.ഹൃദയത്തെ കുറിച്ചാണ് ചോദ്യം

Posted on: May 28, 2017 1:15 pm | Last updated: May 28, 2017 at 1:52 pm

മനുഷ്യന് പ്രവര്‍ത്തനക്ഷമത നല്‍കുന്നത് ഹൃദയമാണ്. ചിന്തയും ആസൂത്രണവുമെല്ലാം ഹൃദയത്തിന്റെ വ്യാപാരങ്ങളാണ്. ഹൃദയത്തിന്റെ ബാഷ്പം ആവിയായി പോയതാണ് ആധുനിക മനസ്സുകള്‍ മലിനമാകാന്‍ കാരണമായത്. അസ്വസ്ഥ മനസ്സുകള്‍ക്ക് ആത്മതീര്‍ഥവും ദാഹശമനിയുമായി കടന്നുവന്ന വിശുദ്ധ റമസാനെ വിശ്വാസിലോകം നെഞ്ചേറ്റിക്കഴിഞ്ഞു. ‘ജഅലല്ലാഹു ഹാദശ്ശഹ്‌റ മുബാറകന്‍ അലയ്‌നാ വ അലൈക്കും’ അല്ലാഹു ഈ മാസം നമുക്കും നിങ്ങള്‍ക്കും അനുഗ്രഹീതമാക്കട്ടേ എന്ന് പ്രാര്‍ഥിക്കാം.

ഹൃദയത്തെ ആജ്ഞാശേഷിയുള്ള ഭരണാധികാരിയോടാണ് ദാര്‍ശനിക മഹാപണ്ഡിതനായ ഇമാം ഗസ്സാലി (റ) ഉപമിച്ചത്. മനുഷ്യന്‍ തന്റെ ഏതവയവം കൊണ്ട് പ്രവര്‍ത്തിച്ചാലും ഹൃദയത്തിന്റെ ആജ്ഞയും നിര്‍ദേശവും അനുസരിച്ചേ നടക്കുകയുള്ളൂ. ഹൃദയം തീരുമാനിക്കുന്നതെന്തും അനുസരിക്കാന്‍ അവയവങ്ങളായ അംഗങ്ങള്‍ സദാ സജ്ജമാണ്. ഹൃദയത്തിന്റെ വിശുദ്ധിയും വിമലീകരണവുമാണ് വിശുദ്ധ റമസാന്‍ പ്രധാനമായും ലക്ഷ്യമാക്കുന്നത്.

മനുഷ്യഹൃദയം സ്വതന്ത്രവും സ്വസ്ഥവും സംശുദ്ധവുമായിരിക്കണം. ദുര്‍വികാര വിചാരങ്ങള്‍ ഹൃദയത്തെ ഭരിക്കുമ്പോള്‍ മനുഷ്യന്റെ മേന്‍മയും ഉന്നത സ്ഥാനവും നഷ്ടപ്പെടും. തിരുനബി (സ) പറയുന്നു: ഹൃദയങ്ങള്‍ നാല് തരമുണ്ട്. ഒന്ന്, വിളക്ക് പോലെ പ്രകാശം ചൊരിയുന്ന നിഷ്‌കളങ്ക ഹൃദയം. രണ്ട്, ഉറയില്‍ കെട്ടിവെച്ച ഹൃദയം. മൂന്ന്, തലകീഴായി കിടക്കുന്ന ഹൃദയം. നാല്, കനം കുറഞ്ഞ ഹൃദയം. നിഷ്‌കളങ്ക ഹൃദയം സത്യവിശ്വാസിയുടേതാണ്. ആ ദീപം പ്രകാശമാനമാണ്. ഉറയില്‍ കെട്ടിവെച്ചത് സത്യനിഷേധിയുടെ ഹൃദയമത്രേ. സത്യം ഗ്രഹിച്ച ശേഷം അതിനെ നിരാകരിച്ച കപടവിശ്വാസിയുടേതാണ് തലകീഴായ ഹൃദയം. സത്യവിശ്വാസവും കാപട്യവുമുള്ള ഹൃദയമാണ് കനം കുറഞ്ഞത്. അത്തരം ഹൃദയങ്ങളിലെ വിശ്വാസത്തിന്റെ ഉപമ ശുദ്ധജലത്തില്‍ പരിപോഷിപ്പിക്കപ്പെടുന്ന സസ്യം പോലെയാണ്. കാപട്യത്തിന്റെ ഉപമ ചലവും രക്തവും ഒലിക്കുന്ന വ്രണവും. രണ്ടില്‍ ഏത് അതിജയിക്കുന്നുവോ അതിന്റെ ഗുണം അതില്‍ മികച്ചുനില്‍ക്കും. (ഇമാം അഹ്മദ് നിവേദനം 7/3)

അല്ലാഹുവിന്റെ ദര്‍ശന സ്ഥലവും നന്‍മ തിന്‍മകളുടെ ആവാസ കേന്ദ്രവുമായ ഹൃദയത്തെ സമുദ്ധരിക്കുകയും സമ്പൂര്‍ണമായി സംസ്‌കരിക്കുകയും ചെയ്യുന്ന അതിമഹത്തായ ആരാധനയാണ് നോമ്പ്.