രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം തമിഴ്‌നാട്ടില്‍ പ്രതിഷേധം

Posted on: May 22, 2017 3:07 pm | Last updated: May 22, 2017 at 3:07 pm

ചെന്നൈ : സൂപ്പര്‍ താരം രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിക്ക് മുന്നില്‍ തീവ്ര തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം. കന്നഡിഗനായ രജനീകാന്ത് തമിഴ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെതിരെയാണു പ്രതിഷേധം. സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവര്‍ത്തകരുമാണു പ്രതിഷേധവുമായെത്തിയത്. പ്രതിഷേധക്കാര്‍ താരത്തിന്റെ കോലം കത്തിച്ചു.

കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ താരം രാഷ്ട്രീയ പ്രവേശനത്തിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയിരുന്നു. ഇതിനു ശേഷം രജനിയുടെ രാഷ്ട്രീയ പ്രവേശം തമിഴകത്ത് ചൂടുള്ള ചര്‍ച്ചയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പര്‍താരം രജനീകാന്ത് ഉടന്‍ കൂടിക്കാഴ്ച നടത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍താരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകള്‍ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്.

രജനീകാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും രംഗത്തുവന്നത് അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്. രജനീകാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ച് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും രംഗത്തെത്തി. രാഷ്ട്രീയത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ബിജെപിയെക്കുറിച്ചും ചിന്തിക്കുക എന്നാണ് എനിക്ക് അദ്ദേഹത്തോടു പറയാനുള്ളത്. പാര്‍ട്ടിയില്‍ രജനീകാന്തിന് വളരെ കൃത്യമായ സ്ഥാനമുണ്ടെന്നും ഗഡ്കരി പറഞ്ഞു