മനസ്സിനെ ചികിത്സിക്കുന്ന മാസം

Posted on: May 30, 2017 11:43 am | Last updated: May 11, 2019 at 3:54 pm

മനോഭാവമാണ് മനുഷ്യനെ നന്നാക്കുന്നതും ദുഷിപ്പിക്കുന്നതും. നല്ല മനസ്സുണ്ടായാല്‍ നമ്മുടെ വാക്കും പെരുമാറ്റവും പ്രവര്‍ത്തനവും നന്നാകും. മനോഭാവം മോശമായാല്‍ ഇവയെല്ലാം ചീത്തയാകും. നമുക്ക് ഏറെ ഇഷ്ടവും സ്‌നേഹവുമുള്ള ഒരാളെ നാം കാണുമ്പോള്‍ മുഖത്ത് പ്രകാശം വെട്ടിത്തിളങ്ങുന്നു. ചുണ്ടുകളില്‍ പുഞ്ചിരി വിരിയുകയും നാവുകള്‍ നല്ലത് പറഞ്ഞ് വിശേഷങ്ങള്‍ ചോദിക്കുകയും അയാളുടെ കൈ പിടിച്ചും ആലിംഗനം ചെയ്തും മനസ്സിലെ ഇഷ്ടം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

അതേസമയം, നമുക്ക് വെറുപ്പുള്ള ഒരാളെയാണ് മുന്നില്‍ കാണുന്നതെങ്കില്‍, മുഖത്ത് വെറുപ്പിന്റെ കാര്‍മേഖങ്ങളായിരിക്കും ഉരുണ്ടുകൂടുക. പുഞ്ചിരിക്ക് പകരം ചുണ്ടുകള്‍കൊഞ്ഞനം കുത്തുകയും നാവുകള്‍ തെറിയിലേക്ക് വഴുതുകയും കൈകാലുകള്‍ അദ്ദേഹത്തിനെതിരെ ക്രൂദ്ധമാകുകയും ചെയ്‌തേക്കാം. ഇവിടെ രണ്ട് തരത്തിലുള്ള മനോഭാവങ്ങളാണ് നമ്മുടെ പെരുമാറ്റങ്ങളില്‍ നല്ലതും ചീത്തയുമായ രണ്ട് അവസ്ഥകള്‍ സൃഷ്ടിച്ചത്. അപ്പോള്‍ നാം നന്നാവാന്‍, വാക്കും പ്രവൃത്തിയും പെരുമാറ്റവും ഉയര്‍ന്ന നിലവാരമുള്ളതാകാന്‍ മനോഭാവം നന്നാകുകയാണ് വേണ്ടത്.

