Connect with us

Kerala

വിഴിഞ്ഞം കരാറിനെതിരെ സി എ ജി റിപ്പോര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ പ്രാധാന്യത്തോടെ ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ( സിഎജി) റിപ്പോര്‍ട്ട്. കരാര്‍ സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമാണെന്നും കരാറിന്റെ കാലാവധി 40 വര്‍ഷമാക്കിയത് സംസ്ഥാന താല്‍പര്യം ഹനിക്കുന്നതാണെന്നും നിയമവിരുദ്ധമാണെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. അദാനിക്ക് 29000 കോടിയുടെ അധിക ലാഭമുണ്ടാക്കിക്കൊടുക്കാനെ കരാര്‍ ഉപകരിക്കുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചു.

കഴിഞ്ഞദിവസമാണ് നിയമസഭയില്‍ വിഎസ് അച്യുതാനന്ദന്‍ വിഴിഞ്ഞം തുറമുഖ കരാറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത വന്നത്. അതിന് പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ട് വന്നത്. അദാനി പോര്‍ട്ടുമായി ഉണ്ടാക്കിയ കരാറിലൂടെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെല്ലാം നിയമവിരുദ്ധമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അദാനിക്ക് പൂര്‍ണമായും അധിക വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതാണ് കരാര്‍

7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്ക് വന്‍ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

സാധാരണ പിപിപിയായി നടത്തുന്ന പദ്ധതികളില്‍ കരാര്‍ കാലവധി 30 വര്‍ഷമാണ്. എന്നാല്‍ വിഴിഞ്ഞം കരാറില്‍ ഇത് 40 വര്‍ഷമാണ്. അതുകൊണ്ടുതന്നെ അദാനിക്ക് 29217 കോടിയുടെ അധിക വരുമാനമുണ്ടാകുമെന്നാണ് സിഎജി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 40 വര്‍ഷത്തിന് ശേഷം വേണമെങ്കില്‍ സംസ്ഥാനസര്‍ക്കാരിന് കരാര്‍ കാലാവധി 20 വര്‍ഷംകൂടി നീട്ടിനല്‍കാമെന്ന വ്യവസ്ഥ സംസ്ഥാനത്തിന് ഗുണകരമാകില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു