ജയിലില്‍ തടവുകാരന്റെ ആത്മഹത്യ: കുടുംബത്തിന് അഞ്ച് ലക്ഷം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Posted on: May 26, 2017 10:00 am | Last updated: May 26, 2017 at 10:22 am

തൃശൂര്‍: ജീവപര്യന്തം തടവുകാരനായ തിരുവനന്തപുരം സ്വദേശിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ പകല്‍ സമയത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടരിഹാരം നല്‍കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. തിരുവല്ലം പൂങ്കുളം ആനക്കുഴി ചരുവിള പുത്തന്‍വീട്ടില്‍ അശോകനെയാണ്(42) 2016 ഒക്‌ടോബര്‍ 31ന് പകല്‍സമയത്ത് സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തടവുകാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ അന്ന് മുതലുള്ള പലിശയും അഞ്ച് ലക്ഷം രൂപക്കൊപ്പം അനന്തരാവകാശികള്‍ക്ക് മൂന്ന് മാസത്തിനകം നല്‍കണമെന്നാണ്് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഉത്തരവിട്ടത്.

അശോകന്‍ ആത്മഹത്യ ചെയ്തതാണെന്ന ജയില്‍ സൂപ്രണ്ടിന്റെ റിപ്പോര്‍ട്ടിനെ കുറിച്ച് കമ്മീഷന്‍ സംശയം പ്രകടിപ്പിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസികളുടെ പേരില്‍ കമ്മീഷന് ലഭിച്ച രണ്ട് പരാതികളില്‍ അശോകന്റെ മരണം കൊലപാതകമാണെന്ന് പറയുന്നുണ്ട്. ജയിലില്‍ പകല്‍ സമയത്ത് നടന്ന മരണത്തെ കുറിച്ച് കുറ്റമറ്റ നിലയില്‍ അനേ്വഷണം നടത്താന്‍ സംസ്ഥാന ജയില്‍ മേധാവിയെ കമ്മീഷന്‍ ചുമതലപ്പെടുത്തി. അശോകന്റെ ഇടത് ചെവിയിലും കവിളിലുമായി ഉണങ്ങിയ നിലയില്‍ രണ്ട് മാരക മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ മാരകമായി മുറിവേറ്റ അശോകനെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ 2016 സെപ്തംബര്‍ എട്ട് മുതല്‍ 19 വരെ ചികിത്സിച്ചതായും രേഖയുണ്ട്. മരണത്തിന് ഒരു മാസം മുമ്പ് ജയിലില്‍ നടന്ന സംഘട്ടനത്തിലാണ് അശോകന് മാരകമായി മുറിവേറ്റത്. അശോകനെ മാരകമായി മുറിവേല്‍പ്പിച്ചവരുടെ ഉദ്ദേശ്യം ജയില്‍ സൂപ്രണ്ട് കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വിലയിരുത്തിയിട്ടില്ല. അശോകനെ മുറിവേല്‍പ്പിക്കാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ജയിലിനുളളില്‍ എങ്ങനെ ലഭ്യമായെന്ന് ആനേ്വഷിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
ചികിത്സക്ക് ശേഷം അശോകനെ പരോളില്‍ അയച്ചു. തിരിച്ചെത്തിയപ്പോള്‍ ഏകാന്ത സെല്ലില്‍ പാര്‍പ്പിച്ചു. ഏകാന്ത സെല്ലില്‍ പ്രവേശിച്ചതും പെട്ടെന്നുള്ള മരണവും സ്വാഭാവിക നീതിക്ക് അനുസൃതമായി പുനരനേ്വഷിക്കണമെന്ന് കമ്മീഷന്‍ അംഗം പറഞ്ഞു. ജയിലിനുള്ളില്‍ നടന്ന അകാല മരണം തടയാന്‍ സര്‍ക്കാര്‍ സംവിധാനം വിജയിച്ചിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷനും സുന്ദരവും തമ്മിലുള്ള കേസില്‍ മദ്രാസ് ഹൈക്കോടതിയും ബനലതദാസും ഒറീസാ സംസ്ഥാനവും തമ്മിലുള്ള കേസില്‍ ഒറീസ ഹൈക്കോടതിയും ജയിലില്‍ ആത്മഹത്യ ചെയ്തതായി ആരോപിക്കപ്പെട്ട തടവുകാരന്റെ അനന്തരാവകാശികള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച മുന്‍കാല ഉത്തരവുകള്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ കമ്മീഷന്‍ ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അശോകന്റെ ഭാര്യയെയും മാതാപിതാക്കളെയും കുറിച്ചുള്ള വിവരങ്ങള്‍ തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷനെ ഒരു മാസത്തിനകം അറിയിക്കണം. പരേതന്റെ മൃതദേഹം സംസ്‌കരിക്കാന്‍ പണമില്ലാത്തതിനാല്‍ എറണാകുളത്തുള്ള ഏക മകന്റെ സമ്മതത്തോടെ ജയില്‍ അധികൃതരാണ് സംസ്‌കരിച്ചത്. എന്നാല്‍ മകന്റെ വിലാസം ജയില്‍ സൂപ്രണ്ട് കമ്മീഷനെ അറിയിച്ചിട്ടില്ല.
മകന് പ്രായപൂര്‍ത്തിയായില്ലെങ്കില്‍ നഷ്ടപരിഹാരത്തില്‍ നിന്നുള്ള രണ്ട് ലക്ഷം രൂപ മകന്റെ പേരില്‍ സ്ഥിരനിക്ഷേപമാക്കണമെന്ന് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഓരോ ലക്ഷം തുല്യമായി വീതിക്കണം. മകന്റെയും ഭാര്യയുടെയും വിലാസം കമ്മീഷനെ അറിയിച്ചിട്ടില്ലാത്തതിനാല്‍ ഉത്തരവിന്റെ പകര്‍പ്പ് വിയ്യൂര്‍ ജയില്‍ സൂപ്രണ്ട് ഭാര്യക്കും മകനും എത്തിച്ചുനല്‍കിയ ശേഷം ഒരു മാസത്തിനകം കമ്മീഷന് വിശദീകരണം നല്‍കണം. കേസ് ജൂലൈ 21 ന് വീണ്ടും പരിഗണിക്കും.