നബി(സ) അരുളി: മനുഷ്യ ശരീരത്തില്‍ ഒരു മാംസ പിണ്ഡമുണ്ട്. അത് നന്നായാല്‍ മനുഷ്യന്‍ ആകെ നന്നായി. അത് ചീത്തയായാല്‍ മനുഷ്യന്‍ പാടെ ചീത്തയായി. അറിയുക അതാണ് ഹൃദയം. മനുഷ്യ ശരീരം ഒരു വാഹനം പോലെയാണ്. നാമുപയോഗിക്കുന്ന വാഹനം, പൊടി തട്ടിയും കഴുകിയും നിത്യവും വൃത്തിയാക്കുന്നു. ആവശ്യത്തിന് ഇന്ധനമടിക്കുന്നു. ടയറിലെ കാറ്റ് പരിശോധിക്കുകയും മറ്റു ആവശ്യമായ പരിചരണങ്ങള്‍ നടത്തുകയും ചെയ്യുന്നു. ഇതുപോലെ കുളിച്ചും വുളൂഅ് ചെയ്തും നിസ്‌കാരം, ദിക്‌റ്, ദുആകള്‍ നിര്‍വഹിച്ചും ശരീരത്തേയും ദൈനം ദിനം പരിചരിക്കുന്നു. വാഹനം നിശ്ചിത കിലോമീറ്റര്‍ ഓടിച്ചു കഴിഞ്ഞാല്‍, സര്‍വീസ് നടത്തുന്നതുപോലെ പതിനൊന്ന് മാസം പിന്നിടുമ്പോള്‍ ശരീരത്തെയും സര്‍വീസ് നടത്തണം. ഇതാണ് റമസാനിലെ നോമ്പിന്റെ പൊരുള്‍. സര്‍വീസ് നടത്തുമ്പോള്‍ ഉള്ളും പുറവും പരിശോധിക്കുന്നത് പോലെ, റമസാനിലെ സര്‍വീസില്‍ മനസ്സും ശരീരവും കണ്ണും കാതും ആമാശയവുമെല്ലാം ശുചീകരിക്കപ്പെടുന്നു.
റമസാനിലെ സംസ്‌കരണത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും അല്ലാഹു തന്നെ ഒരുക്കിത്തരുന്നുണ്ട്. നബി(സ) പറഞ്ഞു: റമസാന്‍ ആദ്യരാത്രി ആയിക്കഴിഞ്ഞാല്‍, പിശാചുക്കളും ജിന്നുകളിലെ ഗുണ്ടകളും ചങ്ങലക്കിടപ്പെടും. നരകവാതിലുകള്‍ അടച്ചിടും. റമസാന്‍ തീരുന്നത് വരെ അവയിനി തുറക്കില്ല. സ്വര്‍ഗവാതിലുകള്‍ റമസാന്‍ മുഴുക്കെ തുറന്നിടും. ഈ മാസത്തില്‍ അവ അടക്കപ്പെടില്ല. ഒരു മാലാഖ ഇങ്ങനെ വിളിച്ചുപറഞ്ഞുകൊണ്ടിരിക്കും ‘നന്മയാഗ്രഹിക്കുന്ന മനുഷ്യാ മുന്നോട്ട് വരിക, തിന്മയില്‍ അഭിരമിക്കുന്നവരേ അവസാനിപ്പിക്കുക. ഈ മാസത്തിലെ മുഴുവന്‍ രാത്രികളിലും അല്ലാഹു ജനങ്ങളെ നരകത്തില്‍ നിന്ന് വിമോചിപ്പിക്കും.’ (അഹ്മദ്, തുര്‍മുദി)

ഗവണ്‍മെന്റ് ദേശീയ ആഘോഷ വേളകളില്‍ അറിയപ്പെടുന്ന ഗുണ്ടകളെയും കുറ്റവാളികളെയും കസ്റ്റഡിയില്‍ വെക്കാറുണ്ട്. ആഘോഷ പരിപാടികള്‍ അലങ്കോലപ്പെടുത്താനുള്ള സാധ്യത മുന്നില്‍ കണ്ടാണല്ലോ ഇത്. ഇപ്രകാരമാണ് ആത്മീയ പരിശീലനത്തിനായി നാടും നഗരവും വീടും പള്ളികളും ഒരുങ്ങുമ്പോള്‍ ആധ്യാത്മികതയുടെ ശത്രുക്കളായ പിശാചുക്കള്‍ പ്രശ്‌നങ്ങളുണ്ടാക്കും. അവരെ പോലും ലോക്കപ്പിലടച്ചാണ് ഈ സംസ്‌കരണ ക്യാമ്പ് ആരംഭിക്കുന്നത്.

