Connect with us

Kerala

വിഴിഞ്ഞം: സമഗ്ര പരിശോധന വേണമെന്ന് വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം കരാര്‍ സംബന്ധിച്ച് സമഗ്രമായ പരിശോധന നടത്തണമെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് വിഎം സുധീരന്‍. കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് സുധീരന്റെ പ്രതികരണം.

കേരളം പ്രതീക്ഷയോടെ നോക്കിക്കാണുന്ന വിഴിഞ്ഞം പദ്ധതിയുടെ വ്യവസ്ഥകള്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്ന സിഎജി റിപ്പോര്‍ട്ട് അതീവ ഗൗരവമുള്ളതാണ്. ഇതേക്കുറിച്ച് സമഗ്രമായ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും. സുധീരന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു

വിഴിഞ്ഞം കരാര്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമാണെന്നും വദ്ധതിയുടെ നടത്തിപ്പുകാരായ അദാനി ഗ്രൂപ്പിന് വന്‍നേട്ടമുണ്ടാക്കുന്നതാണ് കരാറെന്നും സിഎജി റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ യാഥാര്‍ത്ഥ്യമായത്.

അതേസമയം കരാര്‍ സംബന്ധിച്ച് എന്ത് പരിശോധനയ്ക്കും തയ്യാറാണെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. കരാറില്‍ തര്‍ക്കമുണ്ടെങ്കില്‍ പരിശോധിക്കാം. വിഎസിന്റെ കാലത്തെ ടെന്‍ഡറിന്റെ കരാറും നിലവിലെ കരാറും പരിശോധിക്കണം. ഏതാണ് മെച്ചമെന്നത് സംസ്ഥാന സര്‍ക്കാരിന് തീരുമാനിക്കാം. ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കരാര്‍ ഗുണകരമാണെന്ന് ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞു. തന്നോട് വ്യക്തിപരമായി ആവശ്യപ്പെട്ടിരുന്നെങ്കില്‍ കൂടുതല്‍ വിശദീകരണം നല്‍കാമായിരുന്നു. സിഎജി റിപ്പോര്‍ട്ട് ഇപ്പോഴത്തെ കാര്യങ്ങള്‍ മാത്രം പരിശോധിച്ചായിരിക്കും. സിഎജി ആവശ്യപ്പെട്ടപ്പോള്‍ വ്യക്തമായ രേഖകള്‍ നല്‍കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടാകാമെന്നും ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു.