Connect with us

Editorial

വിജിലന്‍സിനെ ഇനിയും കൂട്ടിലടക്കരുത്

Published

|

Last Updated

അഴിമതിക്കെതിരായ സര്‍ക്കാര്‍ നിലപാട് കൂടുതല്‍ ശക്തമാക്കുമെന്നാണ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചു തിരുവനന്തപുരത്ത് സംഘടിപ്പിച്ച മാധ്യമപ്രതിനിധികളുടെ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസ്താവിച്ചത്. അന്ന് തന്നെയായിരുന്നു വന്‍കിടക്കാര്‍ക്കെതിരായ അഴിമതികളില്‍ കേസെടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ട് വിജലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌യുടെ വിജ്ഞാപനം ഇറങ്ങുന്നതും. മന്ത്രിമാര്‍, മുന്‍ മന്ത്രിമാര്‍, ഐ എ എസ്, ഐ പി എസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ വിജിലന്‍സ് ജില്ലാ ഘടകങ്ങള്‍ക്ക് കേസെടുക്കാവതല്ലെന്നും അത്തരം പരാതികള്‍ കേസ് രജിസ്റ്റര്‍ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം വിജിലന്‍സ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുമെന്നുമാണ് ഈ വിജ്ഞാപനത്തില്‍ പറയുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് എത്രത്തോളം പൊരുത്തപ്പെടുന്നുണ്ട് ബെഹ്‌റയുടെ ഉത്തരവ്?

അഴിമതിയുമായി ബന്ധപ്പെട്ടു ആര്‍ക്കെതിരെ ഉയരുന്ന പരാതികളിലും പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് തുടര്‍നടപടി ആവശ്യപ്പെടുന്നുണ്ടെങ്കില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിജിലന്‍സിന്റെ യൂനിറ്റ്, റേഞ്ച് ഘടങ്ങള്‍ക്ക് അധികാരമുണ്ടായിരുന്നു ഇതുവരെയും. സംസ്ഥാന വിജിലന്‍സിന് പുതിയ മുഖം നല്‍കിയ മുന്‍ഡയറക്ടര്‍ ജേക്കബ് തോമസാണ് സുപ്രീംകോടതിയുടെ 2013ലെ ലളിത കുമാരി കേസ് വിധി അടിസ്ഥാനത്തില്‍ വിജിലന്‍സില്‍ അധികാര വികേന്ദ്രീകരണം നടപ്പാക്കിയതും ജില്ലാ മേധാവികള്‍ക്ക് കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരം നല്‍കിയതും. ഇത് വിജിലന്‍സിനെ കാര്യക്ഷമവും സജീവവുമാക്കി. ഇതടിസ്ഥാനത്തില്‍ ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത് രാഷ്ട്രീയ, ഉദ്യോഗസ്ഥ മേഖലകളുടെ ശക്തമായ എതിര്‍പ്പിന് ഇടയാക്കുകയും ജേക്കബ് തോമസിന്റെ വികേന്ദ്രീകരണ ഉത്തരവ് മാര്‍ച്ച് 29ന് സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് ബെഹ്‌റയുടെ പുതിയ വിജ്ഞാപനമെന്നാണ് വിജിലന്‍സ് ആസ്ഥാനത്തെ വിശദീരണം.

കോടതികളില്‍ നിന്നുള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളും പരാതികളും കേള്‍ക്കേണ്ടിവന്ന വകുപ്പാണ് വിജിലന്‍സ്. അതാത് കാലത്തെ സര്‍ക്കാറിന്റെ ഇംഗിതത്തിനൊത്താണ് പ്രവര്‍ത്തിക്കുന്നതെന്നും രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണ് വിജിലന്‍സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതെന്നുമായിരുന്നു പ്രധാന പരാതി. ഇതിനൊരു മാറ്റം വരുത്തി അന്വേഷണ സംവിധാനം കാര്യക്ഷമമാക്കാന്‍ വികേന്ദ്രീകരണം ഉള്‍പ്പെടെയുള്ള ജേക്കബ് തോമസിന്റെ നടപടികള്‍ സഹായിച്ചിരുന്നു. അദ്ദേഹം മേധാവിയായതിന് ശേഷം കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുമുണ്ടായി. രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെയാണ് അദ്ദേഹത്തിന്റെ കാലത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നതെന്ന് ഇ പി ജയരാജന്‍, ടി പി ദാസന്‍ എന്നിവര്‍ക്കെതിരായ കേസും പാറ്റൂര്‍ കേസും സാക്ഷ്യപ്പെടുത്തുന്നു. ഇത് വകുപ്പിന് പുതിയൊരു മുഖം നല്‍കാനും ജനവിശ്വാസം ആര്‍ജ്ജിക്കാനും ഇടയാക്കി.

