വ്യോമസേന വിമാനത്തിലുണ്ടായിരുന്ന പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

Posted on: May 31, 2017 9:36 pm | Last updated: June 1, 2017 at 11:59 am

ന്യൂഡല്‍ഹി: പരിശീലന പറക്കലിനിടെ ചൈനീസ് അതിര്‍ത്തിയില്‍ തകര്‍ന്നു വീണ വ്യോമസേന വിമാനത്തിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം.

മലയാളിയായ അച്ചുദേവും ചണ്ഡിഗഡ് സ്വദേശി ദിവേശ്‌ പങ്കജുമാണ് വിമാനത്തിലുണ്ടായിരുന്നത്. പൈലറ്റുമാര്‍ രക്ഷപ്പെട്ടിട്ടില്ലെന്ന് വ്യോമസേന ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂര്‍ക്കുളം മേലെ താന്നിക്കാട്ട് വി പി സഹദേവന്റെയും ജയശ്രീയുടെയും മകനാണ് അച്ചുദേവ്. അച്ചുദേവിന്റെ പകുതി കത്തിയ പാന്‍ കാര്‍ഡും ഷൂസും പഴ്‌സും സേനയുടെ തിരച്ചില്‍ സംഘം കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിമാനം അപകടത്തില്‍ പെട്ടത്. അരുണാചലിലെ തേജ്പൂര്‍ വ്യോമസേനാ താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 60 കിലോമീറ്റര്‍ അകലെ തകര്‍ന്നുവീഴുകയായിരുന്നു.