മണ്‍സൂണ്‍ മുന്നൊരുക്കം; ദുരന്തനിവാരണ അതോറിറ്റി മാര്‍ഗ നിര്‍ദേശങ്ങളായി

Posted on: May 26, 2017 11:43 pm | Last updated: May 27, 2017 at 11:22 am

തിരുവനന്തപുരം: മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളും വിവിധ വകുപ്പുകളും അടിയന്തിരമായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും പ്രതിരോധങ്ങളും സംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

എല്ലാ ജില്ലകളും ഹരിത കേരളം, തൊഴിലുറപ്പ് പദ്ധതികള്‍ ഉപയോഗിച്ച് ജല സംരക്ഷണത്തിന് കുളങ്ങളും തോടുകളും, മറ്റ് ജലാശയങ്ങള്‍, കിണറുകള്‍ എന്നിവയെല്ലാം ശുദ്ധമാക്കാനും പരമാവധി ജലം സംരക്ഷണം ഉറപ്പാക്കാനും നടപടികള്‍ സ്വീകരിക്കണം. കാലവര്‍ഷ ആരംഭത്തില്‍ ലഭിക്കുന്ന മഴ പരമാവധി സംഭരിച്ച് വിനിയോഗം കാര്യക്ഷമമാക്കാന്‍ ഉതകുന്ന നടപടികള്‍ ജലസേചന വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി എന്നിവര്‍ സ്വീകരിക്കണം. ജല സംരക്ഷണ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ ജലസേചന വകുപ്പ്് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

വഴിയരികുകളിലും കടത്തിണ്ണകളിലും ബസ് സ്റ്റാന്‍ഡുകളിലും അന്തിയുറങ്ങുന്ന ആളുകള്‍ക്ക് മഴക്കാലം ദുരന്ത പൂര്‍ണമാണ്. ഇത് ഒഴിവാക്കാനും ഇവര്‍ക്ക് മഴക്കാലത്ത് രാത്രി കാലങ്ങളില്‍ ഉറങ്ങാനും അത്താഴം കഴിക്കാനുമുള്ള സംവിധാനം സാമൂഹ്യക്ഷേമ വകുപ്പ് ഒരുക്കണം. എല്ലാ ജില്ലകളിലും ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങള്‍ റവന്യൂ, പോലീസ്, അഗ്നിശമന സേനാ വകുപ്പുകളുടെ പ്രതിനിധികളെ ഷിഫ്റ്റില്‍ ഉള്‍പ്പെടുത്തി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. എല്ലാ ജില്ലാ അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രങ്ങളും ഒരു സ്ഥിരം മൊബൈല്‍ഫോണ്‍ നമ്പര്‍, കേന്ദ്രങ്ങളില്‍ സ്ഥാപിക്കണം. ഈ നമ്പര്‍ ഏതെങ്കിലും ഒരു വ്യക്തിയുടേതോ ഉദ്യോഗസ്ഥന്റേതോ ആയിരിക്കരുത്. ഈ നമ്പര്‍ വാട്‌സ് ആപ്പിലും ഉണ്ടാകണം.

വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും കൈവശമുള്ള ഭൂമിയിലെ അപകടകരമായ മരച്ചില്ലകളും മരങ്ങളും കണ്ടെത്തി മുറിച്ചുമാറ്റണം. സ്വാകാര്യ ഭൂമിയിലുള്ള മരങ്ങളും മരച്ചില്ലകളും കണ്ടെത്തി മുറിച്ചുമാറ്റാന്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശം നല്‍കണം. നിര്‍ദേശം അനുസരിക്കാത്തവര്‍ അവരവരുടെ ഭൂമിയിലെ മരം വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങള്‍ക്കും നഷ്ട പരിഹാരം നല്‍കാന്‍ ബാധ്യത.
എല്ലാ താലൂക്കുകളിലും അഗ്നിശമന സേനയുടേയോ പോലീസിന്റെയോ ഒരു അസ്‌കാ ലൈറ്റ് എങ്കിലും ഉണ്ടെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുവരുത്തണം. വെള്ളുപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളായ കുട്ടനാട്ടിലും കോള്‍ നിലങ്ങളിലും പൊക്കാളി മേഖലയിലും അടിയന്തിര ഘട്ടങ്ങളില്‍ മൃഗസംരക്ഷണ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ ആവശ്യമായ തയ്യാറെടുപ്പ് മൃഗസംരക്ഷണവകുപ്പ് സ്വീകരിക്കണം. തീരശോഷണ ആഘാതം ലഘൂകരിക്കാന്‍ ആവശ്യമായ രീതിയില്‍ ജലസേചന വകുപ്പ് കടല്‍ ഭിത്തികള്‍ക്കുള്ള കേടുപാടുകള്‍ അടിയന്തിരമായി പരിശോധിച്ച് പരിഹരിക്കണം. അടിയന്തിര ഘട്ടങ്ങളില്‍ തീരത്തെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ആവശ്യമായ രീതിയില്‍ കടല്‍ ഭിത്തികള്‍ക്ക് ബലംകുറഞ്ഞ സ്ഥലങ്ങളില്‍ മണല്‍ ചാക്കുകള്‍ നിറച്ച് കരുതാന്‍ വേണ്ടുന്ന നടപടികള്‍ ജലസേചന വകുപ്പ് കൈക്കൊള്ളണം. തീരശോഷണം സംബന്ധിച്ച മുന്നറിയിപ്പുകള്‍ മത്സ്യ തൊഴിലാളികള്‍ക്കും തീരദേശ നിവാസികള്‍ക്കും സമയബന്ധിതമായി നല്‍കാന്‍ തീരദേശ പോലീസും ഫിഷറീസ് വകുപ്പും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം.
താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ മുഖാന്തിരം 100 കിലോ അരി, 50 കിലോ പയര്‍, പത്ത് കിലോ എണ്ണ, 75 കിലോ മണ്ണെണ്ണ എന്നിവ അടിയന്തിര ഘട്ടങ്ങളില്‍ ഉപയോഗിക്കുവാന്‍ സംഭരിച്ച് സൂക്ഷിക്കണം. പുഴക്കടവുകളിലും ബീച്ചുകളിലും അപകടകരമായ കയം ഉള്ള പ്രദേശങ്ങളിലും അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ജില്ലാ വിനോദ സഞ്ചാര സമിതിക്ക് നിര്‍ദേശം നല്‍കണം.

രണ്ട് ദിവസം അടുപ്പിച്ച് മഴ പെയ്താല്‍ ആ വില്ലേജുകളിലുള്ള പാറമടകളില്‍ പാറ പൊട്ടിക്കുന്നത് മഴ പെയ്യാതെ 24 മണിക്കൂര്‍ സമയം ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് അധികാരം നല്‍കാം. ജില്ലയിലെ എല്ലാ ആശുപത്രി കെട്ടിടങ്ങളുടെയും ഉറപ്പ് തദ്ദേശ സ്വയംഭരണ എന്‍ജിനയറിംഗ് വിഭാഗം, പൊതുമരാമത്ത് വകുപ്പ്, ജില്ലാ നിര്‍മിതി കേന്ദ്രം, ജലസേചന വകുപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സിവില്‍ എന്‍ജീനീയറെക്കൊണ്ട് പരിശോധന നടത്തണം. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ പ്രാധാന്യം, മഴക്കാല പകര്‍ച്ചവ്യാധി പ്രതിരോധം തുടങ്ങിയ വിഷയങ്ങളില്‍ ജൂണ്‍ 15ന് മുമ്പായി എല്ലാ സ്‌കുളുകളിലും അസംബ്ലി ചേരണം തുടങ്ങി ഒട്ടേറെ നിര്‍ദേശങ്ങളാണ് ദുരന്ത നിവാരണ വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.