ശീലങ്ങളെ മാറ്റിയെടുക്കാം
ഒരാളുടെ വ്യക്തിത്വമെന്നത് കുറേ ശീലങ്ങളുടെ സമാഹാരമാണ്. നല്ല ശീലങ്ങള്‍ പരിശീലിച്ചാല്‍ ഉന്നത വ്യക്തിത്വമുള്ളവരായി മാറും. പുകവലി, പാന്‍ ഉത്പന്നങ്ങളുടെ ഉപയോഗം, അശ്ലീലം പറയലും കാണലും, മദ്യപാനം, അമിത ആഹാര ശീലം, കളവ് പറയല്‍… തുടങ്ങി ജനഹൃദയങ്ങള്‍ പൊതുവില്‍ വെറുക്കുന്ന എത്രയോ ദുശ്ശീലങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി, ഒഴിവാക്കാനാകാത്ത വിധം നമ്മെ കീഴടക്കിയിട്ടുണ്ട്. മനസ്സിനെ കേന്ദ്രീകരിച്ച് ചികിത്സിച്ചാല്‍ മാറ്റാനാകാത്ത ഒരു ശീലവുമില്ല. ഇതാണ് നോമ്പ് നല്‍കുന്ന പാഠം.
ഒരു മനുഷ്യന് ഏറ്റവും ഇഷ്ടമുള്ളതാണ് അന്നപാനീയങ്ങള്‍. അതുള്‍പ്പെടെ മാറ്റിവെച്ചും കണ്ണും കാതും ചിന്തയും നിയന്ത്രിച്ചും ഒരു മാസം നോമ്പെടുക്കാനാവുന്നത് മനസ്സിന്റെ ശക്തികൊണ്ടാണ്. മനസ്സ് തീരുമാനമെടുത്താല്‍ മേല്‍പറഞ്ഞ ഏത് ദുശ്ശീലവും നമ്മില്‍ നിന്ന് പിഴുതെറിയാന്‍ നോമ്പ് പ്രാപ്തമാക്കും. സിഗരറ്റ് വലിക്കുന്നത് ആരോഗ്യം തകര്‍ക്കുമെന്ന് അറിയാത്തവരല്ല പുകവലിക്കുന്നവര്‍. ഏതോ സാഹചര്യത്തില്‍ അതൊരു ദുശ്ശീലമായി മാറിയതാണ്. നോമ്പ് കാലത്ത് പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ ഏകദേശം പതിനാല് മണിക്കൂര്‍ പുകവലി ഒഴിവാക്കുന്ന ഒരാള്‍ക്ക്, തീരുമാനിക്കുകയാണെങ്കില്‍ ബാക്കിയുള്ള പത്ത് മണിക്കൂര്‍ കൂടി നിര്‍ത്തിവെക്കാം. അങ്ങനെ മുപ്പത് ദിവസം പിന്നിട്ടാല്‍, അയാള്‍ പുകയില ഉത്പന്നങ്ങളുടെ ശത്രുവായി മാറും. പക്ഷേ, പകലില്‍ പുകയില ഉപേക്ഷിച്ചയാള്‍ രാത്രിയാവട്ടെ അതെല്ലാം ഖളാഅ് വീട്ടണം എന്ന് ചിന്തിക്കുന്നതാണ് പ്രശ്‌നം.
നബി(സ) പറഞ്ഞു: മൂന്ന് കാര്യങ്ങള്‍ മനുഷ്യനെ സര്‍വനാശത്തില്‍ എത്തിച്ചു കളയും. വഴിപ്പെട്ടുപോകുന്ന പിശുക്ക്, പിന്തുടരപ്പെടുന്ന ദേഹേച്ഛ, ഒരാള്‍ക്ക് തന്നെക്കുറിച്ചുള്ള അഹംഭാവം എന്നിവയാണവ.(ബൈഹഖി, ഹാകിം). ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതിരിക്കലും കൊടുക്കേണ്ടത് കൊടുക്കാതിരിക്കലും ഇടപെടേണ്ട വിഷയങ്ങള്‍ ഇടപെടാന്‍ മടിക്കുന്നതുമെല്ലാം പിശുക്കിന്റെ വിവിധ രൂപങ്ങളാണ്. ദേഹേച്ഛക്ക് വഴങ്ങുന്നവന് ജീവിത വിജയം സാധ്യമല്ല. നേരും നെറിയും അറിഞ്ഞ് നന്മയുടെ വഴിയില്‍ ശരീരത്തെ നയിക്കണമെങ്കില്‍ ഇച്ഛാശക്തി വേണം. ദുര്‍ബല മനസ്സിന്റെ ഉടമകളാണ് ദേഹേച്ഛക്ക് കീഴ്‌പെട്ടുപോകുന്നത്. അഹംഭാവവും ഒരു മാനസിക ചാപല്യം തന്നെയാണ്. ‘ഞാനാരാ മോന്‍’ എന്നൊരാള്‍ സ്വയം ചിന്തിച്ചുകൊണ്ടേയിരുന്നാല്‍ അയാളുടെ മനസ്സ് അയാളെ സര്‍വനാശത്തില്‍ കൊണ്ടെത്തിച്ചേ അടങ്ങൂ.

