സമരത്തിന്റെ മറവില്‍ ആക്രമണം: ലീഗ് കനത്ത വില നല്‍കേണ്ടി വരുമെന്ന്‌ മര്‍കസ് സെക്രട്ടേറിയറ്റ്

Posted on: May 26, 2017 11:20 pm | Last updated: May 27, 2017 at 11:22 am

കാരന്തൂര്‍: വിദ്യാര്‍ഥി സമരത്തിന്റെ മറവില്‍ മതസ്ഥാപനങ്ങള്‍ ആക്രമിക്കുന്ന മുസ്‌ലിം ലീഗ് ഗുണ്ടായിസത്തിനെതിരെ ജനാധിപത്യ കക്ഷികള്‍ പ്രതിഷേധിക്കണമെന്ന് മര്‍കസ് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

എം ഐ ഇ ടിയിലെ ചില ഡിപ്ലോമ കോഴ്‌സുകളുടെ പേരില്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ച പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നതും സമിതി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നതുമാണ്. പ്രസ്തുത റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കു വേണ്ടി സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് കലക്ടര്‍ അറിയിച്ചിരുന്നതുമാണ്. വിദഗ്ധ സമിതിയെ നിയമിച്ച നടപടിയെ മര്‍കസ് സ്വാഗതം ചെയ്യുകയും സമിതിയുടെ ശിപാര്‍ശക്കനുസൃതമായി നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാണെന്ന് മര്‍കസ് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഒരു വിഭാഗം വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന്റെ മറവില്‍ തങ്ങളുടെ രാഷ്ട്രീയ അജന്‍ഡകള്‍ ഒളിച്ചു കടത്താനുള്ള സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ ശ്രമം രൗദ്രഭാവം കൈക്കൊണ്ടതാണ് ഇന്നലെ മര്‍കസിനു മുന്നില്‍ കണ്ടത്.
അശ്ലീലകരവും ആഭാസകരവും പ്രകോപനപരവുമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ ലീഗ് ഗുണ്ടകള്‍ മര്‍കസ് കെട്ടിടങ്ങള്‍ക്കും മര്‍കസ് മസ്ജിദ് ഹാമിലിക്കും നേരെ കല്ലും കുപ്പിച്ചില്ലുകളും വലിച്ചെറിഞ്ഞു.
ലീഗ് രാഷ്ട്രീയത്തിന്റെ സ്വാര്‍ഥ താത്പര്യങ്ങള്‍ക്ക് വഴിപ്പെടാത്ത സമുദായ സംഘടനകളെ അക്രമിച്ചു കീഴടക്കാനുള്ള ശ്രമം വിലപ്പോകില്ലെന്നും ലോക പ്രസിദ്ധമായ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ നടന്ന അക്രമണങ്ങള്‍ക്ക് മുസ്‌ലിം ലീഗ് കനത്ത വില നല്‍കേണ്ടി വരുമെന്നും മര്‍കസ് സെക്രട്ടേറിയറ്റ് വ്യക്തമാക്കി. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ ഫത്താഹ് അധ്യക്ഷത വഹിച്ചു.