Connect with us

Articles

മുറിഞ്ഞ ആ ജനനേന്ദ്രിയം ഒരു മുന്നറിയിപ്പാണ്

Published

|

Last Updated

സമൂഹത്തിലെ എല്ലാ വകഭേദങ്ങളിലും പെട്ട സ്ത്രീപീഡകരെ ഞെട്ടിച്ചുകൊണ്ട് ഒരു പീഡക സന്യാസിയുടെ ജനനേന്ദ്രിയം ഇരയായ പെണ്‍കുട്ടി മുറിച്ചെടുത്തിരിക്കുന്നു. മറ്റെല്ലാ വഴികളും അടഞ്ഞപ്പോഴായിരിക്കണം, നിവൃത്തികേടുകൊണ്ടു ചെയ്തുപോയതായിരിക്കണം. നിയമത്തിന്റെ മുന്നില്‍ ഒരു പക്ഷേ അവള്‍ കുറ്റക്കാരിയായി വിചാരണ ചെയ്യപ്പെട്ടേക്കാം. എന്നാല്‍, സമൂഹത്തിന്റെ ആദ്യത്തേയും രണ്ടാമത്തേയും പ്രതികരണങ്ങള്‍ ആ പെണ്‍കുട്ടിക്കു അനുകൂലമാണ്. സമൂഹമാധ്യമങ്ങള്‍ വന്‍വിജയം പോലെയാണ് ആ സംഭവത്തെ ആഘോഷിക്കുന്നത്.

നന്മ കാംക്ഷിക്കുന്ന ഒരു സമൂഹം കാലങ്ങളായി ആഗ്രഹിച്ചിരുന്ന “ആക്ഷന്‍” നടത്താന്‍ ഒരു വെളുപ്പാന്‍ കാലത്ത് നിയമ വിദ്യാര്‍ഥിനി സ്വന്തം വീട്ടില്‍ െവച്ച് തയ്യാറായി എന്നത് നിസ്സാരകാര്യമല്ല. വര്‍ഷങ്ങളായി സ്വന്തം വീട്ടിലും മറ്റിടങ്ങളിലും വെച്ച് ആ പെണ്‍കുട്ടി ഈ സന്യാസിയുടെ ക്രൂര പീഡനങ്ങള്‍ക്കും താഡനങ്ങള്‍ക്കും വിധേയയായി കഴിഞ്ഞുവരികയായിരുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. അമ്മയും സഹോദരനും അച്ഛനും അടങ്ങുന്ന ആ കുടുംബത്തിന്, തലസ്ഥാനനഗരത്തിലെ പ്രധാന വീഥികളിലൊന്നില്‍ താമസിക്കുന്നവര്‍ക്ക്, അറിവില്ലായിരുന്നുവെന്നു വിശ്വസിക്കുക പ്രയാസമായി തോന്നിയാല്‍ കുറ്റപ്പെടുത്താനാവില്ല. പ്രത്യേകിച്ചും, തിരുവനന്തപുരം ലോ കോളജിലെ വിദ്യാര്‍ഥിനി കൂടിയായ ആ പെണ്‍കുട്ടി ഏതെങ്കിലും ഒരു ഘട്ടത്തില്‍ അമ്മയോടെങ്കിലും ഈ പ്രശ്‌നം പറഞ്ഞിട്ടില്ലായിരുന്നോ? പറഞ്ഞില്ലെങ്കില്‍ അവളുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് മനസ്സിലാക്കാം. ഇനി, തിരിച്ചാണെങ്കിലോ? വീട്ടില്‍ അറിയിച്ചിട്ടും ആ സന്യാസിയെ വീട്ടിലേക്കു സ്വാഗതം ചെയ്തു മെത്ത വിരിച്ചുകൊടുത്ത കുടുംബാംഗങ്ങള്‍ കുറ്റക്കാരാണെന്ന കാര്യത്തില്‍ സംശയമില്ല.
രാത്രി മുറിയില്‍ മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന കാര്യം അമ്മയും സഹോദരനും അറിഞ്ഞില്ലെന്നോ? ആത്മരക്ഷാര്‍ഥം ആ പെണ്‍കുട്ടിക്കു സന്യാസിയെ നേരിടാന്‍ ആപ്പിള്‍ മുറിക്കാന്‍ നല്‍കിയ കത്തി ഉപയോഗിക്കേണ്ടി വന്നു. അയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്തിട്ടു പോലും വീട്ടില്‍ ആരുടെയും സഹായം സ്വീകരിക്കാന്‍ നില്‍ക്കാതെ റോഡിലേക്കോടി പോലീസിനെ വിവരം അറിയിച്ച് രക്ഷപ്പെടാന്‍ ആ വിദ്യാര്‍ഥിനി ശ്രമിച്ചു. പോലീസ് സമയോചിതം എത്തി അവളെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്നത് ആശ്വാസകരം. പക്ഷേ, എത്ര അരക്ഷിതമാണ് നമ്മുടെ വസതികള്‍ എന്ന പ്രശ്‌നത്തിലേക്കാണ് ഈ സംഭവം നമ്മെ കൊണ്ടെത്തിക്കുന്നത്.