ഈ മൂന്ന് മാനസിക ദൗര്‍ബല്യങ്ങളെയും തുടച്ചുനീക്കാന്‍ ശേഷിയുള്ള കര്‍മമാണ് റമസാന്‍ നോമ്പ്. നോമ്പും അനുബന്ധ പരിശീലനങ്ങളും പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് മനസ്സിനെയാണ്. മാറ്റത്തിന്റെ ഇടിമുഴക്കം തുടങ്ങേണ്ടതും മനസ്സില്‍ നിന്ന് തന്നെയാണ്.

റമസാനിലെ മുപ്പത് രാപ്പകലുകളിലായി നടക്കുന്ന പരിശീലനത്തില്‍ പങ്ക്‌ചേരാനുള്ള ഒരുക്കത്തിലായിരുന്നു കഴിഞ്ഞ രണ്ട് മാസക്കാലമായി വിശ്വാസികള്‍. റജബ് മുതല്‍ റമസാന്‍ വന്നു ചേരാന്‍ വേണ്ടി പ്രാര്‍ഥിക്കുകയായിരുന്നു. ഇനി ഒരു നോമ്പു പോലും കളയാതെ കൃത്യമായി നോറ്റുവീട്ടാന്‍ മനസ്സ് കൊണ്ട് തീരുമാനിക്കുകയാണ് വേണ്ടത്. നോമ്പിന്റെ നിയ്യത്തിന്റെ പൊരുളും അതാണ്. ജീവിത ശൈലീ രോഗങ്ങളുമായി കഴിയുന്ന ചിലരെങ്കിലും ഈ വര്‍ഷത്തെ നോമ്പ് എനിക്ക് നോറ്റുവീട്ടാനാകുമോ എന്ന് ആശങ്കപ്പെടുന്നുണ്ടാകും. ഇത് പുഴ കുറുകെ നീന്തിക്കടക്കുന്നത് പോലെയാണ്. അക്കരെയെത്തുമോ എന്ന് സംശയിച്ചു ചാടിയാല്‍ ചിലപ്പോള്‍ വെള്ളം കുടിച്ച് മരിക്കേണ്ടിവരും. എന്നാല്‍, തീര്‍ച്ചയായും എനിക്ക് അക്കരെ പറ്റാന്‍ കഴിയും എന്ന മനസ്സോടെ നീന്തുന്നവര്‍ നിഷ്പ്രയാസം കര പറ്റുക തന്നെ ചെയ്യും. മനക്കരുത്തുണ്ടായാല്‍ ലക്ഷ്യത്തിലെത്തും. ‘നോമ്പ് നരകത്തെ തടയുന്ന ഒരു പരിചയാണ്’, ‘അല്ലാഹുവിന്റെ പ്രീതിക്കായി ഒരു നോമ്പ് ഒരാള്‍ നോറ്റുവീട്ടിയാല്‍ 70 വര്‍ഷത്തെ വഴിദൂരം നരകത്തില്‍ നിന്ന് അല്ലാഹു അവനെ ദൂരെയാക്കും’ തുടങ്ങിയ പ്രവാചക വചനങ്ങള്‍ നമുക്ക് പ്രചോദനമാകണം.

