മദ്യനയത്തില്‍ അട്ടിമറി

Posted on: June 2, 2017 6:00 am | Last updated: June 2, 2017 at 12:56 am

എല്‍ ഡി എഫ് സര്‍ക്കാറും ഹൈക്കോടതിയും വീണ്ടും സംസ്ഥനത്ത് മദ്യമൊഴുക്കാനുള്ള പുറപ്പാടിലാണോ? മദ്യഷാപ്പുകള്‍ തുടങ്ങാന്‍ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന വ്യവസ്ഥ ഒഴിവാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം. ദേശീയ പദവി നിലവിലില്ലെന്ന കാരണം കണ്ടെത്തി കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള പാതയോരങ്ങളില്‍ പൂട്ടിയ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയിരിക്കയുമാണ്. 2010 ഫെബ്രുവരിയില്‍ നാഷനല്‍ ഹൈവേ അതോറിറ്റി ദേശീയ പാതകളാക്കി പ്രഖ്യാപിച്ച 170 കി. മീറ്റര്‍ ദൈര്‍ഘ്യം വരുന്ന ഈ പാതകള്‍, 2014 മാര്‍ച്ചില്‍ ദേശീയ പാതാ പദവിയില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന നിരീക്ഷണത്തിലാണ് കോടതിയുടെ അനുമതി.
മദ്യത്തിന്റെ ലഭ്യത കുറച്ചു കേരളത്തെ മദ്യരഹിത സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ 2012 നവംബറില്‍ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറാണ് പുതിയ മദ്യഷാപ്പുകള്‍ തുടങ്ങുന്നതും മാറ്റിസ്ഥാപിക്കുന്നതും സംബന്ധിച്ച് അന്തിമ അനുമതി നല്‍കുന്നതില്‍ ഉള്‍പ്പെടെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വിപുലമായ അധികാരം നല്‍കിക്കൊണ്ട് പഞ്ചായത്ത് രാജ് നിയമത്തിലെ 232-ാം വകുപ്പും മുന്‍സിപ്പാലിറ്റി നിയമത്തിലെ 447-ാം വകുപ്പും ഭേഗഗതി ചെയ്തത്. ഇതനുസരിച്ചു മറ്റെല്ലാ ലൈസന്‍സുകളും നേടിയാലും തദ്ദേശ സ്ഥാപനങ്ങള്‍ എതിര്‍ത്താല്‍ മദ്യഷാപ്പുകള്‍ തുടങ്ങാന്‍ സാധിക്കുമായിരുന്നില്ല. പുതുതായി തുടങ്ങുന്ന ബാറുകളുടെ ലൈസന്‍സ് റദ്ദാക്കുന്ന കാര്യത്തിലും തദ്ദേശസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ അധികാരമുണ്ടായിരുന്നു. പൊതുജന താത്പര്യാര്‍ഥം ഏതെങ്കിലും മദ്യഷാപ്പ് 15 ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തണമെന്നോ മാറ്റി സ്ഥാപിക്കണമെന്നോ തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഉത്തരവിടാകുന്നതുമാണ്. ചട്ടങ്ങള്‍ മറികടക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കാന്‍ സെക്രട്ടറിമാര്‍ക്ക് അധികാരവും ഓര്‍ഡിനന്‍സ് നല്‍കി.

സംസ്ഥാനത്തൊട്ടാകെ അബ്കാരി നിമയത്തില്‍ ഏകീകരണം വരുത്താനും നിലവിലുള്ള ലൈസന്‍സികളും പുതിയ അപേക്ഷകരും തമ്മിലുള്ള വിവേചനം അവസാനിപ്പിക്കാനുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഈ അധികാരം എടുത്തുകളയുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍ ബീവറേജ് കോര്‍പറേഷന്റെയും മദ്യമാഫിയയുടെയും കടുത്ത സമ്മര്‍ദമാണ് ഇതിന് പിന്നിലെന്നാണ് അറിയുന്നത്. ദേശീയ, സംസ്ഥാന പാതകളുടെ 500 മീറ്റര്‍ പരിധിയില്‍ മദ്യവില്‍പന നിരോധിച്ച സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നു ഈ ദൂരപരിധിയിലുണ്ടായ ബിയര്‍ പാര്‍ലറുകള്‍ മാറ്റി സ്ഥാപിക്കാന്‍ ഉടമകള്‍ തുനിഞ്ഞപ്പോള്‍, നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്തു പല ഗ്രാമപഞ്ചായത്തുകളും അനുമതി നിഷേധിക്കുകയുണ്ടായി. പഞ്ചായത്തുകളുടെ ഈ നിലപാടിനെ മദ്യമാഫിയയും മന്ത്രി സുധാകരന്‍ ഉള്‍പ്പെടെ എല്‍ ഡി എഫ് നേതാക്കളും രൂക്ഷമായി വിമര്‍ശിക്കുകയും 2012ലെ നിയമ ഭേദഗതി എടുത്തുകളയണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല, ത്രീസ്റ്റാര്‍ മുതല്‍ മുകളിലോട്ടുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് പുനഃസ്ഥാപിക്കുന്ന കാര്യം സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്. മദ്യഷാപ്പുകളുടെ കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള അധികാരം ഇതിനും തടസ്സമാകുമെന്ന് സര്‍ക്കാര്‍ കണക്കു കൂട്ടുന്നുണ്ട്.

