ഒന്നും ശരിയാകാത്ത ഒരു വര്‍ഷം

ഒരൊറ്റ വര്‍ഷം കൊണ്ട് ജനങ്ങളുടെ വെറുപ്പ് ഇത്രയേറെ സമ്പാദിച്ച മറ്റൊരു സര്‍ക്കാര്‍ ചരിത്രത്തിലില്ല. ആതിരപ്പള്ളി പദ്ധതി മുതല്‍ മൂന്നാര്‍ ഒഴിപ്പിക്കലില്‍ വരെ സി പി എമ്മും സി പി ഐയും പൊരിഞ്ഞ യുദ്ധത്തിലാണ്.പെണ്‍മക്കളുള്ള മാതാപിതാക്കളുടെ മനസ്സില്‍ തീയായി. സ്ത്രീ പീഡനവാര്‍ത്തകള്‍ക്കായി പത്രങ്ങള്‍ക്ക് പ്രത്യേക പേജ് പോലും തുടങ്ങേണ്ടി വന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒരു പെണ്‍കുട്ടിക്ക് കള്ള സന്യാസിക്കെതിരെ കത്തി പ്രയോഗിക്കേണ്ടി വന്നത്.
പ്രതിപക്ഷ നേതാവ്
Posted on: May 25, 2017 6:37 am | Last updated: May 25, 2017 at 2:25 pm

‘എല്‍ ഡി എഫ് വരും, എല്ലാം ശരിയാവും’ എന്ന ഇമ്പമുള്ള മുദ്രാവാക്യം മുഴക്കി അധികാരത്തിലെത്തിയ ഇടതുസര്‍ക്കാര്‍ ജീവിതത്തിന്റെ നാനാതുറകളെയും ശരിപ്പെടുത്തുകയാണ് ചെയ്തത്. ഒരൊറ്റ വര്‍ഷം കൊണ്ട് ജനങ്ങളുടെ വെറുപ്പ് ഇത്രയേറെ സമ്പാദിച്ച മറ്റൊരു സര്‍ക്കാര്‍ ചരിത്രത്തിലില്ല. സാധാരണ ഒരു സര്‍ക്കാറിനെതിരെ ജനവികാരം ഉണരുന്നത് അവസാന വര്‍ഷങ്ങളിലാണ്. പക്ഷേ പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ട് തന്നെ അത് നേടി. ഒരൊറ്റ നേട്ടം പോലും എടുത്തുകാട്ടാന്‍ സര്‍ക്കാറിനില്ല. പുതിയ ഒരു പദ്ധതിക്കും തുടക്കം കുറിക്കാനായിട്ടില്ല. ധാര്‍ഷ്ട്യവും അധികാര പ്രമത്തതയും അഹങ്കാരവും മുഖമുദ്രയാക്കിയ സര്‍ക്കാര്‍ അതിവേഗമാണ് ജനങ്ങളില്‍ നിന്ന് അകന്നത്.

അഴിമതിയും അനാശാസ്യവുമില്ലാത്ത ഒരു രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടമായി മുഖ്യമന്ത്രി ഉയര്‍ത്തിക്കാട്ടുന്നത്. മുഖ്യമന്ത്രിക്ക് എങ്ങനെ ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നു? പൊതുമേഖലാ സ്ഥാപനങ്ങളിലെ ഉയര്‍ന്ന ഉദ്യോഗം ബന്ധുക്കള്‍ക്ക് പതിച്ചു നല്‍കിയതിനല്ലേ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് രാജി വെക്കേണ്ടി വന്നത്? എ കെ ശശീന്ദ്രന്‍ രാജിവെച്ചത് ധീരോദാത്തമായ എന്തെങ്കിലും ആദര്‍ശത്തിന്റെ പേരിലാണോ? ഇതാണോ ഇടതുമുന്നണി സൃഷ്ടിച്ച ജീര്‍ണവിമുക്ത അന്തരീക്ഷം? ആര്‍ ബാലകൃഷ്ണ പിള്ളയോടും കെ എം മാണിയോടും എന്തൊരു സ്‌നേഹമാണ് ഇപ്പോള്‍ ഇടതു മുന്നണിക്ക്? 20 വര്‍ഷക്കാലം കേസ് പറഞ്ഞാണ് സി പി എം ബാലകൃഷ്ണ പിള്ളയെ ഇടമലയാര്‍ അഴിമതിക്കേസില്‍ ജയിലിലടച്ചത്. ആ പിള്ളയെ തന്നെ ക്യാബിനറ്റ് പദവി നല്‍കി ആദരിക്കുകയും ചെയ്തു. ഇതാണ് അഴിമതി നിര്‍മാര്‍ജനം.
ജിഷ്ണു കേസ് അട്ടിമറിക്കാനും തെളിവുകള്‍ തേച്ച് മായ്ച്ചു കളയാനുമാണ് പോലീസ് തുടക്കം മുതല്‍ ശ്രമിച്ചത്. ഡി ജി പി ഓഫീസിലെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് നടുറോഡിലൂടെ വലിച്ചിഴച്ച അവിശ്വസനീയമായ കാഴ്്ച കണ്ട് കേരളം ഞെട്ടിത്തരിച്ചു. അന്നുണ്ടാക്കിയ പത്തിന ഒത്തുതീര്‍പ്പുകരാര്‍ നടപ്പാക്കാതെ ആ സാധുകുടുംബത്തെ പിന്നീടും വഞ്ചിക്കുകയാണ് ചെയ്തത്. ഒരു കമ്മ്യൂണിസ്റ്റ് കുടുംബത്തോട് ഇങ്ങനെയൊക്കെ ചെയ്‌തെങ്കില്‍ സാധാരണക്കാരോട് എന്തായിരിക്കും സര്‍ക്കാറിന്റെ സമീപനം?

കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലം മറന്നിട്ടില്ലല്ലോ? പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടിയുടെ അതിദാരുണമായ അന്ത്യം തിരഞ്ഞെടുപ്പില്‍ യാതൊരു തത്വദീക്ഷയുമില്ലാതെ കച്ചവടച്ചരക്കാക്കി മാറ്റുകയാണ് ഇടതുപക്ഷം ചെയ്തത്. എന്നിട്ട് ആ മുന്നണി അധികാരത്തില്‍ വന്നപ്പോഴോ? പ്രളയം പോലെയാണ് സ്ത്രീപീഡനം കേരളത്തിലെമ്പാടും അലയടിച്ചുകയറിയത്. മൂന്ന് വയസ്സുള്ള പിഞ്ചുകുഞ്ഞു മുതല്‍ വയോവൃദ്ധകള്‍ വരെ പിച്ചിച്ചീന്തപ്പെട്ടു. കേസുകള്‍ അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും പൊലീസ് നിരന്തരം ശ്രമിച്ചത് സംസ്ഥാനത്തെങ്ങും അരക്ഷിതമായ അന്തരീക്ഷമാണ് സൃഷ്ടിച്ചത്. പെണ്‍മക്കളുള്ള മാതാപിതാക്കളുടെ മനസ്സില്‍ തീയായി. പ്രമുഖ നടി പോലും പീഡിപ്പിക്കപ്പെട്ടു. സ്ത്രീ പീഡനവാര്‍ത്തകള്‍ക്കായി പത്രങ്ങള്‍ക്ക് പ്രത്യേക പേജ് പോലും തുടങ്ങേണ്ടി വന്നു. ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഒരു പെണ്‍കുട്ടിക്ക് കള്ള സന്യാസിക്കെതിരെ കത്തി പ്രയോഗിക്കേണ്ടി വന്നത്. സ്ത്രീകളുടെ മാനത്തിന് സംരക്ഷണം നല്‍കാതെ പോലീസും ഭരണകൂടവും അക്രമികള്‍ക്കൊപ്പം ചേരുമ്പോള്‍ സ്വയരക്ഷക്കായി സ്ത്രീക്ക് നിയമം കൈയിലെടുക്കേണ്ട ദുരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്.

ഭരണരംഗത്ത് തികഞ്ഞ പരാജയമാണ് ഈ സര്‍ക്കാര്‍. ചരിത്രത്തിലാദ്യമായി റേഷന്‍ വിതരണം മുടക്കിയ സര്‍ക്കാറിന് കേന്ദ്രത്തില്‍ നിന്ന് കണക്ക് പറഞ്ഞ് അരിവിഹിതം ചോദിച്ചു വാങ്ങാനുള്ള കെല്‍പ്പില്ല. അരിവില കുതിച്ചു കയറി 58 രൂപ എത്തും വരെ കാഴ്ചക്കാരെപ്പോലെ നോക്കി നില്‍ക്കുകയായിരുന്നു സര്‍ക്കാര്‍. എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ച്ച, ഉന്നത ഉദ്യോഗസ്ഥന്മാരുടെ തമ്മിലടി, പോലീസ് അതിക്രമങ്ങള്‍, കസ്റ്റഡി മരണങ്ങള്‍, പദ്ധതി നിര്‍വഹണത്തിലെ പാളിച്ചകള്‍, തൂക്കുകയറില്‍ നിന്ന് ഗോവിന്ദച്ചാമിയെ രക്ഷിച്ചത്, സ്വാശ്രയ കൊള്ള എന്നിങ്ങനെ അവ നീണ്ടു പോകുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന ജേക്കബ്ബ് തോമസിനെ കയറൂരി വിട്ട് ഭരണ രംഗത്ത് അരാജകത്വം സൃഷ്ടിച്ച സര്‍ക്കാറിന് ഒടുവില്‍ അദ്ദേഹത്തിനെ കെട്ടുകെട്ടിക്കേണ്ടി വന്നു. സെന്‍കുമാറിനെ തിരികെ നിയമിക്കാന്‍ സുപ്രീം കോടതി നല്‍കിയ ഉത്തരവ് മന്ത്രിസഭയുടെ ധാര്‍ഷ്ട്യത്തിന് ലഭിച്ച മുഖമടച്ച അടിയാണ്. സ്‌പോര്‍ട്‌സ്് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജ്യത്തിന്റെ തന്നെ അഭിമാനമായ ഒളിമ്പ്യന്‍ അന്ജു ബോബി ജോര്‍ജിനെ ഇറക്കിവിടാനും സര്‍ക്കാറിന് മടിയുണ്ടായില്ല.

