പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി

Posted on: May 31, 2017 1:27 pm | Last updated: May 31, 2017 at 5:20 pm

ജയ്പൂര്‍: പശുവിനെ ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. പശുവിനെ കശാപ്പ് ചെയ്യുന്നവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ നല്‍കണമെന്നും കോടതി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കന്നുകാലി സംരക്ഷണ നിയമപ്രകാരം നിലവില്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കുന്നതിനുള്ള വ്യവസ്ഥ ജീവപര്യന്തമാക്കി ഉയര്‍ത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ജയ്പൂരില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒരു പശുവളര്‍ത്തല്‍ കേന്ദ്രത്തിന് എതിരായ കേസില്‍ വിധി പറയവെയാണ് രാജസ്ഥാന്‍ ഹൈക്കോടതി ഈ പരാമര്‍ശങ്ങള്‍ നടത്തിയത്. കശാപ്പ് ചെയ്യുന്നതിനായി പശുക്കളെ വിൽപ്പന നടത്തുന്നത് തടഞ്ഞുകൊണ്ട് കേന്ദ്ര സർക്കാർ വിജ്ഞാപനം വിവാദമായ സാഹചര്യത്തിലാണ് രാജസ്ഥാൻ ഹെെക്കോടതിയിൽ നിന്ന് ഇത്തരത്തിലൊരു നിർദേശം ഉയരുന്നത്.