രാജ്യത്ത് വാഹനാപകടം അടിക്കടി വര്‍ധിക്കുന്നതിന്റെ മുഖ്യകാരണം മദ്യപിച്ചു വാഹനമോടിക്കുന്നതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യഷാപ്പുകള്‍ക്കും അവയുടെ പരസ്യ ബോര്‍ഡുകള്‍ക്കും അനുമതി നിഷേധിച്ചത്. അല്ലാതെ ദേശീയ പാതകളോട് ആദരം കൊണ്ടായിരുന്നില്ല. റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ സര്‍ക്കാറിനുള്ള ബാധ്യത വിധിയില്‍ കോടതി പ്രത്യേകം എടുത്തു പറയുന്നുണ്ട്. രാജ്യത്തെ റോഡപകടങ്ങളുടെ പട്ടികയില്‍ കേരളം അഞ്ചാമതാണ്. ദേശീയ പദവിയില്ലെന്ന സാങ്കേതിക ന്യായീകരണം ചൂണ്ടിക്കാട്ടി പ്രധാനപ്പെട്ട പാതകളില്‍ വീണ്ടും മദ്യഷാപ്പുകള്‍ക്ക് അനുമതി നല്‍കിയാല്‍ സുപ്രീംകോടതി അടിവരയിട്ടു പറഞ്ഞ റോഡ് സുരക്ഷ വീണ്ടും അവതാളത്തിലാകും. വഴിയോരത്ത് മദ്യഷാപ്പുകളോ, അതിന്റെ സാന്നിധ്യം അറിയിക്കുന്ന പരസ്യ ബോര്‍ഡുകളോ കാണുമ്പോഴാണ് അല്‍പം കുടിക്കണമെന്ന് വാഹനമോടിക്കുന്നവര്‍ക്ക് തോന്നുന്നത്. സുപ്രീംകോടതി ഉത്തരവ് ഇതിന് വലിയൊരളവ് പരിഹാരമായിരുന്നു. റോഡ്‌സുരക്ഷ കണക്കിലെടുത്തു കൊണ്ടുള്ള ഈ ഉത്തരവിനെ മറികടക്കാനുള്ള ശ്രമങ്ങള്‍ ജനവിരുദ്ധമാണ്. ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്ത് വാഹനാപകട പെരുപ്പമുള്‍പ്പെടെ ദുരന്തങ്ങള്‍ വര്‍ധിക്കാനിടയാക്കും. റോഡില്‍ ഒരു ജീവന്‍ പൊലിഞ്ഞു വീഴുമ്പോള്‍, അതൊരു വ്യക്തിയുടെ നഷ്ടം മാത്രമല്ല, പലപ്പോഴും ഒരു കുടുംബത്തിന്റെ തന്നെ തകര്‍ച്ചയായിരിക്കുമെന്ന കാര്യം ബന്ധപ്പെട്ടവര്‍ ഓര്‍ക്കേണ്ടതുണ്ട്. അപകട മരണം സംഭവിച്ചാല്‍ കുടുംബത്തിന് സര്‍ക്കാര്‍ ഒന്നോ രണ്ടോ ലക്ഷം രൂപ നല്‍കിയെന്നിരിക്കും. അതുകൊണ്ട് പരിഹരിക്കാവുന്നതാണോ അവരുടെ നഷ്ടം?