരഹിതമായ ചാതുര്‍വര്‍ണ്യ മൂല്യങ്ങള്‍ മനുഷ്യര്‍ തമ്മിലുള്ള എല്ലാ സമ്പര്‍ക്കങ്ങളെയും ജാതിയുടെ പേരില്‍ വേര്‍തിരിച്ചിരുന്നു. ബ്രാഹ്മണരില്‍ നിന്ന് നായരും നായരില്‍ നിന്ന് തിയ്യരും തിയ്യരില്‍ നിന്ന് പുലയരും ഇടപെടുന്നതിന് അടിക്കണക്കിന് അകലം കല്‍പ്പിച്ചിരുന്നു. അയല്‍പക്കങ്ങളില്‍ കഴിയുമ്പോഴും മനസ്സുകളില്‍ ഭൂഖണ്ഡങ്ങളുടെ അകലം സൃഷ്ടിച്ചിരുന്നു ചതുര്‍വിധ ജാതിവ്യവസ്ഥ. മനുവാദം സൃഷ്ടിച്ച തടവറയായിരുന്നു ഇന്ത്യന്‍ സമൂഹം. അധഃസ്ഥിതരെയും സ്ത്രീകളെയും നീചജന്മങ്ങളായി വ്യാഖ്യാനിച്ച് സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും അവരെ അകറ്റിനിര്‍ത്തി. മനുഷ്യോചിതമായ പരിഗണനകളോ അവകാശങ്ങളോ ഇല്ലാത്ത അടിമകളായിരുന്നു ശൂദ്രരും അതിനു ‘കീഴെയുള്ള’ ജാതിസമൂഹങ്ങളും. ക്രൂരവും നിന്ദ്യവുമായ ജാത്യാചാരങ്ങളുടെ അന്ധകാരത്തിലായിരുന്ന കേരളീയ സമൂഹത്തിലാണ് സഹോദരന്‍ അയ്യപ്പനെപോലുള്ള ധിഷണാശാലികള്‍ സാഹോദര്യത്തിന്റെ വെളിച്ചം പകര്‍ന്നത്.
19-ാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തോടെയാണ് കേരളത്തില്‍ നവോത്ഥാനപരമായ ഉണര്‍വുകള്‍ സജീവമാകുന്നത്. ജാതി മത യാഥാസ്ഥിതികത്വം മനുഷ്യജീവിത ബന്ധങ്ങളെ അസ്പൃശ്യതയുടെയും അനാചാരങ്ങളുടെയും അസ്വാതന്ത്ര്യത്തിന്റെയും അന്ധകാരങ്ങളില്‍ തളച്ചിട്ടിരുന്ന കാലത്തെയാണ് നവോത്ഥാനം വെല്ലുവിളിച്ചത്. മാറ്റാനും മാറാനും ആവശ്യപ്പെട്ടത്. ഫ്യൂഡല്‍ ജീവിതബന്ധത്തിന്റെ ജീര്‍ണതകളെ കുടഞ്ഞുകളയുന്ന വിധ്വംസകമായൊരു നീതിബോധവും അധഃസ്ഥിത പക്ഷപാതിത്വവുമായിരുന്നു നമ്മുടെ നവോത്ഥാന നായകരെ നയിച്ചത്.
17-ഉം 18-ഉം നൂറ്റാണ്ടുകളെ പ്രക്ഷുബ്ധമാക്കിയ പഴശ്ശിയുദ്ധങ്ങളും സമാനമായ മറ്റ് കൊളോണിയല്‍ വിരുദ്ധസമരങ്ങളും ഉണര്‍ത്തിവിട്ട സ്വാതന്ത്ര്യബോധവും ആധുനിക വിദ്യാഭ്യാസം സൃഷ്ടിച്ച ഉത്പതിഷ്ണത്വവും നവോത്ഥാനത്തിന്റെ ആശയങ്ങളെ മുന്നോട്ടുകൊണ്ടുവന്നു. 1888-ലെ അരുവിപ്പുറം പ്രതിഷ്ഠ മുതല്‍ ബ്രാഹ്മണാധികാരത്തിന്റെ പ്രത്യയശാസ്ത്ര അടിസ്ഥാനങ്ങളെയും സമ്പ്രദായങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് നവോത്ഥാനം മുന്നേറുന്നത്.
കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍ക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത സമരമായിരുന്നു ശ്രീനാരായണ പ്രസ്ഥാനം മുന്നോട്ടുവെച്ചത്. തിരണ്ടുകുളി, താലികെട്ട് കല്യാണം, സദ്യ, ആഢംബരങ്ങള്‍, അനാചാരങ്ങള്‍ എല്ലാം നിശിതമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. ശ്രീനാരായണ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയിലാണ് സഹോദരന്‍ അയ്യപ്പന്‍ ജാതിയുടെ വേരുകള്‍ അറുക്കാനുള്ള ഇടപെടലുകള്‍ക്ക് നേതൃത്വം കൊടുത്തത്. പ്രബുദ്ധതയുടെയും അറിവിന്റെയും ലോകത്തിലേക്ക് കടന്നുവരാന്‍ നിസ്വരും അധസ്ഥിതരുമായ ജനങ്ങളെ അദ്ദേഹം പ്രേരിപ്പിച്ചു. അനീതികരമായ എല്ലാറ്റിനെയും വിമര്‍ശിക്കാനും ധിക്കരിക്കാനും പഠിപ്പിച്ചു.

നാരായണ ദര്‍ശനങ്ങളുടെ ഉയര്‍ന്ന സൈദ്ധാന്തിക പ്രായോഗിക തലത്തെയാണ് സഹോദരന്‍ അയ്യപ്പന്‍ രൂപപ്പെടുത്തിയത്. ഈ ദിശയിലുള്ള നവോത്ഥാന യത്‌നങ്ങളുടെ അനുസ്യൂതിയിലാണ് മിശ്രഭോജനം എന്ന പരിപാടി ആസൂത്രണം ചെയ്യപ്പെട്ടത്. ഗുരുതന്നെ ശിവ പ്രതിഷ്ഠയ്ക്കുശേഷം അരുവിപ്പുറത്ത് നടത്തിയ വാവൂട്ട് സദ്യ നാനാജാതി മതസ്ഥരെ പങ്കെടുപ്പിച്ച മിശ്രഭോജനം കൂടിയായിരുന്നല്ലോ. ജാതിക്കും മതത്തിനും അതീതമായി മനുഷ്യര്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും ഇടപെടാനുമുള്ള സാഹചര്യത്തിനുവേണ്ടിയുള്ള ഇടപെടലായിരുന്നു മിശ്രഭോജനം. ചെറായിയിലെ മിശ്രഭോജനം വരേണ്യ ബ്രാഹ്മണബോധത്തെ പ്രകോപിപ്പിച്ചു എന്ന് പറയേണ്ടതില്ലല്ലോ. സവര്‍ണ ജാതിമേധാവിത്വത്തിന്റെയും ഈഴവ പ്രമാണിമാരുടെയും എതിര്‍പ്പ് അയ്യപ്പനേറ്റുവാങ്ങേണ്ടിവന്നു. സഹോദരന്‍ അയ്യപ്പനെ അവര്‍ പുലയനയ്യപ്പനാക്കി.
ജാതിഭേദം കൂടാതെ മനുഷ്യര്‍ക്കെല്ലാം ഒന്നിച്ചു ജീവിക്കാന്‍ കഴിയണമെന്ന ഉല്‍ക്കടമായ അഭിലാഷവും സാമൂഹിക വിപ്ലവബോധവുമാണ് മിശ്രഭോജനം പോലുള്ള പരിപാടികളുടെ ഉള്‍പ്രേരകം. ദൈവത്തെ മറയാക്കി ദൈവത്തിന്റെ പ്രതിപുരുഷന്മാരായ പുരോഹിതന്മാരും ജന്മി നാടുവാഴി രാജാധികാരികളും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ജിവിതാവകാശങ്ങളെയും ആത്മീയാനേ്വഷണങ്ങളെയും നിയന്ത്രിക്കുകയും നിഷേധിക്കുകയും ചെയ്യുന്ന അവസ്ഥക്കെതിരായിട്ടായിരുന്നു സഹോദരന്‍ അയ്യപ്പനെ പോലുള്ളവര്‍ പോരാടിയത്. നവോത്ഥാനത്തിന്റെ മൂല്യങ്ങളും സംസ്‌കാരവും വെല്ലുവിളി നേരിടുന്ന ലോകസാഹചര്യത്തിലാണ് നാം മിശ്രഭോജനത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നത്. വംശവര്‍ണമേധാവിത്വ ബോധത്തില്‍ അഭിരമിക്കുന്ന ട്രംപിസത്തിന്റെയും സയണിസത്തിന്റെയും മോദിയിസത്തിന്റെയും ഭീകരതയിലാണ് ഇന്ന് ലോകം.
