Connect with us

Ongoing News

അപേക്ഷ നല്‍കി; സെവാഗ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് വിരേന്ദര്‍ സെവാഗ് എത്താന്‍ സാധ്യത. അനില്‍ കുംബ്ലെയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടായ സാഹചര്യത്തില്‍ സെവാഗ് പരിശീലകനായി വരണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാല്‍, താന്‍ ഇല്ലെന്ന് സെവാഗ് വ്യക്തമാക്കുകയും ചെയ്തു. സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉള്‍പ്പെടുന്ന മൂന്നംഗ പാനലാണ് കോച്ചിനെ തിരഞ്ഞെടുക്കുന്നത്. ഈ പാനല്‍ തന്നെയാണ സെവാഗിന്റെ താത്പര്യം രഹസ്യമായി ആരാഞ്ഞതെന്ന് സൂചനയുണ്ട്.

പുതിയ തലമുറയിലെ താരങ്ങളുമായി ഒത്തുപോകുന്ന പരിശീലകനെയാണ് പാനല്‍ അന്വേഷിക്കുന്നത്. ഡ്രസിംഗ് റൂമില്‍ തമാശകള്‍ പങ്കുവെക്കാനും സഹതാരങ്ങളെ ഉത്തേജിപ്പിക്കാനും മിടുക്കുള്ള സെവാഗിന്റെ സാന്നിധ്യം ടീം ഇന്ത്യക്ക് നല്ല അനുഭവമാകുമെന്ന വിലയിരുത്തലാണ് സച്ചിനുള്‍പ്പടെയുള്ളവര്‍ക്കുള്ളത്. എന്നാല്‍, പരിശീലക സ്ഥാനത്തേക്കില്ലെന്ന് ആദ്യം അറിയിച്ച സെവാഗ് നാടകീയമായി ഇന്നലെ അപേക്ഷ നല്‍കിയത് ആരുടെയോ സമ്മര്‍ദ ഫലമായിട്ടാണ്. ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റോടെ അനില്‍ കുംബ്ലെ പരിശീലക സ്ഥാനം ഒഴിയുമെന്ന് തന്നെയാണ് ഇന്ത്യന്‍ ക്യാമ്പില്‍ നിന്ന് വരുന്ന സൂചന.

കളിക്കാരുടെ ശമ്പളത്തിനൊപ്പം തന്റെ വേതനവും വലിയ തോതില്‍ വര്‍ധിപ്പിക്കണമെന്ന കുംബ്ലെയുടെ ആവശ്യത്തോടും ബി സി സി ഐക്ക് നീരസമുണ്ട്.
പുതിയ അപേക്ഷകരില്‍ ആസ്‌ത്രേലിയയുടെ ടോം മൂഡിക്കും വലിയ സാധ്യതയുണ്ട്. ലാല്‍ചന്ദ് രജ്പുത്, ഡോഡ ഗണേഷ്, റിചാര്‍ഡ് പൈബസ് എന്നിവരും പരിശീലനാകുവാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.
2016 ജൂണ്‍ 23നാണ് കുംബ്ലെ ഇന്ത്യയുടെ കോച്ചായി സ്ഥാനമേല്‍ക്കുന്നത്. ഫസ്റ്റ് ക്ലാസ് ലെവലിലോ, അന്താരാഷ്ട്ര തലത്തിലോ കോച്ചിംഗ് പരിചയമില്ലാത്ത കുംബ്ലെയെ സച്ചിനും ഗാംഗുലിയും ലക്ഷ്മണും ഉള്‍പ്പെടുന്ന മൂന്നംഗ പാനല്‍ തിരഞ്ഞെടുത്തത് ഞെട്ടിക്കുന്ന തീരുമാനമായിരുന്നു. രവിശാസ്ത്രിയെ ഒഴിവാക്കിക്കൊണ്ടായിരുന്നു ഇത്.
ഇതൊരു മികച്ച തീരുമാനമായെന്ന് പിന്നീട് ബോധ്യമായി. വെസ്റ്റിന്‍ഡീസ്, ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരെ ടെസ്റ്റ് പരമ്പര ജയിച്ച് ഇന്ത്യ ഐ സി സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ജേതാക്കളായി. ന്യൂസിലാന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ ഏകദിന പരമ്പരയിലും മികവ് ആവര്‍ത്തിച്ചു.
എന്നാല്‍, ആസ്‌ത്രേലിയ പരമ്പരക്കിടെ പ്ലെയിംഗ് ഇലവനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് കുംബ്ലെയും ക്യാപ്റ്റന്‍ വിരാടും തമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതയുണ്ടായതാണ് ഇപ്പോഴത്തെ പടലപ്പിണക്കങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഇത് പരിഹരിക്കാന്‍ സച്ചിനും ഗാംഗുലിയും മധ്യസ്ഥശ്രമം നടത്തിയെങ്കിലും ഫലം കണ്ടിട്ടില്ല. ഏറ്റവും മികച്ച പരിഹാരം കുംബ്ലെയെ നീക്കി പുതിയ പരിശീലകനെ കൊണ്ടു വരുന്നതാണെന്ന തിരിച്ചറിവിലാണ് പാനല്‍. എന്നാല്‍, ഹര്‍ഭജന്‍ സിംഗിനെ പോലുള്ളവര്‍ കുംബ്ലെയെ നിലനിര്‍ത്തണമെന്ന ആവശ്യവുമായി രംഗത്തുണ്ട്.

Latest