Connect with us

Articles

കുല്‍ഭൂഷണ്‍ വിധി ആഘോഷിക്കാന്‍ വരട്ടെ

Published

|

Last Updated

ചാരവൃത്തി കുറ്റമാരോപിച്ച് പാക് സൈന്യം പിടികൂടി പട്ടാളക്കോടതി വധ ശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ വ്യോമസേനാ ഓഫീസര്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യക്ക് ലഭിച്ച മേല്‍കൈ ആഘോഷിക്കുന്നതിന് മുമ്പ് കേസിലെ അന്തിമവിധി വരുന്നത് വരെ ഈ മേല്‍ക്കൈ നിലനിര്‍ത്താനുള്ള ശ്രമങ്ങളാണുണ്ടാകേണ്ടത്. കുല്‍ഭൂഷണ്‍ കേസില്‍ പാക്‌കോടതിയുടെ വധശിക്ഷ സ്റ്റേ ചെയ്ത അന്താരാഷ്ട്ര കോടതി വിധി ആഘോഷിക്കാനുള്ളതല്ല. പകരം പാക്കിസ്ഥാന്റെ മനുഷ്യാവകാശ, കരാര്‍ ലംഘനങ്ങളെ ചോദ്യം ചെയ്യാനുള്ള ശ്രമത്തിന് ലോക കോടതിയുടെ പിന്തുണയാണ് ഈ വിധിയിലൂടെ കൈവന്നിരിക്കുന്നത്. ഇത് പ്രായോഗികമായി ഉപയോഗിക്കുന്നതിന് പകരം ആഘോഷിച്ചിരുന്നാല്‍ മോഡല്‍ പരീക്ഷയില്‍ ജയിച്ച ശേഷം ഫൈനല്‍ പരീക്ഷയില്‍ തോല്‍ക്കുന്ന അനുഭവം വരും.

