മര്‍കസ് ഡിപ്ലോമ കോഴ്സുകള്‍ സര്‍ക്കാര്‍ അംഗീകൃതം: വിദഗ്ധ സമിതി

Posted on: May 27, 2017 9:45 pm | Last updated: May 28, 2017 at 12:04 pm

മര്‍കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി പ്രൊഫഷണല്‍ ഏജന്‍സികളായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സിവില്‍ എന്‍ജിനിയേഴ്‌സ് ഇന്ത്യ, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓട്ടോ മൊബൈല്‍ എന്‍ജിനിയേഴ്‌സ് ഇന്ത്യ എന്നിവ മുഖാന്തരം നടത്തിയ ഡിപ്ലോമ കോഴ്‌സുകള്‍ കേന്ദ്ര സര്‍ക്കാറിന്റെ അംഗീകാരമുള്ളവയാണെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്. എം ഐ ഇ ടിയില്‍ പഠനം നടത്തിയ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നടത്തിവരുന്ന സമരത്തിന്റെ പാശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ നിയോഗിച്ച സമിതിയുടേതാണ് കണ്ടെത്തല്‍.

കേരള സര്‍ക്കാറിന്റെ GO (MS.NO  415/PD (17071965) ഉത്തരവ് പ്രകാരം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ഇത്തരം എല്ലാ സാങ്കേതിക, തൊഴില്‍ യോഗ്യതകള്‍ക്കും പി എസ് സിയുടെ അംഗീകാരം ബാധകമാണെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ C4/130/17(6) 7022017 ഉത്തരവ് പ്രകാരം 2013 മെയ് 31ന് മുമ്പ് ഇത്തരം കോഴ്‌സുകള്‍ക്ക് പ്രവേശനം നേടിയ എല്ലാ വിദ്യാര്‍ഥികള്‍ക്കും സ്റ്റേറ്റ് ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡിന്റെ തുല്യതാ യോഗ്യത നല്‍കുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി, കേരള ഹൈക്കോടതികളുടെ ഉത്തരവുകളിലൂടെ 2013 മെയ് 31ന് ശേഷമുള്ള പ്രവേശനങ്ങളും ക്രമവത്കരിച്ചിട്ടുണ്ട്. 2013ന് മുമ്പും ശേഷവും നടന്ന പ്രസ്തുത കോഴ്‌സുകള്‍ക്ക് ഒരേ പാഠ്യപദ്ധതിയാണ് പിന്തുടര്‍ന്നതെന്നും സമിതി കണ്ടെത്തി. മാത്രവുമല്ല, 1965ലെ സര്‍ക്കാര്‍ ഉത്തരവ് നിലവിലുള്ളതിനാല്‍ എം ഐ ഇ ടിയില്‍ നടത്തിയ വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ പി എസ് സിയുടെ അംഗീകാരത്തിന് അര്‍ഹമാണെന്നും സമിതി നിരീക്ഷിച്ചു.

ഈ പാശ്ചാത്തലത്തില്‍ കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ അംഗീകാരത്തോടെ എം ഐ ഇ ടിയില്‍ നടന്ന സിവില്‍, ആര്‍കിടെക്ച്ചര്‍, ഓട്ടോ മൊബൈല്‍ ഡിപ്ലോമ കോഴ്‌സുകളില്‍ 2013 മെയ് 31ന് ശേഷം പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് കൂടെ സംസ്ഥാന സര്‍ക്കാറിന്റെ തുല്യതാ യോഗ്യത ബാധകമാക്കേണ്ടതാണെന്ന് സമിതി ശിപാര്‍ശ ചെയ്തു.

എം ഐ ഇ ടിക്കു പുറമെ കേരളത്തിലെ വടക്കന്‍ ജില്ലകളിലെ മറ്റു സ്ഥാപനങ്ങളിലും ഇക്കാലയളവില്‍ ഇതേ കോഴ്‌സുകള്‍ നടന്നതായും സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടര്‍ എന്‍ ശാന്തകുമാര്‍, എന്‍ ഐ ടി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. എം നസീര്‍, എന്‍ ഐ ടി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബി സജിത്ത് എന്നിവര്‍ അംഗങ്ങളായ വിദഗ്ധ സമിതി കണ്ടെത്തി.