പൂജയും പ്രാര്‍ഥനകളും മറ്റും നടത്താന്‍ എന്ന പേരില്‍ വരുന്ന ആത്മീയ വേഷധാരികള്‍ മുമ്പും ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പലയിടങ്ങളിലും കാണേണ്ടി വന്നിട്ടുണ്ട്. പലരും നീച ജന്മങ്ങളാണ്. ശ്രീഹരി എന്നുപേരുള്ള ഈ ലൈംഗിക നരാധമനും ഒരു നീച ജന്മമാണ്. അയാള്‍ക്ക് രാഷ്ട്രീയ ഉന്നത ബന്ധങ്ങളുണ്ടെന്ന വാര്‍ത്തകള്‍ സത്യമാണെങ്കില്‍ നിശ്ചയമായും അത് അപമാനകരമാണ്. വ്യാജസിദ്ധന്മാരും സന്യാസിമാരും ധാരാളമുള്ള ഒരു നാടാണ് കേരളം. അവരെ വളര്‍ത്താന്‍ രാഷ്ട്രീയാധികാര രംഗങ്ങളിലെ ചിലരെങ്കിലും ശ്രമിക്കുന്നുമുണ്ട്. ആള്‍ദൈവങ്ങളുടെ യഥാര്‍ഥ മുഖം കണ്ട് ഞെട്ടാന്‍ മാത്രം വിധിക്കപ്പെട്ടവരായി കേരളീയര്‍ അധഃപതിച്ചുപോയോ?
സ്ത്രീ സുരക്ഷയെക്കുറിച്ച് വാ തോരാതെ പ്രസംഗിക്കുന്ന രാഷ്ട്രീയ നേതാക്കള്‍ നമുക്ക് ധാരാളമുണ്ട്. നിയമങ്ങളും കര്‍ശനമാണ്. എന്നാല്‍ അതേസമയം പീഡകരുടെ സ്വന്തം നാടായി കേരളം എന്നേ മാറിത്തീര്‍ന്നിരിക്കുന്നു. സൗമ്യവധക്കേസില്‍പ്പോലും പ്രതിക്ക് തൂക്കുമരം ഉറപ്പാക്കാന്‍ നമ്മുടെ നിയമവ്യവസ്ഥക്കു കഴിഞ്ഞില്ലല്ലോ. ജിഷാ വധക്കേസില്‍ ഇത്തരമൊരു കത്തി പ്രയോഗിക്കാന്‍ ജിഷക്കു കഴിഞ്ഞിരുന്നെങ്കില്‍ ആ നിയമ വിദ്യാര്‍ഥിനിക്കു ഒരു പക്ഷേ ജീവിച്ചിരിക്കാന്‍ കഴിയുമായിരുന്നു. സുരക്ഷ ഉറപ്പാക്കാന്‍ പ്രതിരോധത്തിന്റെ വഴികള്‍ പെണ്‍കുട്ടികള്‍ സ്വമേധയാ കണ്ടെത്തണം എന്ന യാഥാര്‍ഥ്യം തന്നെയാണ് തുറിച്ചുനോക്കുന്നത്. ഇതു പറയുമ്പോള്‍, നിയമം കൈയിലെടുക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് ദയവായി ചോദിക്കാതിരിക്കുക. പീഡകരുടെ പെട്ടെന്നുള്ള ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ കായികാഭ്യാസമുറകള്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമൊക്കെ പഠിക്കുന്നത് നല്ലതാണ്.
ഇരയായ പെണ്‍കുട്ടിക്കു നിയമപരിരക്ഷ ഉറപ്പാക്കാന്‍ എല്ലാ കാര്യവും ചെയ്യാന്‍ ഭരണകൂടത്തിന് കഴിയേണ്ടതാണ്. അതിനായി, സംസ്ഥാന വനിതാകമ്മീഷന്‍ മുന്നോട്ടുവന്നുവെന്നത് സ്വാഗതാര്‍ഹമായി കാണാം. പ്രതിയായ ഗംഗേശാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കണം.