ചാതുര്‍വര്‍ണ്യാധിഷ്ഠിത മൂല്യങ്ങളെ സ്വാംശീകരിച്ച ഹിന്ദുത്വശക്തികള്‍ ന്യൂനപക്ഷങ്ങളെയും ദളിതരെയും രാജ്യമെമ്പാടും വേട്ടയാടുന്ന അത്യന്തം പ്രതിഷേധകരമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യയും കേരളവും കടന്നുപോകുന്നത്. ഭൂരിപക്ഷ മതം രാഷ്ട്രവും ദേശീയതയുമാണെന്ന് വാദിക്കുന്ന ബ്രാഹ്മണാധികാരത്തിന്റെ ശക്തികള്‍ മധ്യകാല ജീര്‍ണതകളെയെല്ലാം പുനരാനയിക്കുകയാണ്. വംശശുദ്ധിവാദം പുതിയരീതിയില്‍ പുനരുജ്ജീവിപ്പിക്കുകയും ആര്യശ്രേഷ്ഠതയുള്ള സന്തതികളെ ഉത്പാദിപ്പിച്ച് ഹിന്ദുരാജ്യം കെട്ടിപ്പടുക്കണമെന്നുള്ള ആഹ്വാനങ്ങള്‍ മുഴങ്ങുന്ന അശ്ലീലകരമായ അവസ്ഥയിലാണ് നാം. പൗരന്മാരുടെ ഭക്ഷണസ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെടുന്ന കാലം. ഈയൊരു കെട്ടകാലത്തെ അതിജീവിക്കാന്‍ സഹോദരന്‍ അയ്യപ്പനെപോലുള്ള നവോത്ഥാന നായകരുടെ ആശയങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ടേ കഴിയൂ. അതാണ് മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം സന്ദേശിക്കുന്നത്.
സംസ്‌കാര സംഘര്‍ഷങ്ങളുടെ പ്രത്യയശാസ്ത്രകാരന്മാര്‍ ജാതിമതാധിഷ്ഠിതമായ സ്വത്വരാഷ്ട്രീയ നിര്‍മിതിയിലൂടെ മതനിരപേക്ഷജനാധിപത്യ ദേശരാഷ്ട്രഘടനകളെ അസ്ഥിരീകരിക്കുകയാണ്. വംശീയ വര്‍ഗീയ ധ്രുവീകരണങ്ങള്‍ സൃഷ്ടിക്കുകയാണ്. ഈയൊരു സാഹചര്യം പുരോഗമന ശക്തികളോടാവശ്യപ്പെടുന്നത് മനുഷ്യര്‍ക്കിടയില്‍ സൗഹൃദവും മതവിശ്വാസികള്‍ക്കിടയില്‍ മൈത്രിയും വളര്‍ത്തിയെടുക്കാനാണ്. പരസ്പര വിശ്വാസത്തിന്റെയും സമ്പര്‍ക്കങ്ങളുടെയും വിശാല സാധ്യതകള്‍ രൂപപ്പെടുത്താനാണ്. ജാതിക്കും മതത്തിനും അതീതമായ മനുഷ്യനെയും മാനവികതയെയും വീണ്ടെടുക്കാനുള്ള സന്ദേശമാണ് ചരിത്രപ്രസിദ്ധമായ മിശ്രഭോജനത്തിന്റെ നൂറാം വാര്‍ഷികം ഉണര്‍ത്തുന്നത്.