Connect with us

Kerala

എ സി ഹനീഫ വധം കോണ്‍ഗ്രസില്‍ വീണ്ടും കലാപക്കൊടിയുരുന്നു

Published

|

Last Updated

ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരനും ഡിസിസി സെക്രട്ടറി സുന്ദരന്‍ കുന്നത്തുള്ളിക്കുമൊപ്പം സി എ ഗോപപ്രതാപന്‍

ചാവക്കാട്: കോണ്‍ഗ്രസ് നേതാവ് എ സി ഹനീഫ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ ഉടലെടുത്ത കലാപം വീണ്ടും തലപൊക്കുന്നു. ഹനീഫയുടെ മരണത്തേത്തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കപ്പെട്ട സി എ ഗോപപ്രതാപന്‍ ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരനൊപ്പം വേദി പങ്കിട്ടതാണ് പാര്‍ട്ടിക്കുള്ളില്‍ വീണ്ടും കലാപത്തിനു തിരികൊളുത്തിയിട്ടുള്ളത്.

കഴിഞ്ഞ ദിവസം തിരുവത്രയില്‍ ഐ എന്‍ ടി യു സി ഗുരുവായൂര്‍ റീജിണല്‍ കമ്മിറ്റി നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അനുയായികളായ ഐഎന്‍ ടി യു സി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരനും ഡി സി സി സെക്രട്ടറി സുന്ദരന്‍ കുന്നത്തുള്ളിക്കുമൊപ്പം ബ്ലോക്ക് മുന്‍ പ്രസിഡണ്ട് കൂടിയായിരുന്ന ഗോപപ്രതാപന്‍ വേദി പങ്കിട്ടത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കുമ്പോഴാണ് ഹനീഫ വധം നടന്നത്. കേസ് അന്നത്തെ പോലിസ് അട്ടിമറിച്ചതായി ഹനീഫയുടെ മാതാവ് ഹൈക്കോടതിയില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുനരന്വേഷണത്തിന് ഉത്തരവിട്ടത്. മുന്‍ ആഭ്യന്തര മന്ത്രിയുടെ അനുയായികള്‍ ഗോപപ്രതാപനുമായി തിരുവത്രയില്‍ വന്ന് വേദി പങ്കിട്ടത് ഈ ദുരൂഹതയിലേക്ക് വെളിച്ചം വീശുന്നതാണെന്ന പ്രചാരണം ഉയര്‍ന്നിട്ടുണ്ട്. ചാവക്കാട് മേഖലയില്‍ ഐ ഗ്രൂപ്പ് സംഘടിപ്പിക്കുന്ന എല്ലാ പരിപാടിയുടേയും മുഖ്യപങ്ക് വഹിക്കാറുള്ള കെ പി സി സി നിര്‍വാഹക സമിതി അംഗം പി കെ അബൂബക്കര്‍ ഹാജിയെ ഈ പരിപാടിയില്‍ നിന്നും ഒഴിവാക്കിയത് മറ്റൊരു തന്ത്രമായും കണക്കാക്കുന്നുണ്ട്. ഐ എന്‍ ടി യു സി നേതാക്കള്‍ക്കൊപ്പം വേദി പങ്കിട്ട ദിവസം തന്നെ തിരുവത്രയില്‍ രാജീവ് അനുസ്മരണ ചടങ്ങില്‍ ഗോപപ്രതാപനാണ് കോണ്‍ഗ്രസ് പതാക ഉയര്‍ത്തിയത്. ഈ സംഭവത്തില്‍ ബൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടിനെതിരേയും നടപടി വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.
എ സി ഹനീഫ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട ഗോപപ്രതാപനെ തിരിച്ചെടുക്കാതെ ചാവക്കാട് മണ്ഡലം കമ്മറ്റിയുമായി സഹകരിക്കില്ലെന്നായിരുന്നു ഐ ഗ്രൂപ്പ് നിലപാട്. എന്നാല്‍ ഡി സി സി ഇടപ്പെട്ട് പ്രശ്‌നം അവസാനിപ്പിച്ചെന്ന വാര്‍ത്ത നിലനില്‍ക്കേയാണ് വീണ്ടും കലാപക്കൊടി ഉയര്‍ത്തിയിട്ടുള്ളത്.

Latest