Connect with us

Gulf

ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ കണക്കെടുപ്പ് പ്രഹസനം: പി. സായ്‌നാഥ്‌

Published

|

Last Updated

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ മുപ്പത്തെട്ടാം വാര്‍ഷികാഘോഷ പരിപാടിയില്‍
പി സായ്‌നാഥ് സംസാരിക്കുന്നു

അബുദാബി: ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ കണക്കെടുപ്പ് വെറും പ്രഹസനമാണെന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മാഗ്‌സസെ അവാര്‍ഡ് ജേതാവുമായ പി സായ്‌നാഥ് അഭിപ്രായപ്പെട്ടു. കൃഷി ചെയ്യുന്ന കര്‍ഷകരില്‍ ഭൂരിഭാഗവും പാട്ടഭൂമിയില്‍ മതിയായ രേഖകളില്ലാതെ ജീവിക്കുന്നവരാണ്. കടക്കെണിയില്‍പെട്ട് ആത്മഹത്യ ചെയ്യുന്ന കര്‍ഷകര്‍ കര്‍ഷകത്തൊഴിലാളി എന്ന ഗണത്തില്‍ പെടുന്ന അവസ്ഥയാണുള്ളത്. കര്‍ഷക ആത്മഹത്യകളെകുറിച്ച് സര്‍ക്കാര്‍ പറയുന്നതിലും എത്രയോ അധികമാണ് അവരുടെ എണ്ണം എന്നുള്ളതാണ് വസ്തുത.

അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ മുപ്പത്തെട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച “വീണ്ടും ഇന്ത്യയെ കണ്ടെത്തല്‍” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ വളര്‍ച്ചാ നിരക്കുകള്‍ തിട്ടപ്പെടുത്തുന്ന രീതിയും അപര്യാപ്തമാണ്. ലോകത്തിലെ അതികോടീശ്വരന്‍മാരുടെ എണ്ണത്തില്‍ ഇന്ത്യക്കാണ് നാലാം സ്ഥാനം. എന്നാല്‍ ഇന്ത്യയിലെ മാനവ വികസന സൂചികയില്‍ ഇന്ത്യക്കുള്ള സ്ഥാനം 135-ാണ് എന്നത് വിരോധാഭാസം.
1947ല്‍ നാം ബ്രിട്ടീഷുകാരില്‍ നിന്നുള്ള വിമോചനമാണ് നേടിയത്. ഭരണപരമായ ജനാധിപത്യം നേടിയപ്പോള്‍ സാമൂഹികപരമായും സാമ്പത്തികപരമായുമുള്ള ജനാധിപത്യം ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും നാം നേടിയിട്ടില്ല.
പാര്‍ശ്വവത്ക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ പ്രാതിനിധ്യം ജനാധിപത്യ സംവിധാനത്തില്‍ ഇല്ലാതാകുന്ന തലത്തിലേക്ക് മാറുന്നു എന്നതാണ് സമീപകാല തെരഞ്ഞെടുപ്പുകള്‍ വിലയിരുത്തിയാല്‍ ബോധ്യപ്പെടുന്നത്. 2014 ല്‍ നടന്ന ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 20 ശതമാനം വോട്ട് നേടിയ ബിഎസ്പിക്ക് 2017 ലെ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് പോലും ലഭിച്ചില്ല എന്നുമാത്രമല്ല, 20 ശതമാനം ശതമാനത്തിലേറെ വരുന്ന മുസ്‌ലിം ജനവിഭാഗത്തില്‍ നിന്നും ഒരു പ്രതിനിധിപോലും തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല എന്നത് നിലവിലെ ജനാധിപത്യ സംവിധാനത്തിന്റെ ന്യൂനതയാണ് വ്യക്തമാക്കുന്നത്. വിശപ്പിന്റേയും ക്ഷാമത്തിന്റേയും വിഷയത്തില്‍ ലോകത്തിലെ തന്നെ കഴിവ് തെളിയിച്ച പ്രഗത്ഭന്‍”എന്ന് നോബല്‍ സമ്മാന ജേതാവ് അമര്‍ത്യസെന്‍ വിശേഷിപ്പിച്ച സായ്‌നാഥ് വിശദീകരിച്ചു. മൗനം ശക്തമായ ആയുധമാണെന്നും, ഈ ആയുധത്തിന്റെ ശക്തികൊണ്ട് തന്നെയാണ് തനിക്ക് ഇന്ന് രാജ്യത്തിനു പുറത്തും ലഭിച്ചുകൊണ്ടിരിക്കുന്ന ആദരവെന്നും സംഘപരിവാരങ്ങളുടേയും ജാതി സംഘടനകളുടേയും ഭീഷണിയില്‍ മനംനൊന്ത് എഴുത്ത് നിര്‍ത്തേണ്ടി വന്ന പ്രമുഖ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്‍ “ഭയാനകമായ നിശബ്ദത” എന്ന വിഷയത്തെ അധികരിച്ച് സംസാരിക്കവെ അഭിപ്രായപ്പെട്ടു.

കാട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ട്‌വന്ന് മൃഗശാലയിലെ കാഴ്ച വസ്തുവാക്കി മാറ്റുന്ന വന്യമൃഗങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ കാണാവുന്ന മൗനത്തിന് ഒരുപാട് അര്‍ത്ഥതലങ്ങളുണ്ട്. സ്വതന്ത്രമായി വിഹരിക്കാവുന്ന തന്റെ കാട്ടിലേക്ക് തിരിച്ചുപോകാനുള്ള വെമ്പല്‍, അതിന് കഴിയാത്തതിലുള്ള പ്രതിഷേധം എല്ലാം ആ മൗനത്തില്‍ കാണാന്‍ കഴിയും. മൗനം പോലെ ശക്തമായ പ്രതിഷേധവും ആയുധവും മറ്റൊന്നുമില്ല, കെ സച്ചിദാനന്ദന്റെ കവിത ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
ശക്തി പ്രസിഡന്റ് വി. പി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി വൈസ് പ്രസിഡന്റ് സഫറുള്ള പാലപ്പെട്ടി, ജോ. സെക്രട്ടറി നൗഷാദ് യൂസഫ് എന്നിവര്‍ യഥാക്രമം പി. സായ്‌നാഥിനേയും പെരുമാള്‍ മുരുകനേയും സ്വീകരിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി അതിഥികളെ പരിചയപ്പെടുത്തി. ജനറല്‍ സെക്രട്ടറി സുരേഷ് പാടൂര്‍ സ്വാഗതവും മീഡിയ കോര്‍ഡിനേറ്റര്‍ റഫീഖലി കൊല്ലിയത്ത് നന്ദിയും പറഞ്ഞു.