മാഞ്ചസ്റ്റര്‍ ലോകത്തോട് നിലവിളിക്കുന്നത്…

Posted on: May 23, 2017 11:45 pm | Last updated: May 23, 2017 at 11:14 pm
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കും കുടുംബത്തിനും വേണ്ടി മാഞ്ചസ്റ്റര്‍
നഗരത്തിലെ പള്ളിയില്‍ കൂട്ടു പ്രാര്‍ഥന നടത്തുന്നു

കാല്‍പന്തുകളിയിലെ ആവേശത്തിന് ആക്കം കൂട്ടിയ മന്ത്രമായിരുന്നു മാഞ്ചസ്റ്റര്‍ എന്ന നാമം. ഇന്നലെ മുതല്‍ ആ പേരിന് ദുരന്തത്തിന്റെയും കണ്ണീരിന്റെയും ഛായ ലഭിച്ചിരിക്കുകയാണ്. അമേരിക്കന്‍ പോപ് ഗായിക അരീന ഗ്രാന്‍ഡെയുടെ സംഗീത പരിപാടിക്കിടെയുണ്ടായ ചാവേര്‍ ആക്രമണത്തില്‍ ചിന്നിച്ചിതറിയത് കുട്ടികളടക്കം നിരവധി പേരുടെ മൃതദേഹങ്ങള്‍. ആക്രമണത്തിന്റെ നടുക്കം മാഞ്ചസ്റ്റര്‍ നഗരത്തില്‍ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ല.

തുടര്‍ച്ചയായി അപ്രതീക്ഷിത ഭീകരാക്രമണത്തിന് യൂറോപ്യന്‍ രാജ്യങ്ങള്‍ വേദിയാകുകയാണ്. സൂര്യന്‍ അസ്തമിക്കാത്ത നാട്ടില്‍ ഭീതിയടങ്ങാത്ത നഗരങ്ങള്‍ പെരുകിക്കൊണ്ടിരിക്കുകയാണ്. അക്രമികള്‍ എവിടെയും ഏത് വിധേനയും എത്തുമെന്ന സ്ഥിതി വിശേഷം ബ്രിട്ടന്റെ സുരക്ഷാ സംവിധാനങ്ങളുടെ വന്‍ പാളിച്ചയായി മാറുകയാണ്. രാജ്യത്തിന്റെ സുരക്ഷക്ക് തകര്‍ച്ച പറ്റിയെന്ന ആരോപണവുമായി തിരഞ്ഞെടുപ്പിനെ നേരിട്ട തെരേസ മെയ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയിട്ട് ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് മാഞ്ചസ്റ്റര്‍ ദുരന്തമെന്നത് കൂട്ടിവായിക്കേണ്ടതുണ്ട്.
തീവ്രവാദത്തെ നേരിടാന്‍ തങ്ങള്‍ക്കേ സാധിക്കൂവെന്ന രീതിയില്‍ ബ്രിട്ടീഷ് ജനങ്ങള്‍ക്കിടയിലേക്ക് രംഗപ്രവേശം നടത്തിയ തെരേസയുടെ തീവ്രവലതുപക്ഷ പാര്‍ട്ടിക്ക് മാഞ്ചസ്റ്റര്‍ ദുരന്തത്തോടെ ശബ്ദം നിലച്ചിരിക്കുകയാണ്. ഏതെങ്കിലും മത, വംശീയ വിദ്വേഷം പരത്താതെ തീവ്രവാദത്തിന്റെ അടിവേര് മുറിക്കാനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും മാഞ്ചസ്റ്റര്‍ നിലവിളിക്കുന്നുണ്ട്.

അമേരിക്കക്കും മാഞ്ചസ്റ്റര്‍ ഒരു പാഠമോ മുന്നറിയിപ്പോ ആണ്. ഇസില്‍ തീവ്രവാദികളെ നേരിടാന്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളെ സജീവമാക്കാന്‍ ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്ക സന്നദ്ധമാകണം. തലമുടി കാണാതെ തട്ടം മറക്കുന്നതും മുഖം കാണിക്കാതെ ബുര്‍ഖ ധരിക്കുന്നതും
തീവ്രവാദമാണെന്ന തെറ്റിദ്ധാരണ മാറ്റി തീവ്രവാദികള്‍ക്ക് ഊര്‍ജം നല്‍കുന്ന പ്രത്യയശാസ്ത്രത്തെ നേരിടാനാണ് ലോക പോലീസ് ശ്രമിക്കേണ്ടത്.
വിശന്നൊട്ടിയ വയറുമായി അഭയം തേടിയെത്തുന്ന കുടിയേറ്റക്കാര്‍ക്ക് മുന്നില്‍ മതില്‍ കെട്ടുന്ന നേരം കൊണ്ട് വൈറ്റ്ഹൗസിന്റെ മുറ്റത്തേക്ക് വരെ പാഞ്ഞടുക്കുന്ന സലഫിസത്തെ തടയാനുള്ള ആര്‍ജ്ജവമാണ് ട്രംപ് കാണിക്കേണ്ടത്. സഊദി അറേബ്യയിലേക്ക് സന്ദര്‍ശനത്തിന് പോയ ട്രംപിന് സെനറ്റംഗം തുള്‍സി ഗബ്ബര്‍ഡ് നല്‍കിയ ഉപദേശം ഈ അവസരത്തില്‍ പുനര്‍വായനക്ക് വിധേയമാക്കേണ്ടതുണ്ട്.
ലോകത്തില്‍ തീവ്രവാദത്തിന് താത്വികമായ സംരക്ഷണം നല്‍കുന്ന സലഫി, വഹാബി ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്ന് സഊദി അറേബ്യയോട് ആവശ്യപെടണമെന്നാണ് തുള്‍സി ട്രംപിനെ ഉപദേശിച്ചത്.