മലക്ക്, പിശാച്, മനുഷ്യന്‍- അല്ലാഹുവിന്റെ സൃഷ്ടികളിലെ പ്രധാനപ്പെട്ട മൂന്ന് വിഭാഗങ്ങളാണ്. ഇതില്‍ മാലാഖമാര്‍ നന്മ മാത്രം ചെയ്യാന്‍ സാധിക്കുന്ന പ്രകൃതക്കാരാണ്. അവരില്‍ നിന്ന് അല്ലാഹുവിന്റെ കല്‍പനക്ക് വിരുദ്ധമായതൊന്നും സംഭവിക്കില്ല. പിശാചുക്കള്‍ക്ക് തിന്മകളോട് മാത്രമാണ് താത്പര്യം. നന്മകളോടുള്ള ശത്രുതയും അല്ലാഹുവിന്റെ നിയമങ്ങളോടുള്ള എതിര്‍പ്പുമാണ് അവരുടെ പ്രകൃതിയിലൂട്ടപ്പെട്ടിരിക്കുന്നത്.
എന്നാല്‍, മനുഷ്യ പ്രകൃതി ഇവ രണ്ടും ഉള്‍ചേര്‍ന്നതാണ്. മലക്കുകളുടെ നന്മയോടുള്ള താത്പര്യവും പിശാചുക്കളുടെ തിന്മയോടുള്ള പ്രണയവും ഒരുപോലെ മേളിച്ചിരിക്കുകയാണ് മനുഷ്യ പ്രകൃതിയില്‍. പൈശാചികതയെ തോല്‍പ്പിച്ച് മാലാഖമാരുടെ വിതാനത്തിലേക്ക് ഉയരുമ്പോഴാണ് മനുഷ്യന്‍ വിജയത്തിലെത്തുന്നത്. ഇതിനുള്ള പരിശീലനമാണ് നോമ്പ്. നോമ്പ് കാലപരിശീലന പരിപാടികളിലെല്ലാം മലക്കുകളുടെ സ്വഭാവങ്ങളുമായി ഒരു ടെച്ച് കാണാം. അന്നപാനീയങ്ങള്‍ ഉപേക്ഷിക്കുന്നതും ഉറങ്ങാതെ ആരാധനാ കര്‍മങ്ങളില്‍ മുഴുകുന്നതും നിരന്തരം ദിക്ര്‍ ദുആകളില്‍ ഏര്‍പെടുന്നതും പള്ളികളില്‍ കഴിയുന്നതും വികാരങ്ങളെ നിയന്ത്രിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമാണ്. ചുരുക്കത്തില്‍, ഹൃദയങ്ങളെ വിമലീകരിച്ച് ശരീരത്തെ മുഴുവന്‍ അഗ്നിശുദ്ധിവരുത്തി, പുതിയ ഒരു മനുഷ്യനായി മാറാന്‍ വഴിയൊരുക്കുന്ന വ്രതമാസത്തെ സന്തോഷത്തോടെ നമുക്ക് വരവേല്‍ക്കാം.

‘വിശ്വാസിയുടെ വിളവെടുപ്പ് കാലം’ എന്ന സന്ദേശം ഉയര്‍ത്തിപ്പിടിച്ചാണ് കേരള മുസ്‌ലിം ജമാഅത്ത് നേതൃത്വത്തില്‍ സുന്നീ പ്രസ്ഥാന കുടുംബം ഈ വര്‍ഷത്തെ റമസാന്‍ ക്യാമ്പയിന്‍ ആചരിക്കുന്നത്. ആരാധനകളും സേവന പ്രവര്‍ത്തനങ്ങളും പ്രബോധനവും സമന്വയിപ്പിച്ചുകൊണ്ടുള്ള കര്‍മപദ്ധതികളാണ് ക്യാമ്പയിന്റെ ഭാഗമായി ആസൂത്രണം ചെയ്തിട്ടുള്ളത്. അറായിരത്തി അറുനൂറ് കേന്ദ്രങ്ങളില്‍ ഇഫ്താര്‍ കിറ്റ് വിതരണവും നോമ്പ് തുറയും നടക്കുമ്പോള്‍, കോഴിക്കോട്, മഞ്ചേരി, മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ പത്തോളം ആശുപത്രികളില്‍ രോഗികള്‍ക്ക് കൂട്ടിരിക്കുന്നവര്‍ക്കായി ഇഫ്താര്‍ ഒരുക്കുന്നുണ്ട്.
സ്ത്രീകള്‍, പ്രൊഫഷനലുകള്‍, വ്യാപാരികള്‍, വിദ്യാര്‍ഥികള്‍, ഡ്രൈവര്‍മാര്‍, മാംസക്കച്ചവടക്കാര്‍ തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ദഅ്‌വാ പാക്കേജുകളും വിവിധ ഘടകങ്ങളുടെ കീഴില്‍ നടപ്പാക്കുകയാണ്. മസ്ജിദുകള്‍ കേന്ദ്രീകരിച്ച് ആരാധനാ കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതിനായി ഖാസി, ഖതീബ്, ഇമാമുമാര്‍ക്കുള്ള പരിശീലനങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. റമസാനിന്റെ പൊരുളറിഞ്ഞ് ആരാധനകള്‍കൊണ്ട് ധന്യരാകാന്‍ അല്ലാഹു ഉദവി നല്‍കട്ടെ.