കേട്ടിടത്തോളം അപകടകാരിയായ കുറ്റവാളിയാണയാള്‍. ആത്മീയതയുമായി യാതൊരു ബന്ധവും അയാള്‍ക്കുണ്ടെന്ന് തോന്നുന്നില്ല. തന്റെ ഇംഗിതങ്ങള്‍ നേടാനുള്ള കുറുക്കുവഴിയായി അയാള്‍ ആത്മീയ രംഗത്തെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഹിന്ദു ഐക്യവേദിയുടെ പരിപാടികളുടെ മുഖ്യസംഘാടകനായി ചില സന്ദര്‍ഭങ്ങളിലെങ്കിലും അയാള്‍ പ്രത്യക്ഷപ്പെട്ടതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കുന്നുണ്ട്. ഒരു ദശാബ്ദം മുമ്പ് തിരുവനന്തപുരത്തെ ചട്ടമ്പി സ്വാമികളുടെ ജന്മഗൃഹവുമായി ബന്ധപ്പെട്ടു നടന്ന ഒരു സമരത്തിലും അയാള്‍ മുഖ്യ സ്ഥാനത്തുണ്ടായിരുന്നുവത്രെ! അക്കാലം മുതല്‍ തന്നെ ഈ പെണ്‍കുട്ടിയുടെ വീടുമായി ബന്ധം സ്ഥാപിച്ച് ആ വീട്ടില്‍ വെച്ചുതന്നെ പീഡനം നടത്തി വരികയായിരുന്നുവെന്നും എതിര്‍ക്കാന്‍ അവള്‍ക്ക് കഴിഞ്ഞിരുന്നില്ലെന്നും പറയുമ്പോള്‍ സമൂഹത്തിന്റെ അസ്വസ്ഥത വര്‍ധിക്കുകയാണ്.
കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കേരള സമൂഹത്തിന്റെ പ്രബുദ്ധത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ് ഈ സംഭവത്തിലൂടെ. എത്ര വലിയ ലൈംഗിക കുറ്റവാളിക്കും ആത്മീയതയുടെ മുണ്ടുടുത്ത് ഏത് വീട്ടിലെ കിടപ്പറയിലും സ്ത്രീകളെ, അതും മറ്റുള്ളവരുടെ സാന്നിധ്യത്തില്‍ പീഡിപ്പിക്കാന്‍ കഴിയുമെന്ന് വന്നാല്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കും. സമൂഹത്തിന്റെ ജാഗ്രതക്കുറവ് വീടുകളിലേക്ക് എങ്ങനെയെല്ലാം കടന്നുകയറുന്നുവെന്നതിന്റെ ഉദാഹരണമായി കണ്ണമൂലയിലെ ഈ സംഭവത്തെ വിശേഷിപ്പിക്കണം. അതില്‍ നിന്നു പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. ഏതെല്ലാം കാര്യങ്ങളാണ് സമൂഹം ഏറെ ശ്രദ്ധിക്കാനുള്ളതെന്ന് ഇതില്‍ നിന്ന് വേര്‍തിരിച്ചെടുക്കണം.
സാംസ്‌കാരികമായി നാമിനിയും വളരെയേറെ ഉയരാനുണ്ട്. കുടുംബജീവിതത്തില്‍ തുറന്നു സംസാരിക്കാന്‍ വീട്ടിലുള്ളവര്‍ക്ക് കഴിയുന്ന വിധത്തില്‍ ജനാധിപത്യവത്കരണം നടക്കണം. വീട്ടില്‍ വരുന്ന അതിഥികളെ എല്ലാ ബഹുമാനങ്ങളോടുംകൂടി സ്വീകരിക്കണം. എന്നാല്‍, അത്രതന്നെ ജാഗ്രത അവരുടെ സാംസ്‌കാരികതയെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും കാട്ടുകയുംവേണം. എന്തായാലും, കേരളത്തിന്റെ പ്രബുദ്ധ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത സംഭവത്തിലെ പ്രതീകമെന്ന നിലയില്‍ സ്വാമിയുടെ മുറിഞ്ഞ ജനനേന്ദ്രിയം അവശേഷിക്കട്ടെ.

---- facebook comment plugin here -----

Latest