നടിയോടൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര; ജയില്‍ ഡിഐജി ക്കെതിരെ അന്വേഷണം

Posted on: May 23, 2017 1:31 pm | Last updated: May 23, 2017 at 1:31 pm

തിരുവനന്തപുരം: ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിയ സംഭവത്തില്‍ ദക്ഷിണമേഖലാ ജയില്‍ ഡിഐജി ബി പ്രദീപിനെതിരെ അന്വേഷണത്തിനുത്തരവ്. ജയില്‍ ഡിജിപി ആര്‍ ശ്രീലേഖയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജയില്‍ ആസ്ഥാനത്ത് എത്തിയ പരാതിയെ തുടര്‍ന്നാണ് അന്വേഷണം. സംഭവത്തില്‍ മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ച് 12 നാണ് ഡിഐജി നടിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര നടത്തിയത്. ഐജി ഗോപകുമാറിനാണ് അന്വേഷണ ചുമതല. ഗുരുതരമായ ആരോപണമാണ് ഡിഐജിക്കെതിരെ ലഭിച്ച പരാതിയില്‍ പറയുന്നത്. കഴിഞ്ഞ ജയില്‍ ദിനാഘോഷത്തില്‍ നടിയെ ഇദ്ദേഹം ക്ഷണിച്ചിരുന്നതായും ഇതിന്റെ ചെലവിലേക്കായി 10,000 രൂപ ജയിലില്‍ നിന്നും കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നുണ്ട്.

ഊമക്കത്തായാണ് പരാതി ലഭിച്ചിരുന്നതെങ്കിലും പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടാണ് അന്വേഷണം പ്രഖ്യാപിച്ചത്. ഔദ്യോഗിക വസതിയില്‍ ഇദ്ദേഹം സീരിയല്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കിയിട്ടുണ്ടെന്നും കാരണവര്‍ വധക്കേസിലെ പ്രതി ഷെറിന്റെ പരോളിനും ജയില്‍ മാറ്റത്തിനും ഇടപെട്ടിട്ടുണ്ടെന്നും ഡിഐജി ബി പ്രദീപിനെതിരെ ആരോപണമുണ്ട്‌