നേരത്തെ ഇതേകുറ്റത്തിന് പാക്കിസ്ഥാന്‍ വധശിക്ഷക്ക് വിധിച്ച സരബ്ജിത് സിംഗിന്റെ അവസ്ഥ പാഠമാക്കേണ്ടതാണ്. സരബ്ജിത് സിംഗിന്റെയും കുല്‍ഭൂഷണ്‍ ജാദവിന്റെയും കേസുകള്‍ക്ക് സമാന സ്വഭാവം യാദൃശ്ചികമാണ്. ചാരവൃത്തിക്കുറ്റം ആരോപിക്കപ്പെട്ട് വധശിക്ഷക്ക് വിധിക്കപ്പെട്ട ഇരുവരുടെയും പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചിരുന്നെങ്കിലും ഇതില്‍ കുല്‍ഭൂഷന്റെ കാര്യത്തില്‍ മാത്രമാണ് ഇന്ത്യക്ക് കുറച്ചെങ്കിലും മുന്നോട്ടുപോകാനായത്. എന്നാല്‍ സരബ്ജിത് പാക് ജയിലില്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടാണ് കൊല്ലപ്പെട്ടതെന്ന കാര്യം വിസ്മരിച്ചുകൂടാ. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരു തടവുകാരന്‍ സഹതടവുകാരുടെ മര്‍ദനമേറ്റാണ് മരിച്ചതെന്ന് പാക് സര്‍ക്കാര്‍ വിശദീകരണം നല്‍കിയിരുന്നെങ്കിലും ഇതിന്റെ യാഥാര്‍ഥ്യം അറിയുന്നവര്‍ ഇപ്പോള്‍ കുല്‍ഭൂഷന്റെ വിധിയില്‍ ആഘോഷിക്കില്ല. കാരണം വധശിക്ഷക്ക് സ്റ്റേ ലഭിച്ചതുകൊണ്ട് മാത്രം കുല്‍ഭൂഷണ്‍ സുരക്ഷിതനാണെന്ന് കരുതാനാകില്ല. കുല്‍ഭൂഷന് നയതന്ത്ര സഹായം നല്‍കില്ലെന്ന് ഉറപ്പിച്ച് പറയുന്ന പാക്കിസ്ഥാന്‍ അദ്ദേഹത്തിന്റെ അമ്മക്ക് പാക്കിസ്ഥാനിലെത്താനുള്ള വിസ പോലും നല്‍കിയിട്ടില്ല. മാത്രമല്ല, ഒരു അന്താരാഷ്ട്ര കോടതിയുടെ ഇടപെടലുണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇയാള്‍ പാകിസ്ഥാനില്‍ എവിടെയാണെന്ന് പോലുമറിയില്ലെന്ന വസ്തുത ആശങ്ക വര്‍ധിപ്പിക്കുന്നതാണ്. അതേസമയം പൊതുകോടതിയില്‍ വിചാരണ നേരിട്ട സരബ്ജിത് സിംഗ് ക്രൂരമായി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പട്ടാള കോടതി കൈകാര്യം ചെയ്ത കുല്‍ഭൂഷണ്‍ പീഡിപ്പിക്കപ്പെട്ടതായി വിവരമില്ല എന്ന ഏക ആശ്വാസമാണുള്ളത്.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യ പകുതി യുദ്ധമേ ജയിച്ചിട്ടുള്ളൂ; ഇത് ന്യായവും ധാര്‍മികവും മാനസികവുമായ നയതന്ത്രപരമായ വിജയമാണെങ്കിലും. കുല്‍ഭൂഷണെ സുരക്ഷിതമായി തിരികെ ലഭിക്കുകയെന്ന വലിയ വെല്ലുവിളി ഇപ്പോഴും ഇന്ത്യക്ക് മുന്നിലുണ്ട്. അതിനാല്‍ ഇത് യാഥാര്‍ഥ്യമാക്കാന്‍ മുന്നോട്ടുള്ള ഓരോചുവടും ബുദ്ധിപൂര്‍വമായില്ലെങ്കില്‍ ഇന്ത്യ വന്‍ വിലനല്‍കേണ്ടി വരും. കാരണം അന്താരാഷ്ട്ര കോടതിക്ക് ഒരു കേസില്‍ വിധി പറയാമെങ്കിലും അത് നടപ്പിലാക്കാനുള്ള അധികാരമില്ല. ഈ അധികാരം യു എന്‍ പൊതുസഭയില്‍ നിക്ഷിപ്തമാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പാക്കിസ്ഥാന്‍ കുല്‍ഭൂഷന്റെ വധശിക്ഷാ വിധി നടപ്പിലാക്കിയാല്‍ ഇന്ത്യക്ക് യു എന്‍ പൊതുസഭയെ സമീപിക്കുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, പൊതുസഭയില്‍ വീറ്റോ അധികാരമുള്ള ചൈന പാക്കിസ്ഥാനോടൊപ്പമുണ്ടെന്നതിനാല്‍ ഇത്തരത്തിലുള്ള ഒരു നീക്കവും പൂര്‍ണ വിജയം കാണില്ല. അതുകൊണ്ട് ശിക്ഷാ വിധി പാക്കിസ്ഥാന്‍ റദ്ദാക്കുന്നത് വരെ ഇന്ത്യക്ക് ഇതുമായി ബന്ധപ്പെട്ട് ആഘോഷിക്കാനാവില്ലെന്നതാണ് യാഥാര്‍ഥ്യം. അതേസമയം നയതന്ത്ര വിജയത്തെ രാഷ്ട്രീയ നേട്ടമായി ഉയര്‍ത്തിക്കാട്ടാനാണെങ്കില്‍ ആഘോഷം ആവാം. പക്ഷേ അത് രാഷ്ട്രീയത്തിനപ്പുറം ആത്മാര്‍ഥതയുള്ളതാകില്ലെന്ന കാര്യത്തില്‍ സംശയമില്ല.
അതേസമയം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഇടപെടല്‍ മൂലം ഇനി കേസ് പട്ടാള കോടതിയില്‍ നിന്ന് പൊതുകോടതിയിലേക്ക് വന്നാലും കേസ് വാദിക്കാന്‍ അഭിഭാഷകനെ പാക്കിസ്ഥാനില്‍ നിന്ന് ലഭിക്കാന്‍ പ്രയാസമാണ്. കാരണം സരബ്ജിത് സിംഗിന് വേണ്ടി വാദിച്ച അവൈസ് ഷൈഖ് എന്ന അഭിഭാഷകന്റെ അവസ്ഥ ഇക്കാര്യം നമ്മോട് പറയുന്നുണ്ട്. സരബ്ജിത് സിംഗിന് വേണ്ടി വാദിച്ചതിന്റെ പേരില്‍ ഷൈഖിന് വിലയായി നല്‍കേണ്ടി വന്നത് പിറന്ന മണ്ണാണ്. സരബ്ജിത്തിന് വേണ്ടി വാദിച്ചതിനെ തുടര്‍ന്ന് നേരിട്ട ഭീഷണിയും പീഡനവും മൂലം സ്വീഡനില്‍ അഭയം തേടിയ അവൈസ് ഷൈഖ് ഇപ്പോള്‍ പോളിയോക്കെതിരെ പോരാടുന്ന സ്റ്റോക്‌ഹോം റോട്ടറി ക്ലബ്ബിനെ സഹായിക്കുന്നതിന് വേണ്ടി മാത്രമാണ് സ്വന്തം നാട് സന്ദര്‍ശിക്കാറുള്ളത്.

ഹേഗിലെ രാജ്യാന്തര കോടതിയില്‍ പാക്കിസ്ഥാന് നേരിട്ട താത്കാലിക തോല്‍വിക്ക് കാരണം പാക്കിസ്ഥാന്റെ അഭിഭാഷകരുടെ പിഴവ് കൂടിയാണെന്ന വസ്തുത കാണാതിരിക്കാനാവില്ല. ഇന്ത്യയുടെ വാദം ഏകകണ്ഠമായി കോടതി അംഗീകരിച്ചത് പാക് അഭിഭാഷകന്റെയും സര്‍ക്കാറിന്റെയും കഴിവുകേടാണെന്ന വാദവുമായി പാക്കിസ്ഥാനിലെ തന്നെ പ്രമുഖ നിയമജ്ഞരും രംഗത്തെത്തിയിട്ടുണ്ട്. അഭിഭാഷകനെ നിയോഗിച്ചതിലുള്‍പ്പെടെ പാക്കിസ്ഥാന്‍ വരുത്തിയ പിഴവാണ് ഹേഗില്‍ ഇന്ത്യക്ക് തുണയായത്. ഒപ്പം പാക് വിദേശകാര്യ മന്ത്രാലയം കേസ് കൈകാര്യം ചെയ്തതില്‍ പാകപ്പിഴ സംഭവിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. പാക് അറ്റോര്‍ണി ജനറലിന്റെ നിര്‍ദേശം അവഗണിച്ചാണ് ഹേഗിലെ രാജ്യാന്തര നീതിന്യായ കോടതിയില്‍ അഭിഭാഷകനായി ഖവര്‍ ഖുറേഷിയെ ചുമതലപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹരീഷ് സാല്‍വെയുടെ വാദങ്ങള്‍ ഖണ്ഡിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും മുഴുവന്‍ സമയവും വാദിക്കാന്‍ പോലും ഖുറേഷി തയാറായില്ലെന്നും പാക് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യാന്തര കോടതിയുടെ വിധി അംഗീകരിക്കാന്‍ പാക് സര്‍ക്കാര്‍ തീരുമാനമെടുത്തത് മനസ്സിലാക്കി ഇന്ത്യ തന്ത്രപൂര്‍വം നീങ്ങിയപ്പോള്‍, മുന്‍തീരുമാനം റദ്ദാക്കാമായിരുന്നുവെന്ന് ബാര്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഫാറൂഖ് നസീം അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല, രാജ്യാന്തര കോടതിയില്‍ ഇരുകക്ഷികള്‍ക്കും ഓരോ അഡ്‌ഹോക് ജഡ്ജിമാരെ നിര്‍ദേശിക്കാന്‍ വ്യവസ്ഥയുണ്ടെങ്കിലും പാക്കിസ്ഥാന്‍ അവസരം ഉപയോഗിച്ചില്ല. ഇത് മുതലെടുത്ത് കേസ് വളരെ പെട്ടെന്ന് രാജ്യാന്തര കോടതിയുടെ മുന്നിലെത്തിക്കുന്നതില്‍ ഇന്ത്യ വിജയിച്ചിരുന്നു. കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യന്‍ അധികൃതര്‍ക്ക് അവസരം നല്‍കിയില്ലെന്ന കുറ്റമാണ് രാജ്യാന്തര കോടതി എടുത്തുകാണിച്ചത്. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ നയതന്ത്ര സഹായം നല്‍കേണ്ടതില്ലെന്ന ഇന്ത്യ-പാക് കരാര്‍ രാജ്യാന്തര കോടതിയെ ബോധ്യപ്പെടുത്താന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നില്ല.
ഇത് മനസ്സിലാക്കിയ പാക്കിസ്ഥാന്‍ കേസ് ജയിക്കാനുള്ള കൂടുതല്‍ സന്നാഹങ്ങളൊരുക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ ഹേഗിലെ രാജ്യാന്തര കോടതിയില്‍ വാദിക്കാന്‍ പുതിയ അഭിഭാഷക സംഘത്തെ നിയമിക്കുമെന്ന് നവാസ് ശരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് അറിയിച്ചിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചത് ഇന്ത്യയുടെ ഏറ്റവും ബുദ്ധിപരവും അനുയോജ്യവുമായ തീരുമാനമായിരുന്നു. അതുമൂലം കേസ് ലോകശ്രദ്ധ പിടിച്ചുപറ്റി. ഈ കേസിന്റെ പ്രധാന്യം ലോകത്തിന് ബോധ്യമായിട്ടുണ്ട്. ആഗസ്റ്റില്‍ അവസാന വിധി വരുന്നതുവരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന കോടതിവിധി വിഷയത്തിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളുന്നതാണെങ്കിലും ഈ വിധി രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തില്‍ വീഴ്ത്തുന്ന വിള്ളല്‍ മാരകമായിരിക്കും.
നിലവിലെ സാഹചര്യത്തില്‍ കുല്‍ഭൂഷണ് നീതി ലഭിക്കാന്‍ ഇന്ത്യക്ക് ഇനിയും ഏറെദൂരം മുന്നോട്ട് പോകാനുണ്ട്. വിഷയം നയതന്ത്രമായി തന്നെ നിലനിര്‍ത്തുകയാണ് അതിനുള്ള ഏക പോംവഴി. നയതന്ത്രപരമായും മറ്റു വഴികളിലൂടെയും ലോക രാജ്യങ്ങള്‍ക്കിടയില്‍ നിരന്തരമായി പാക്കിസ്ഥാനുമേല്‍ സമ്മര്‍ദം ചെലുത്താന്‍ കഴിയണം. നീതിയും സമാധാനവും നിലനിര്‍ത്താന്‍ കുല്‍ഭൂഷണെ വെറുതെ വിടുകമാത്രമാണ് വഴിയെന്ന് പാക്കിസ്ഥാനെയും ഒപ്പം ഇതര രാജ്യങ്ങളെയും വിശ്വസിപ്പിക്കാന്‍ ഇന്ത്യക്ക് കഴിയണം. ഇങ്ങനെ വന്നാല്‍ ലോകരാജ്യങ്ങള്‍ പാക്കിസ്ഥാനെതിരെ തിരിയുന്ന അവസ്ഥ വന്നാല്‍ അത് ഇന്ത്യക്ക് ഗുണകരമാകും.

