Kerala
സ്വാമി ഗംഗോശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: യുവതിക്കെതിരെ മാതാവ്

തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിച്ച സ്വാമി ഗംഗോശാനന്ദ തീര്‍ത്ഥപാദരുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ നാടകീയ വഴിത്തിരിവ്. സ്വാമിയുടെ ജനനേന്ദ്രിയം യുവതി മുറിച്ചെടുത്ത സംഭവത്തില്‍ സ്വാമിയെ ആക്രമിച്ച പെണ്‍കുട്ടിക്കെതിരെ മാതാവും സഹോദരനും സംസ്ഥാന പോലീസ് മേധാവിക്കും വനിതാകമ്മീഷനും പരാതി നല്‍കി. ഡിജിപി പരാതി തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രാഹമിന് കൈമാറി.
യുവതിക്ക് ഒരു പ്രണയുമുണ്ടായിരുന്നുവെന്നും ഇതിനെ ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എതിര്‍ത്തതിന് പ്രതികാരമായാണ് പെണ്‍കുട്ടി സ്വാമിയെ ആക്രമിച്ചതെന്നും, സ്വാമി പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിന് ശേഷം ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലേക്കാണ് പെണ്‍കുട്ടി ഓടിക്കയറിയതെന്നും സംഭവത്തിന് ശേഷം പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച തങ്ങളോട് സ്വാമി മകളെ ബലാത്സംഗം ചെയ്തതെന്നും 40 ലക്ഷം രൂപ വാങ്ങിയിട്ടുണ്ടെന്നും മൊഴി നല്‍കണമെന്നും പോലീസുകാര്‍ ആവശ്യപ്പെട്ടെന്നും പരാതിയിലുണ്ട്.
വര്‍ഷങ്ങളായി തുടരുന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അന്‍പത്തിനാലുകാരനായ ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു കേസുമായി ബന്ധപ്പെട്ട ആദ്യ വെളിപ്പെടുത്തല്‍. തുടര്‍ന്ന് കോലഞ്ചേരി സ്വദേശി ശ്രീഹരി എന്ന ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയെ (54) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. എന്നാല്‍, താന്‍ സ്വയം മുറിച്ചതാണെന്നാണ് ഗംഗേശാനന്ദ ആദ്യം ഡോക്ടര്‍മാരെ അറിയിച്ചത്. പീഡനം, പോക്‌സോ ആക്ട് എന്നിവപ്രകാരം കേസെടുത്തതിനെ തുടര്‍ന്നു പേട്ട പൊലീസ് ശ്രീഹരിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ മേഴ്‌സിക്കുട്ടിയമ്മ, ജി.സുധാകരന്‍ തുടങ്ങിയവരും ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദനും പെണ്‍കുട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.