പോലീസ് ആസ്ഥാനത്തെ രഹസ്യവിവരങ്ങളും കൈമാറണം: സെന്‍കുമാര്‍

Posted on: May 27, 2017 9:17 pm | Last updated: May 28, 2017 at 11:39 am

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതിരഹസ്യസ്വഭാവമുള്ള ‘ടി ബ്രാഞ്ചിലെ’വിവരങ്ങളും വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന് സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിെന്റ നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് 2009 ല്‍ പുറെപ്പടുവിച്ച ഉത്തരവ് കര്‍ശനമായി പാലിക്കണമെന്ന് സെന്‍കുമാര്‍ സര്‍ക്കുലറിലൂടെ നിര്‍ദേശിച്ചു. പൊലീസ് ആസ്ഥാനത്ത് വിവരാവകാശ നിയമം കര്‍ശനമായി പാലിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെടുന്ന പൊലീസുമായി ബന്ധപ്പെട്ട പല ചോദ്യങ്ങളും അതിരഹസ്യ സ്വഭാവമുള്ളതാണെന്ന് പറഞ്ഞ് മറുപടി നല്‍കാറില്ലായിരുന്നു. ഇതു ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. പൊലീസ് ആസ്ഥാനത്തെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഫയലുകള്‍ സൂക്ഷിക്കുന്ന വിഭാഗമാണ് ടി ബ്രാഞ്ച്. ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതികള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പെടെ ഈ വിഭാഗത്തിലാണുള്ളത്. ‘ടി ബ്രാഞ്ച് ‘ വിവരാവകാശ നിയമപരിധിയില്‍ വരുമെന്ന് വ്യക്തമാക്കി 2009 ല്‍ അന്നത്തെ മേധാവി ജേക്കബ് പുന്നൂസ് പുറത്തിറക്കിയ സര്‍ക്കുലറിലെ നിര്‍ദേശം കര്‍ശനമായി പിന്തുടരണമെന്നാണ് സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാതിരുന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനോട് നടപടിക്ക് ശിപാര്‍ശ ചെയ്യാമെന്നും 2009 ലെ ഉത്തരവിലുണ്ട്. അതും സെന്‍കുമാര്‍ ഓര്‍മിപ്പിക്കുന്നു. എന്നാല്‍, ടി ബ്രാഞ്ചിലെ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നതില്‍ സര്‍ക്കാറിനും ഒരുവിഭാഗം ഉദ്യോഗസ്ഥര്‍ക്കും വിയോജിപ്പാണ്.

സര്‍ക്കാറുമായി ഇടഞ്ഞുനില്‍ക്കുന്ന സെന്‍കുമാര്‍, ഡി.ജി.പിയായി ചുമതലയേറ്റയുടന്‍ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് കുമാരി ബീനയെ സ്ഥലംമാറ്റിയത് വിവാദമായിരുന്നു. സെന്‍കുമാര്‍ സര്‍ക്കാറുമായി നിയമയുദ്ധം നടത്തിയ കാലത്ത് പുറ്റിങ്ങല്‍, ജിഷ കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം ഒരാള്‍ ചോദിച്ചെങ്കിലും മറുപടി നല്‍കിയിരുന്നില്ല. അതിെന്റ പേരിലാണ് ബീനയെ മാറ്റിയതെന്നാണ് പൊലീസ് ആസ്ഥാനം ജീവനക്കാരുടെ ആരോപണം. എന്നാല്‍, ഈ സ്ഥലംമാറ്റ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ടി ബ്രാഞ്ചിനെയും വിവരാവകാശ പരിധിയില്‍ കൊണ്ടുവരാന്‍ സെന്‍കുമാര്‍ തീരുമാനിച്ചത്.