എന്നാല്‍, ഏത് നിമിഷവും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ നിഷ്പ്രയാസം കഴിയുന്ന സൈന്യത്തിന്റെ സമ്മര്‍ദത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍ പോലുള്ള ഒരു സര്‍ക്കാറിന് സൈനിക കോടതി വധശിക്ഷ വിധിച്ച ഒരുപ്രതിയെ രാജ്യാന്തര സമ്മര്‍ദത്തിന്റെ പേരില്‍ വെറുതെ വിടുകയെന്നത് അത്ര എളുപ്പമല്ല. എന്നാല്‍ ലോക രാജ്യങ്ങളുടെ സമ്മര്‍ദം അത്ര നിസ്സാരമായി തള്ളിക്കളയാനാവില്ലെന്നതും പ്രതീക്ഷയേകുന്നതാണ്.
അതേസമയം, പാക് പട്ടാള കോടതി വിധിക്കെതിരെ പാക്കിസ്ഥാനില്‍ തന്നെ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഇന്ത്യക്ക് ഗുണകരമാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ പലരും വിധിക്കെതിരെ രംഗത്തുവന്നിട്ടുമുണ്ട്. പട്ടാള കോടതിയുടെ ശിക്ഷാ വിധിയെ എതിര്‍ത്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ റഊഫ് ഖസ്‌റ കുല്‍ഭൂഷന്റെ വിചാരണക്കും വധശിക്ഷക്കുമെതിരെയാണ് സംസാരിച്ചത്. സൈനിക കോടതി വിചാരണ നടത്തിയ രീതിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം കുല്‍ഭൂഷണ് അഭിഭാഷക സഹായം ലഭിച്ചില്ലെന്നും ആരോപിച്ചു. ഈ സാഹചര്യത്തില്‍ നിലവിലെ അനുകൂലമായ അവസ്ഥ നിലനിര്‍ത്താന്‍ ഇരുരാജ്യത്തെയും നിയമജ്ഞരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സാധാരണ ജനങ്ങളുടെയും പിന്തുണ ആര്‍ജിച്ചെടുക്കാന്‍ കഴിയണം. മാത്രമല്ല, കുല്‍ഭൂഷണെ കാണാന്‍ ഇന്ത്യക്ക് അനുമതി നിഷേധിച്ചതിനെതിരെ പാക്കിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. കാണാന്‍ ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് അനുമതി നല്‍കാതിരുന്നത് ആരുടെ തീരുമാനപ്രകാരമായിരുന്നുവെന്ന് വ്യക്തമാക്കണമെന്നായിരുന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തക അസ്മ ജഹാംഗീര്‍ ആവശ്യപ്പെട്ടത്.
നിലവിലെ സാഹചര്യത്തില്‍ ഇത് പ്രയാസമാണെന്നിരിക്കെ ഇതിനെ മറികടക്കാന്‍ കുല്‍ഭൂഷണു പകരം ഇന്ത്യന്‍ ജയിലിലുള്ള പാക് തടവുകാരെ വിട്ടയക്കുന്നതുള്‍പ്പെടെയുള്ള നീക്കങ്ങള്‍ ഉപയോഗിക്കാവുന്നതാണെന്നാണ് നയതന്ത്ര വിദഗ്ധരുടെ അഭിപ്രായം.കുല്‍ഭൂഷണ്‍ കേസില്‍ പാക്കിസ്ഥാന്‍ മൗലിക അവകാശങ്ങള്‍ നിഷേധിച്ചുവെന്ന ശക്തമായ വിലയിരുത്തലാണ് രാജ്യാന്തര നീതിന്യായ കോടതി നടത്തിയത്. ഇത് കുല്‍ഭൂഷന്റെ കാര്യത്തില്‍ ഇന്ത്യക്ക് ധാര്‍മികമായും നിയമപരമായും ഏറെ ഗുണം ചെയ്യും. അതേസമയം, യു എന്‍ സമിതിയില്‍ ചൈനയുടെ പിന്തുണയുണ്ടെങ്കിലും രാജ്യാന്തര കോടതിയുടെ വിധി നേരിട്ട് മറികടക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ പാക്കിസ്ഥാന് ഏറെ ക്ഷീണം ചെയ്യും. ഇതിനാല്‍ ഇതിന് പാക്കിസ്ഥാന്‍ മുതിരാനിടയില്ല. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ രണ്ടു രാജ്യങ്ങളും പരസ്പരം ശത്രുക്കളെ പോലെയാണ് കാണുന്നതെന്നതിനാല്‍ തടവുകാരോട് മാന്യമായി പെരുമാറാനുള്ള സാധ്യത വളരെ വിരളമായതിനാല്‍ കുല്‍ഭൂഷണെ കാണാനുള്ള അവസരം നയതത്ര ബന്ധത്തിലൂടെ സ്ഥാപിച്ചെടുക്കുകയാണ് ഇന്ത്യ ആദ്യം ചെയ്യേണ്ടത്. പ്രത്യേകിച്ച് കുല്‍ഭൂഷണ്‍ ജാദവ് ഇപ്പോള്‍ എവിടെയെന്നതുള്‍പ്പെടെ വിശദാംശങ്ങളിലും ആരോഗ്യകാര്യങ്ങളിലും ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തിന് ഇന്ത്യ മുന്‍ഗണന നല്‍കണം.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

---- facebook comment plugin here -----

Latest