അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

Posted on: June 2, 2017 11:03 am | Last updated: June 2, 2017 at 12:26 pm

തിരുവനന്തപുരം: ചൈന അതിര്‍ത്തിയില്‍ സുഖോയ് 30 വിമാനം തകര്‍ന്നു വീണു മരിച്ച മലയാളി പൈലറ്റ് ലെഫ്റ്റനന്റ് എസ് അച്ചുദേവിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. വ്യോമസേന അധികൃതരും ബന്ധുക്കളും ചേര്‍ന്നു മൃതദേഹം ഏറ്റുവാങ്ങി.

ശ്രീകാര്യത്തെ വീട്ടിലെത്തിച്ച മൃതദേഹത്തില്‍ വ്യോമസേനാ ഉദ്യോഗസ്ഥരും സര്‍ക്കാറിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രനും അന്ത്യോപചാരമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവരും അച്ചുദേവിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തും. നാളെ രാവിലെ കോഴിക്കോട് പന്തീരങ്കാവിലെ വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. ഇവിടെയാണ് മറ്റ് ചടങ്ങുകള്‍ നടക്കുന്നത്.

കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം മേലെ താന്നിക്കാട്ട് വി പി സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. മേയ് 23നാണ് രണ്ട് പൈലറ്റുമാരുമായി വിമാനം അപകടത്തില്‍പെട്ടത്. അതിര്‍ത്തിയിലെ വനപ്രദേശത്തുനിന്നുമാണ് അച്ചുദേവ്, ദിവേശ് പങ്കജ് എന്നിവരുടെ മൃതദേഹങ്ങള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയത്. അരുണാചലിലെ തേജ്പൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 60 കിലോമീറ്റര്‍ അകലെ തകര്‍ന്നുവീഴുകയായിരുന്നു.