Connect with us

Kerala

ഓര്‍ഡിനന്‍സ് പുറത്തിറങ്ങി; മദ്യശാലകള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണ്ട

Published

|

Last Updated

തിരുവനന്തപുരം: മദ്യവില്‍പ്പനശാലകള്‍ തുടങ്ങുന്നതിന് തദ്ദേശ ഭരണസ്ഥാപങ്ങളുടെ എന്‍ഒസി വേണമെന്ന നിയമപരമായ നിബന്ധന മറികടക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ഒപ്പുവെച്ചു. ഓര്‍ഡിനന്‍സില്‍ ഒപ്പുവെക്കരുതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ അടക്കമുള്ളവര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. പുതിയ മദ്യശാലകള്‍ തുറക്കാന്‍ ഇനി എക്‌സൈസ് വകുപ്പിന്റെ ലൈസന്‍സ് മാത്രം മതിയാകും.

മദ്യശാലകള്‍ തുറക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ എടുത്തുകളയാന്‍ കേരള മുനിസിപ്പാലിറ്റീസ് ആക്ടും കേരള പഞ്ചായത്ത് രാജ് ആക്ടും ഭേദഗതി ചെയ്യാന്‍ മന്ത്രിസഭായോഗം കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.
മദ്യശാല തുടങ്ങാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നിര്‍ബന്ധമാക്കിയുള്ള നിയമഭേദഗതി കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് കൊണ്ടുവന്നത്. സുപ്രീം കോടതി വിധിപ്രകാരം ദേശീയപാതയോരത്ത് നിന്ന് ഒഴിവാക്കിയ മദ്യശാലകള്‍ മാറ്റിസ്ഥാപിക്കാന്‍ പല സ്ഥലങ്ങളിലും ഗ്രാമപഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞിരുന്നില്ല.

വലിയ പ്രാദേശിക എതിര്‍പ്പുകളും ഉണ്ടായിരുന്നു. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയാത്തതിനാല്‍ ബിവറേജസ് കോര്‍പറേഷന്‍ വലിയ നഷ്ടത്തിലുമായി. ഈ സാഹചര്യം പരിഗണിച്ചാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേകാധികാരം എടുത്തുകളായാന്‍ മന്ത്രിസഭാ തീരുമാനിച്ചത്.