ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ; ഇന്ത്യക്ക് ഇന്ന് ഒരുക്കം

Posted on: May 28, 2017 12:48 pm | Last updated: May 28, 2017 at 12:48 pm

ലണ്ടന്‍: ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കുന്നു. ന്യൂസിലാന്‍ഡാണ് എതിരാളി. ഐ പി എല്‍ തിരക്കുകള്‍ക്ക് ശേഷം ഇന്ത്യന്‍ നിരയിലെ കളിക്കാരെല്ലാം തന്നെ അമ്പതോവര്‍ ക്രിക്കറ്റിലേക്കുള്ള മാറ്റം എത്ര മാത്രം ഉള്‍ക്കൊള്ളുന്നുവെന്ന് രണ്ട് സന്നാഹ മത്സരങ്ങളില്‍ നിന്ന് വ്യക്തമാകും. കാരണം, ജനുവരിയിലാണ് നീലക്കുപ്പായക്കാര്‍ അവസാനമായി ഏകദിന മത്സരം കളിച്ചത്. നാലര മാസത്തെ ഇടവേള ചെറിയ കാലഘട്ടമല്ല. ആറാഴ്ച നീണ്ടു നിന്ന ഐ പി എല്‍ ക്രിക്കറ്റില്‍ തിളങ്ങിയവരില്‍ നിന്ന് ഏകദിനഫോര്‍മാറ്റില്‍ സമാന പ്രകടനം പ്രതീക്ഷിക്കാനാകില്ല. അതുപോലെ നേരെ തിരിച്ചും സംഭവിക്കാമെന്നത് പ്രതീക്ഷയാണ്. ഐ പി എല്ലില്‍ നിറം മങ്ങിപ്പോയ വിരാട് കോഹ്ലി അമ്പതോവര്‍ ഫോര്‍മാറ്റില്‍ ഫോം വീണ്ടെടുക്കേണ്ടത് ടീം ഇന്ത്യക്ക് അനിവാര്യമാണ്. മൈക്കല്‍ഹസിയെ പോലുള്ള മുന്‍ താരങ്ങള്‍ വിരാടിന്റെ തിരിച്ചുവരവ് പ്രവചിച്ചിട്ടുണ്ട്.

ന്യൂസിലാന്‍ഡിനെ നേരിടുന്ന ടീമില്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനും ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയും തിരിച്ചെത്തുന്നത് ഇന്ത്യന്‍ ക്യാമ്പിന് ഉണര്‍വേകും. പരിക്ക് കാരണം ഐ പി എല്‍ നഷ്ടമായത് ചാമ്പ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനത്തോടെ നികത്താനാകും ഇരുവരും ശ്രമിക്കുക.

പതിമൂന്ന് ടെസ്റ്റുകള്‍ തുടരെ കളിച്ചതിന്റെ ക്ഷീണം അകറ്റാന്‍ രണ്ട് മാസം വിശ്രമിച്ച അശ്വിന് സന്നാഹ മത്സരങ്ങളിലെ മികവിനെ ആശ്രയിച്ചാകും ചാമ്പ്യന്‍സ് ട്രോഫി
പ്ലെയിംഗ് ഇലവനിലെ സ്ഥാനം. കാരണം, രണ്ട് സ്പിന്നര്‍മാര്‍ക്ക് ടീമില്‍ സ്ഥാനമുണ്ടാകില്ല. രവീന്ദ്ര ജഡേജ ഐ പി എല്ലിലെ മികവുമായി രംഗത്തുണ്ട്.
ന്യൂസിലാന്‍ഡിനെതിരെയാകുമ്പോള്‍ കാന്‍ വില്യംസന്‍, മാര്‍ട്ടിന്‍ ഗുപ്ടില്‍, ടോം ലാഥം എന്നി മികച്ച ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരെ പന്തെറിയാനുള്ള അവസരം അശ്വിന് ലഭിക്കും. ഇന്ന് കളി നടക്കുന്ന ഓവലിലെ പിച്ചില്‍ മുന്നൂറിന് മുകളില്‍ റണ്‍സൊഴുകുമെന്നാണ് ക്യുറേറ്റര്‍മാര്‍ സൂചന നല്‍കുന്നത്.
2015 ല്‍ അവസാനമായി അമ്പതോവര്‍ കളിച്ച മുഹമ്മദ് ഷമിയുടെ തിരിച്ചുവരവ് ഏറെ ശ്രദ്ധേയമാകും. സിഡ്‌നിയില്‍ ലോകകപ്പ് സെമിഫൈനലാണ് ഷമിയുടെ അവസാന ഏകദിനം.

ബൗളിംഗ് ലൈനപ്പില്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുമ്‌റ എന്നിവരുടെ സാന്നിധ്യം കൂടിയാകുമ്പോള്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിക്കും. ആള്‍റൗണ്ടറായി ഹര്‍ദിക് പാണ്ഡ്യ ടീമിലുണ്ടാകും. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഓപണറായി ഇറങ്ങാതിരുന്ന രോഹിത് ശര്‍മ ഇന്ത്യക്കായി ഇന്നിംഗ്‌സ് ഓപണ്‍ ചെയ്യും. ടി20യില്‍ നിന്ന് ഏകദിന ഓപണറിലേക്കുള്ള മാറ്റത്തിന് രോഹിത് മാനസികമായി തയ്യാറെടുപ്പ് നടത്തിക്കഴിഞ്ഞു. മുംബൈക്ക് മൂന്നാം ഐ പി എല്‍ നേടിക്കൊടുത്ത നേതൃഗുണവുമായിട്ടാണ് രോഹിത് വരുന്നത്. മുംബൈക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫിയില്‍ കളിച്ചതും രോഹിതിന്റെ ഫോം ഉയര്‍ത്തി. 2013 ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച ബാറ്റ്‌സ്മാനായിരുന്ന ശിഖര്‍ ധവാന്‍ ഇത്തവണ ടീമില്‍ ഇടം പിടിച്ചത് ലോകേഷ് രാഹുല്‍ പരിക്കേറ്റ് പുറത്തായതിന്റെ പശ്ചാത്തലത്തിലാണ്.
മധ്യനിരയില്‍ വിരാടും ധോണിയും യുവരാജ് സിംഗും കേദാര്‍ യാദവും. ആത്മവിശ്വാസമുള്ള ഒരു നിര തന്നെ മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് ലൈനപ്പിലുണ്ട്. ജൂണ്‍ നാലിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.