ബൗളര്‍മാര്‍ നിറഞ്ഞാടി; ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കക്ക് തകര്‍പ്പന്‍ ജയം

Posted on: May 29, 2017 9:31 pm | Last updated: May 29, 2017 at 9:31 pm

ലോഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്ക് ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 31.1 ഓവറില്‍ 153 റണ്‍സിന് എറിഞ്ഞിട്ട ദക്ഷിണാഫ്രിക്ക മറുപടി ബാറ്റിംഗില്‍ 28.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഓപണര്‍മാരായ ഹാഷിം അംല (55), ക്വുന്റന്‍ ഡി കോക്ക് (34), ജെ പി ഡുമിനി (28*) ഡിവില്ലിയേഴ്‌സ് (27*) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. ലോഡ്‌സില്‍ ദക്ഷിണാഫ്രിക്ക നേടുന്ന ആദ്യ ജയം കൂടിയായിരുന്നു ഇത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ബാറ്റിംഗ് നിര ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരുടെ ഉജ്ജ്വല പ്രകടനത്തിന് മുമ്പില്‍ മുട്ടുമടക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയും മൂന്ന് വീതം വിക്കറ്റെടുത്ത വെയ്ന്‍ പാര്‍നലും കേശവ് മഹാരാജും ചേര്‍ന്നാണ് ഇംഗ്ലണ്ടിന്റെ നട്ടെല്ലൊടിച്ചത്.

അഞ്ച് ഓവറില്‍ 20 റണ്‍സെടുക്കുന്നതിനിടെ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് വന്‍ തകര്‍ച്ച നേരിട്ട ആതിഥേയരെ ജോണി ബെയര്‍സ്‌റ്റോ (51), റോളണ്ട് ജോണ്‍സ് (37), ഡേവിഡ് വില്ലി (26) എന്നിവരാണ് മുന്നോട്ട് നയിച്ചത്. ഇംഗ്ലണ്ട് നിരയില്‍ ഇവര്‍ക്ക് മൂന്ന് പേര്‍ക്ക് മാത്രമേ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളൂ. നേരത്തെ, മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.