മര്‍കസിന് നേരെയുള്ള കൈയേറ്റം അപലപനീയം: ഐ എന്‍ എല്‍

Posted on: May 29, 2017 5:39 pm | Last updated: May 29, 2017 at 8:18 pm

കോഴിക്കോട്: കോഴ്‌സിന്റെ അംഗീകാരവുമായ ബന്ധപ്പെട്ട വിദ്യാര്‍ഥി സമരത്തിന്റെ മറവില്‍ കാരന്തൂരിലെ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യയുടെ നേര്‍ക്ക് അക്രമം നടത്താനും അപവാദങ്ങള്‍ അഴിച്ചുവിടാനും ഒരുവിഭാഗം നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതവും അപലപനീയവുമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡന്റ് എസ് എ പുതിയവളപ്പിലും ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുല്‍ വഹാബും പറഞ്ഞു.

കാല്‍ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന മര്‍കസ് സ്ഥാപനങ്ങള്‍ സമൂഹത്തിന്റെ വിശേഷിച്ചും ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് വമ്പിച്ച സംഭാവനകളാണ് അര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തിലേറെ കുട്ടികള്‍ ഇതിനകം മര്‍കസില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കുകയും ജീവിതത്തിന്റെ വിവിധ തുറകളില്‍ എത്തിപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇത്തരമൊരു സ്ഥാപനത്തെ താറടിച്ചു കാണിക്കുന്നതുകൊണ്ട് സമൂഹത്തിനോ സമുദായത്തിനോ ഒരു ഗുണവും കിട്ടാന്‍ പോകുന്നില്ല. വിവാദത്തില്‍ എണ്ണയൊഴിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മര്‍കസിനോട് മുന്‍വിധിയും വൈരാഗ്യവും ഉണ്ടെന്ന കാര്യം പകല്‍പോലെ വ്യക്തമാണ്. സമരരംഗത്തുള്ള വിദ്യാര്‍ഥികളെ പരമാവധി പ്രകോപിതരാക്കുന്ന ഇക്കൂട്ടര്‍ നിര്‍ണായക ഘട്ടങ്ങളില്‍ സമര്‍ഥരായി രക്ഷപ്പെടുമെന്നും അവര്‍ പ്രസ്താവനയില്‍ പറഞ്ഞു.