കൊച്ചിയിലെ ഒബ്‌റോണ്‍ മാള്‍ കോര്‍പ്പറേഷന്‍ അടച്ചു പൂട്ടി

Posted on: May 25, 2017 9:45 pm | Last updated: May 25, 2017 at 9:39 pm

കൊച്ചി: കോര്‍പ്പറേഷന്‍ നല്‍കിയ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ച് പ്രവര്‍ത്തിച്ച കൊച്ചിയില്‍ പ്രശസ്തമായ ഒബ്‌റോണ്‍ മാള്‍ അധികൃതര്‍ പൂട്ടിച്ചു. മതിയായ സുരക്ഷാ സംവിധാനങ്ങളൊരുക്കാത്തതിനെ തുടര്‍ന്നാണ് മാള്‍ അടച്ചു പൂട്ടിയത്. അഗ്നിബാധയെ തുടര്‍ന്ന് മാളില്‍ നടത്തിയ പരിശോധനയില്‍ ഇവിടെ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

ഇതേതുടര്‍ന്ന് അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ മാളിലൊരുക്കാനും അതുവരെ മാള്‍ അടച്ചിടണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കോര്‍പ്പറേഷന്‍ മാള്‍ അധികൃതര്‍ക്ക് സ്‌റ്റോപ്പ് മെമ്മോ നല്‍കി. എന്നാല്‍ സ്‌റ്റോപ്പ് മെമ്മോ അവഗണിച്ചും മാള്‍ അധികൃതര്‍ പ്രവര്‍ത്തനം തുടര്‍ന്നു. ഈ ഘട്ടത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പ്രശ്‌നത്തില്‍ ഇടപെട്ട ഹൈക്കോടതി ഇതേക്കുറിച്ച് കോര്‍പ്പറേഷനില്‍ നിന്ന് വിശദീകരണം തേടി.

ഇതോടെ കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി മാള്‍ അടപ്പിക്കുകയായിരുന്നു. മാള്‍ അടപ്പിച്ചതടക്കം ഇതുവരെ സ്വീകരിച്ച മുഴുവന്‍ നടപടികളും കോര്‍പ്പറേഷന്‍ സെക്രട്ടറി തന്നെ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി വിശദീകരിക്കുകയും ചെയ്തു. മാളില്‍ സുരക്ഷാ പ്രശ്‌നങ്ങളുണ്ടെങ്കില്‍ അതുടന്‍ പരിഹരിക്കണമെന്ന് ഹൈക്കോടതി മാള്‍ അധികൃതരോട് ആവശ്യപ്പെട്ടു.