പ്രവാചക നിന്ദ; യുവാവിന് തടവും പിഴയും

Posted on: June 2, 2017 11:53 am | Last updated: June 2, 2017 at 11:53 am

ദുബൈ: പ്രവാചകനെ നിന്ദിച്ച് ഫെയ്‌സ്ബുകില്‍ സന്ദേശം പോസ്റ്റ് ചെയ്ത ഇന്ത്യന്‍ യുവാവിന് ഒരു വര്‍ഷം തടവും അഞ്ചു ലക്ഷം ദിര്‍ഹം പിഴയും. മുപ്പത്തിയൊന്നുകാരനായ ഇന്ത്യന്‍ ഇലക്ട്രീഷനാണ് സോഷ്യല്‍ മീഡിയ ദുരുപയോഗത്തിന്റെ പേരില്‍ കോടതി ജയില്‍ ശിക്ഷ വിധിച്ചത്.
ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്തതിനു തൊട്ടുപിറ്റേദിവസം തന്നെ നീക്കം ചെയ്തിരുന്നുവെങ്കിലും മറ്റൊരു ഇന്ത്യക്കാരന്‍ അല്‍ റാശിദിയ്യ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോസ്റ്റുകള്‍ വീണ്ടെടുത്ത് പരിശോധിക്കുകയായിരുന്നു.

തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്നും സന്ദേശങ്ങള്‍ താനല്ല പോസ്റ്റ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. തൊട്ടടുത്ത ദിവസം ഇയാള്‍ ഫെയ്‌സ്ബുകില്‍ ലോഗിന്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. പിടിക്കപ്പെടുമെന്ന് മനസിലാക്കി നാടുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഫോണും പിടിച്ചെടുത്തു.