എല്ലാം ഡയറക്ടറില്‍ കേന്ദ്രീകരിക്കുന്ന അവസ്ഥയിലേക്ക് വിജിലന്‍സിനെ തിരിച്ചു കൊണ്ടു പോകുന്നത് അതിനെ ദുര്‍ബലമാക്കുകയും ജനവിശ്വാസം നഷ്ടപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള ജില്ലാ ഘടകങ്ങളുടെ അധികാരം റദ്ദാക്കിയ ഉത്തരവിന് ശേഷം കേസുകളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ കുറവ് ഇതിന് അടിവരയിടുന്നു. നേരത്തെ യുനിറ്റുകളില്‍ മാസത്തില്‍ ശരാശരി 200 പരാതികള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് നാമമാത്ര പരാതികളാണ് ഇപ്പോള്‍ ലഭിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മേധാവിയുടെ അനുമതിക്കായി സമര്‍പ്പിച്ച പരാതികള്‍ വിജിലന്‍സ് ആസ്ഥാനത്ത് ചുവപ്പുനാടക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണത്രേ. കാരണം വ്യക്തമാണ്. സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞ ശേഷമേ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ ഡയറക്ടര്‍ക്ക് തീരുമാനം കൈക്കൊള്ളാനാവുകയുള്ളൂ. അതിനാണല്ലോ വീകേന്ദ്രീകരണം എടുത്തുകളഞ്ഞത്. കേസുകളുടെ രാഷ്ട്രീയ പരിസരം നന്നായി ചികഞ്ഞന്വേഷിക്കണമെന്നതിനാല്‍ സര്‍ക്കാറില്‍ നിന്നുള്ള നിര്‍ദേശത്തിന് കാലതാമസമുണ്ടാകും.

സി ബി ഐയെ പോലെ വിജിലന്‍സിനെ കൂട്ടിലടച്ച തത്തയാക്കില്ലെന്നായിരുന്നു അധികാരമേറ്റെടുത്ത ഉടനെ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചത്. തുടക്കത്തിലെ സര്‍ക്കാര്‍ നിലപാടുകള്‍ ഇതിനെ സാധൂകരിക്കുകയും ചെയ്തു. എന്നാല്‍, വിജിലന്‍സിനെ കൂട്ടിലടക്കുന്ന തരത്തിലേക്കാണോ ഇപ്പോഴത്തെ നീക്കങ്ങള്‍ എന്ന് സംശയിക്കാവുന്നതാണ്. ബാഹ്യ ഇടപെടലുകളില്‍ നിന്നും സമ്മര്‍ദ തന്ത്രങ്ങളില്‍ നിന്നും മുക്തമാക്കി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അന്തരീക്ഷം സംജാതമാക്കിയെങ്കിലേ വിജിലന്‍സ് പോലെയുള്ള സംവിധാനങ്ങളെ കാര്യക്ഷമമാക്കാനും മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരായ നിലപാട് കര്‍ക്കശമായി മുന്നോട്ട് കൊണ്ട് പോകാനും സാധിക്കൂ. സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ നീക്കങ്ങള്‍ക്ക് പൊതുസമൂഹത്തില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും ക്രിയാത്മകമായ പിന്തുണ ലഭിച്ചതായി മുഖ്യമന്ത്രി പറയുകയുണ്ടായല്ലോ. വിജലന്‍സിന്റെ കഴിഞ്ഞ പത്ത് മാസത്തെ കാര്യക്ഷമതയാണ് സര്‍ക്കാറിന്റെ നല്ല പ്രതിച്ഛായയില്‍ പ്രധാനമായ ഒരു ഘടകമെന്ന കാര്യം വിസ്മരിക്കരുത്.

Latest