ഉന്നത ഉദ്യഗസ്ഥര്‍ ഇതുപോലെ കൂട്ടയടി നടത്തിയ മറ്റൊരു ഘട്ടം കേരള ചരിത്രത്തിലില്ല. ചരിത്രത്തിലാദ്യമായി ഐ എ എസ് ഓഫീസര്‍മാര്‍ കൂട്ടത്തോടെ അവധിയെടുത്ത് സമരത്തിനൊരുങ്ങി. ഉദ്യോഗസ്ഥരുടെ തമ്മിലടി നിയന്ത്രിക്കാന്‍ ഭരണത്തലവനായ മുഖ്യമന്ത്രിക്ക് കഴിയുന്നില്ല. ഇതിനിടയില്‍പ്പെട്ട് ഭരണം നിശ്ചലമായി. കൃഷിവകുപ്പില്‍ ഐ എ എസ്് മേധാവികളുടെ പോരാണ് ഏറ്റവും ഒടുവിലത്തെ എപ്പിസോഡ്. മന്ത്രിസഭക്ക് കൂട്ടുത്തരവാദിത്വമില്ല എന്നതു പോലെ ഭരണ മുന്നണിക്ക് കെട്ടുറപ്പുമില്ല. ആതിരപ്പള്ളി പദ്ധതി മുതല്‍ മൂന്നാര്‍ ഒഴിപ്പിക്കലില്‍ വരെ സി പി എമ്മും സി പി ഐയും പൊരിഞ്ഞ യുദ്ധത്തിലാണ്. നേതാക്കള്‍ പരസ്പരം പുലഭ്യം പറയുകയും ചെളിവാരിയെറിയുകയും ചെയ്യുന്നു. മൂന്നാറില്‍ ഭൂമികൊള്ളക്ക് നേതൃത്വം നല്‍കുന്നത് ഭരണത്തിന് നേതൃത്വം നല്‍കുന്ന സി പി എം തെന്ന. ഇതിനിടെ കൊട്ടും കുരവയുമായി ആരംഭിച്ച മൂന്നാര്‍ ഒഴിപ്പിക്കല്‍ കോള്‍ഡ് സ്‌റ്റോറേജിലുമായി.
യു ഡി എഫ് സര്‍ക്കാര്‍ അവസാനിപ്പിച്ച രാഷ്ട്രീയ കൊലപാതകങ്ങളെ മടക്കിക്കൊണ്ടു വന്നത് പിണറായി സര്‍ക്കാറിന്റെ മാപ്പര്‍ഹിക്കാത്ത പാതകമാണ്. പതിനെട്ട് രാഷ്ട്രീയ കൊലപാതകങ്ങളാണ് ഒരു വര്‍ഷത്തിനിടയില്‍ മാത്രമുണ്ടായത്. കേരളം പനിക്കിടക്കയില്‍ കിടക്കുമ്പോഴാണ് സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നത്. ഭീതിജനകമാം വിധം പനി പടര്‍ന്ന് പിടിക്കുകയും നിരവധി പേര്‍ മരണടയുകയും ചെയ്തതില്‍ ഒന്നാം പ്രതി സര്‍ക്കാറാണ്.

എല്ലാ രംഗത്തും പരാജയപ്പെട്ട സര്‍ക്കാര്‍ നുണകളുടെ കൂമ്പാരത്തിന്മേലാണ് ജീവിക്കുന്നത്. എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആധാരമാക്കിയിട്ടുള്ള കിഫ്ബി തന്നെ ഒരു വലിയ നുണയാണ്. കൈയില്‍ 3227 കോടി രൂപ മാത്രം വെച്ച് കൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ ആരെയാണ് പറ്റിക്കുന്നത്? കെടുകാര്യസ്ഥതയും തമ്മിലടിയും ആര്‍ജവമില്ലായ്മയും കാരണം ഈ സര്‍ക്കാര്‍ ഒരു വര്‍ഷം കൊണ്ടു തന്നെ ജനങ്ങള്‍ക്ക് ബാധ്യതയായി മാറിയിരിക്കുന്നു.