Connect with us

Gulf

നോമ്പുകാലം; ഭക്ഷ്യ വസ്തുക്കള്‍ക്ക് വിലക്കിഴിവുമായി ദുബൈ സാമ്പത്തിക മന്ത്രാലയം

Published

|

Last Updated

ദുബൈ: നോമ്പുകാലം പ്രമാണിച്ച് കൂടുതല്‍ വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് യു എ ഇ ധനകാര്യ മന്ത്രാലയം. 10,000ത്തിലധികം ഉത്പന്നങ്ങള്‍ക്കാണ് വിലക്കിഴിവ്. രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷ്യ വിഭവങ്ങള്‍ വാങ്ങുന്ന ഇനത്തില്‍ 30 കോടി ദിര്‍ഹമിന്റെ ലാഭമുണ്ടാക്കുന്ന വിധത്തിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്.
രാജ്യത്തെ 600ല്‍ പരം ഹൈപ്പര്‍മാര്‍ക്കറ്റുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവിടങ്ങളിലാണ് വിലക്കിഴിവുള്ളത്. കഴിഞ്ഞ ദിവസം മന്ത്രാലയത്തിന് കീഴിലെ ഉപഭോക്തൃ സംരക്ഷണ വിഭാഗം ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി അറിയിച്ചതാണിക്കാര്യം.

അരി, പല വ്യഞ്ജനങ്ങള്‍, ആട്ട, മൈദ, ഇറച്ചി വിഭവങ്ങള്‍ തുടങ്ങിയവക്ക് 50 മുതല്‍ 75 ശതമാനം വരെയാണ് വിലക്കിഴിവുണ്ടാവുക. ചില വിഭവങ്ങള്‍ സാധനത്തിന്റെ തനത് വിലക്ക് തന്നെ പൊതുജനങ്ങള്‍ക്ക് വാങ്ങുവാനുള്ള സൗകര്യമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ അഞ്ച് കോടി ദിര്‍ഹമിന്റെ വിലക്കിഴിവാണ് യു എ ഇയിലുടനീളമുണ്ടായിരുന്നത്. 4,500 അത്യാവശ്യ സാധനങ്ങള്‍ക്ക് ഈ വര്‍ഷം വിലക്കിഴിവ് ഉറപ്പുവരുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 15 ശതമാനം സാധനങ്ങള്‍ക്കാണ് കൂടുതലായി വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.
റമസാന്‍ മാസത്തില്‍ അത്യാവശ്യ സാധനങ്ങളുടെ വിപണി വര്‍ധിക്കാറുണ്ട്. ഈ സാധനങ്ങളിന്‍മേല്‍ മന്ത്രാലയം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിതരണക്കാരുമായും വ്യാപാരികളുമായും നടത്തിയ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുള്ളത്.

ദുബൈയില്‍ മാത്രം 21,000 ടണ്‍ ഭക്ഷ്യ വസ്തുക്കളാണ് ദിനം പ്രതി വ്രത നാളുകളില്‍ ഇറക്കുമതി ചെയ്യുന്നത്. അബുദാബിയില്‍ ഇത് 4000 ടണ്‍ ആണ്. നിലവില്‍ 125,000 ഭക്ഷ്യ ഉത്പന്നങ്ങളുടെ സംഭരണമുണ്ട്. ദുബൈ, അബുദാബി മാര്‍ക്കറ്റുകളിലെ വിപുലീകരിച്ച റെഫ്രിജറേറ്റര്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് ഇത്രയുമധികം സംഭരണം നടത്തുവാന്‍ സാധിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്രത നാളുകളില്‍ ജനങ്ങള്‍ക്ക് വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടുന്നതിനാണ് മന്ത്രാലയം മുന്‍കൈയെടുത്ത് നടപടികള്‍ കൈകൊണ്ടത്. മന്ത്രാലയത്തിന് കീഴില്‍ രാജ്യത്തെ മല്‍സ്യ, ഇറച്ചി മാര്‍ക്കറ്റുകളിലടക്കം വിവിധ വ്യാപാര കേന്ദ്രങ്ങളില്‍ 450 പ്രാവശ്യം മുന്‍നിശ്ചയിച്ച പ്രകാരം പരിശോധനകള്‍ നടത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങള്‍ക്ക് വിലക്കയറ്റത്തെ കുറിച്ച് പരാതിപ്പെടാന്‍ മന്ത്രാലയത്തിന് കീഴിലെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിന്റെ പകുതിയില്‍ 10,283 പരാതികളാണ് ഉത്പന്നങ്ങളുടെ വിലയുമായി ബന്ധപ്പെട്ടു ലഭിച്ചത്. ഉപയോഗയോഗ്യമല്ലാത്ത ചിലയിനം ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചിട്ടുണ്ട്. ഉത്പന്നങ്ങളുടെ വിശദാംശങ്ങള്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗത്തിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കാറുകള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, കളിപ്പാട്ടങ്ങള്‍ എന്നിവയും വിപണിയില്‍ നിന്ന് തിരിച്ചുവിളിച്ചവയില്‍ ഉള്‍പെടും, അദ്ദേഹം പറഞ്ഞു.

Latest