Connect with us

Sports

ഇംഗ്ലണ്ടിലെ സുരക്ഷയില്‍ ആശങ്ക അറിയിച്ച് ബി സി സി ഐ

Published

|

Last Updated

മുംബൈ : മാഞ്ചസ്റ്റര്‍ അരീനയിലുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സുരക്ഷ വലിയ ചര്‍ച്ചയായി മാറുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബി സി സി ഐ) ഇംഗ്ലണ്ടിലെ സുരക്ഷയില്‍ ആശങ്ക അറിയിച്ചു കഴിഞ്ഞു.

ബി സി സി ഐ താത്കാലിക സെക്രട്ടറി അമിതാഭ് ചൗദരി സുരക്ഷാ ആശങ്ക സംബന്ധിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലി(ഐ സി സി) ന് കത്തയച്ചു. രാവിലെ എഴുന്നേറ്റ ആദ്യം അറിയുന്ന വാര്‍ത്ത മാഞ്ചസ്റ്ററിലെ ഞെട്ടിക്കുന്ന സ്‌ഫോടനമാണ്. ഉടനെ തന്നെ ഐ സി സിക്ക് ആശങ്ക അറിയിച്ച് സന്ദേശം അയച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ യാത്ര, താമസം, പരിശീലന സ്ഥലം ഇവയെല്ലാം എത്രമാത്രം സുരക്ഷിതമാണ് എന്നറിയില്ലല്ലോ- അമിതാഭ് ചൗദരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അവിടെ നടന്നിരിക്കുന്നത് തീവ്രവാദി ആക്രമണം തന്നെ. ഭൂമുഖത്തുള്ളവരെയെല്ലാം ഒരു പോലെ വേട്ടയാടുന്നതാണത്. സുരക്ഷ ഉറപ്പു വരുത്തുക എന്നതാണ് ചെയ്യാനുള്ളത്. ടീമിന്റെ ഷെഡ്യൂളില്‍ ഇത് വരെ മാറ്റം വരുത്തിയിട്ടില്ലെന്നും അമിതാഭ് അറിയിച്ചു.

ജൂണ്‍ ഒന്നിനാണ് ഐ സി സി ചാമ്പ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. നാലിന് പാക്കിസ്ഥാനെതിരെയാണ് ആദ്യ മത്സരം. ഇംഗ്ലണ്ടിലേക്ക് ഇന്ത്യന്‍ ടം ഇന്ന് യാത്ര തിരിക്കാനിരിക്കുകയാണ്.
ഐ സി സിയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും സുരക്ഷാ സംവിധാനങ്ങള്‍ വിലയിരുത്താന്‍ പ്രത്യേകം യോഗം ചേര്‍ന്നു. ഐ സി സി ചാമ്പ്യന്‍സ് ട്രോഫിക്കും ഐ സി സി വനിതാ ലോകകപ്പിനും രാജ്യത്തെ ഏറ്റവും മികച്ച സുരക്ഷ തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡും ഐ സി സിയും അറിയിച്ചു.
എന്നാല്‍, ചൊവ്വാഴ്ച രാത്രിയോടെ തന്നെ ബി സി സി ഐ പ്രതിനിധിയായി സുരക്ഷാ വിഭാഗം മേധാവി മുന്‍ ഡല്‍ഹി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ ബ്രിട്ടനിലേക്ക് യാത്ര തിരിച്ചു.

അതിനിടെ, ബി സി സി ഐ പ്രതിനിധികള്‍ കോച്ച് അനില്‍ കുംബ്ലെയുമായി ഹൈദരാബാദില്‍ കൂടിക്കാഴ്ച നടത്തി. താരങ്ങള്‍ക്കുള്ള കരാര്‍ തുകയില്‍ വര്‍ധനവ് വരുത്തുന്നത് സംബന്ധിച്ചായിരുന്നു ചര്‍ച്ച.
ആസ്‌ത്രേലിയയിലും ഇംഗ്ലണ്ടിലും ദേശീയ ടീം അംഗങ്ങള്‍ക്ക് ലഭിക്കുന്ന വേതനവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യന്‍താരങ്ങളുടേതാണ് കുറവാണ്. ഇത് പരിഹരിക്കപ്പെടണമെന്നത് ടീം ക്യാമ്പിനുള്ളില്‍ പുകയുന്നു.

Latest