Connect with us

Kerala

കെ എസ് ആര്‍ ടി സിക്ക് 125 കോടി രൂപയുടെ നഷ്ടം

Published

|

Last Updated

തിരുവനന്തപുരം: മാനേജ്‌മെന്റിന്റെ അനാസ്ഥ കാരണം കെ എസ് ആര്‍ ടി സിക്ക് നഷ്ടമായത് 125 കോടിയിലേറെ രൂപ. നഷ്ടത്തിലോടുന്ന കോര്‍പറേഷനില്‍ അധികൃതരുടെ പല തരത്തിലുള്ള അനാസ്ഥ വെളിവാക്കുന്ന 2017ലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ധനമന്ത്രി തോമസ് ഐസക് നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

പിന്‍വലിച്ച പഴയ ബസുകള്‍ക്ക് പകരം യഥാസമയം പുതിയ ബസുകള്‍ ഇറക്കാന്‍ കഴിയാതിരുന്നത് കാരണം ഉണ്ടായ 103.59 കോടിയുടെ വരുമാന നഷ്ടം ഉള്‍പ്പെടെയാണ് ഈ 125 കോടി. 2011മുതല്‍ 2016 വരെയുള്ള കാലയളവില്‍ 1951 പഴയ ബസുകള്‍ കെ എസ് ആര്‍ ടി സി പിന്‍വലിച്ചിരുന്നു. ഇതിന്റെ സ്ഥാനത്ത് 1845 ബസുകള്‍ മാത്രമാണ് പുറത്തിറക്കിയത്. ബാക്കി പുറത്തിറക്കാനുള്ള 106 ബസുകള്‍ നിരത്തിലിറക്കിയില്ല. ഷാസികള്‍ വാങ്ങുന്നതിലും ബോഡി നിര്‍മാണത്തിലും ബസ് ഡിപ്പോകളിലേക്ക് നിര്‍മാണം പൂര്‍ത്തിയായ ബസുകള്‍ അയക്കുന്നതിലുമുള്ള കാലതാമസം കാരണമാണ് ഈ അവസ്ഥയുണ്ടായത്. ഇത് ഷെഡ്യൂളുകളെ ബാധിക്കുകയും ചെയ്തു. ജീവനക്കാരുടെ കുറവ് കാരണം 15 ബസുകള്‍ ഓടിക്കാന്‍ കഴിഞ്ഞത് ഒരു മാസം വരെ വൈകിയായിരുന്നു. ഇതും കോര്‍പറേഷന് വരുമാന നഷ്ടമുണ്ടാക്കിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ഇന്‍ഷ്വറന്‍സും രജിസ്‌ട്രേഷനും ഫിറ്റ്‌നസും ലഭ്യമായാലേ ബോഡി നിര്‍മാണം പൂര്‍ത്തിയായ ബസുകള്‍ ഡിപ്പോകളിലേക്ക് അയക്കാന്‍ കഴിയു. ഇവ ലഭ്യമാക്കാന്‍ കഴിയാത്തതിനാല്‍ ഇതേ കാലയളവില്‍ നിര്‍മിച്ച 1845 ബസുകളില്‍ 1133 ബസുകളില്‍ ഡിപ്പോകളിലേക്ക് അയച്ചത് രണ്ട് മാസം വൈകിയായിരുന്നു. ഈ കാലതാമസം കാരണം 9943 ബസ് ദിനങ്ങളാണ് നഷ്ടപ്പെട്ടത്. ഇതിലൂടെ ഉണ്ടായതാകട്ടെ 10.12 കോടിയുടെ നഷ്ടവും. സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ബസുകള്‍ക്ക് സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പു മുഖേനയാണ് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തേണ്ടത്. എന്നാല്‍ കോര്‍പറേഷന്‍ സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി ന്യൂ ഇന്ത്യാ ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നാണ് ഇന്‍ഷ്വറന്‍സെടുത്തതെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. ബസ് ബോഡി നിര്‍മാണം വൈകിയത് കാരണം 11.47 കോടിയുടെ നഷ്ടവും ഉണ്ടായി. നിര്‍മാണ വസ്തുക്കളുടെ ദൗര്‍ലഭ്യമായിരുന്നു കാരണമെന്നാണ് വാദം.

പുതിയ ബസുകള്‍ വാങ്ങാനായി ഹഡ്‌കോയില്‍ നിന്നും ലഭിച്ച വായ്പയില്‍ 291 ബസുകള്‍ വാങ്ങാതെ ആ പണം മറ്റു ചെലവുകള്‍ക്കായി കോര്‍പറേഷന്‍ വകമാറ്റി. സ്വകാര്യ ബസുകള്‍ ഓടിയിരുന്ന 214 സൂപ്പര്‍ക്ലാസ് റൂട്ടുകള്‍ കോര്‍പറേഷന്‍ ഏറ്റെടുത്തെങ്കിലും ബസുകള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ പല സര്‍വീസും നടത്താനായില്ല. ഏറ്റെടുത്ത 15 റൂട്ടുകളില്‍ കെ എസ് ആര്‍ ടി സിക്ക് വരുമാന നഷ്ടമുണ്ടായതിന് കാരണം സ്വകാര്യബസുകള്‍ വീണ്ടും സര്‍വീസ് നടത്തിയതാണെന്നും ഇത് തടയാന്‍ കോര്‍പറേഷനോ ഗതാഗതവകുപ്പോ പൊലീസോ നടപടിയെടുത്തില്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

Latest