Connect with us

International

മുസ്ലിം പൗരന്മാര്‍ക്ക് യാത്രാനിരോധനം: ട്രംപിന് കോടതിയില്‍ വീണ്ടും തിരിച്ചടി

Published

|

Last Updated

ന്യൂയോര്‍ക്ക്: ആറ് മുസ്ലിം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നിഷേധിച്ചുകൊണ്ട് ട്രംപ് ഭരണകൂടം പുറത്തിറക്കിയ ഉത്തരവ് അമേരിക്കയിലെ അപ്പീല്‍സ് കോടതി തള്ളി. യാത്ര വിലക്ക് വിവേചനപരവും, ഭരണഘടന വിരുദ്ധവുമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇറാന്‍, ലിബിയ, സോമാലിയ, സുഡാന്‍, സിറിയ, യമന്‍ എന്നീ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതിനി വിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് കഴിഞ്ഞ മാര്‍ച്ചിലാണ് ട്രംപ് പുറപ്പെടുവിച്ചത്. എന്നാല്‍ ഉടന്‍ തന്നെ യാത്രാ വിലക്ക് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് ഡിസ്ട്രിക്ട് കോടതികള്‍ പുറപ്പെടുവിച്ചു. അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയനാണ് യാത്രാ വിലക്കിനെതിരെ കോടതിയെ സമീപിച്ചത്. കീഴ്‌കോടതികളുടെ വിധിക്കെതിരെ അമേരിക്കന്‍ ഭരണകൂടം അപ്പീല്‍ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇന്ന് വിധി ഉണ്ടായത്. വിര്‍ജീനയിലെ നാലാം സര്‍ക്യൂട്ട് അപ്പീല്‍ കോടതി മൂന്നിനെതിരെ 10 എന്ന ഭൂരിപക്ഷത്തിലാണ്, യാത്രാ വിലക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചത്.
പ്രസിഡന്റിന്റെ അധികാരങ്ങള്‍ക്ക് പരിധിയുണ്ടെന്നും യാത്രാ വിലക്ക് ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു. മുംസ്ലിംകള്‍ക്കെതിരെ ട്രംപ് തെരഞ്ഞെടുപ്പ് വേളയില്‍ നടത്തിയ പരാമര്‍ശങ്ങളും കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷയുടെ പേരില്‍ ഒരു സമുദായത്തിനെതിരെ മാത്രം വിലക്കേര്‍പ്പെടുത്തുന്നത് വിവേചനമാണെന്നും കോടതി പരാമര്‍ശിച്ചു. ഈ ആറ് രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കുള്ള യാത്ര തുടരാമെന്നും കോടതി പറഞ്ഞു.

Latest