മുംബൈ ചാമ്പ്യന്‍സ്

Posted on: May 22, 2017 11:57 am | Last updated: May 22, 2017 at 11:57 am

ഹൈദരാബാദ്: അവസാന പന്ത് വരെ നീണ്ട ആവേശപ്പോരാട്ടത്തില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റിനെ ഒരു റണ്‍സിന് കീഴടക്കി മുംബൈ ഇന്ത്യന്‍സിന് ഐ പി എല്‍ കിരീടം.
മുംബൈ ഉയര്‍ത്തിയ 130 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെക്ക് 20 ഓവറില്‍ 128 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്തില്‍ നാല് റണ്‍സായിരുന്നു ജയിക്കാന്‍ പൂനെക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഡാന്‍ ക്രിസ്റ്റ്യനെ റണ്ണൗട്ടാക്കി മുംബൈ ജയം പിടിച്ചെടുത്തു. സ്‌കോര്‍: മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റിന് 129. പൂനെ 20 ഓവറില്‍ ആറ് വിക്കറ്റിന് 128.
പൂനെ ബൗളര്‍മാരുടെ ഉശിരന്‍ പ്രകടനമാണ് മുംബൈയെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ജയ്‌ദേവ് ഉനദ്കട്ട് എറിഞ്ഞ മൂന്നാം ഓവറില്‍ പാര്‍ഥിവ് പട്ടേലിലൂടെ (4) മുംബൈക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ശാര്‍ദുല്‍ ഠാക്കൂറിന് ക്യാച്ച് നല്‍കിയായിരുന്നു പട്ടേലിന്റെ മടക്കം.
തൊട്ടുപിന്നാലെ സിമ്മണ്‍സിനെ (മൂന്ന്) ഉജ്ജ്വമായൊരു റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി ഉനദ്കട്ട് ആഞ്ഞടിച്ചു. അമ്പാട്ടി റായ്ഡു (12) ഒരിക്കല്‍ക്കൂടി പരാജയമായതോടെ മുംബൈ വന്‍ തകര്‍ച്ചയെ തുറിച്ചു നോക്കി. 7.2 ഓവറില്‍ 41 റണ്‍സെടുക്കുന്നതിനിടെ മൂന്ന് ബാറ്റ്‌സ്മാന്‍മാര്‍ പവലിയനിലെത്തിയതോടെ മുംബൈ പകച്ചു. തുടര്‍ച്ചയായ ബൗണ്ടറികളുമായി നന്നായി തുടങ്ങിയ രോഹിത് ശര്‍മ ശാര്‍ദുല്‍ ഠാക്കൂറിന്റെ മികച്ചൊരു ക്യാച്ചില്‍ പുറത്തേക്കുള്ള വഴി കണ്ടു. 22 പന്തില്‍ നാല് ബൗണ്ടറികള്‍ സഹിതം 24 റണ്‍സായിരുന്നു നായകന്റെ സമ്പാദ്യം.
ക്രിനാല്‍ പാണ്ഡ്യ ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും പിന്തുണ നല്‍കാന്‍ ആരുമുണ്ടായിരുന്നില്ല. 38 പന്തില്‍ മൂന്ന് ബൗണ്ടറികളും രണ്ട് സിക്‌സറും പറത്തിയ ക്രുനാല്‍ പാണ്ഡ്യ 47 റണ്‍സെടുത്തു. എട്ടാം വിക്കറ്റില്‍ ക്രുനാല്‍ പാണ്ഡ്യയും മിച്ചല്‍ ജോണ്‍സണും ചേര്‍ന്ന് നേടിയ അന്‍പത് റണ്‍സാണ് മുംബൈ സ്‌കോറിംഗിന് മാന്യത പകര്‍ന്നത്. ജോണ്‍സണ്‍ 13 റണ്‍സെടുത്തു.