ജയില്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തല്‍

Posted on: May 21, 2017 7:49 am | Last updated: May 20, 2017 at 11:50 pm

സമകാലീന ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സ്ത്രീ പ്രശ്‌നമെന്ന മട്ടിലാണ് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും ചില ഇടത് പ്രസ്ഥാനങ്ങളും കോടതികള്‍ പോലും ഇപ്പോള്‍ മുത്വലാഖ് പ്രശ്‌നം ചര്‍ച്ച ചെയ്യുന്നത്. ഇതുസംബന്ധിച്ച ഒരു കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുകയുമാണ്. എന്നാല്‍ രാജ്യത്തെ ആദിവാസി സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനവും ദുരിതങ്ങളും പീഡനങ്ങളുമാണ് ഇന്ത്യന്‍ സ്ത്രീത്വം അനുഭവിക്കുന്ന മുഖ്യപ്രശ്‌നമെന്നാണ് ഇതുമായി പുറത്തു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ വിളിച്ചു പറയുന്നത്. ഭരണകൂടത്തില്‍ നിന്നും ജാതിമേധാവികളില്‍ നിന്നും സൈനിക, പോലീസ് കേന്ദ്രങ്ങളില്‍ നിന്നും ദളിത് സമൂഹം വിശിഷ്യാ സ്ത്രീകള്‍ അനുഭവിക്കുന്ന പീഡനങ്ങളുടെ കഥകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണ്. പുറം ലോകം അറിയാതെ പോകുന്ന കഥകള്‍ ചിലപ്പോള്‍ ഇതിന്റെ പതിന്മടങ്ങ് വരും. ഛത്തീസ്ഗഢിലെ ജയില്‍ ഉദ്യോഗസ്ഥ വര്‍ഷ ഡോങ്‌ഗ്രെയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ ഇതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ്.
ഛത്തീസ്ഗഢില്‍ മാവോവിരുദ്ധ നടപടിയുടെ പേരില്‍ അറസ്റ്റ് ചെയ്തു ജയിലിലടച്ച ആദിവാസി വനിതകള്‍ ജയിലധികൃതരില്‍ നിന്ന് അനുഭവിക്കുന്ന ക്രൂരമായ ലൈംഗിക, ശാരീരിക പീഡനങ്ങളാണ് ഫേസ്ബുക്കിലെ മുഖ്യ പ്രമേയം. പോലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥര്‍, 14 മുതല്‍ 16വരെ പ്രായമുള്ള പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കുകയും അവരെ വിവസ്ത്രരാക്കി കൈകളിലും മുലകളിലും ഇലക്ട്രിക് ഷോക്ക് ഏല്‍പ്പിക്കുകയും ചെയ്യുന്നതായും അതിന്റെ അടയാളങ്ങള്‍ അവരുടെ ശരീരത്തില്‍ കാണാമെന്നും അനുഭവ സാക്ഷ്യത്തിന്റെ അടിസ്ഥാനത്തില്‍ വര്‍ഷ വെളിപ്പെടുത്തുന്നു. മൂന്നാം മുറക്കിരയാകുന്ന ദളിത് സ്ത്രീകള്‍ക്ക് ചികിത്സയും ലഭ്യമാക്കുന്നില്ല. ജാതിമേലാളന്മാരും നിയമപാലകരും ചേര്‍ന്നു ആദിവാസികളെ സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കുന്നു. വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. വീടുകള്‍ കത്തിക്കുന്നു. സ്ത്രീകളെയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയുമാ ണത്രേ സൈന്യവും പോലീസും ലക്ഷ്യമിടുന്നത്. വ്യാജകേസുകള്‍ ചുമത്തിയാണ് അവരെ ജയിലിലടക്കുന്നത്. സര്‍ക്കാര്‍ അവകാശപ്പെടുന്നത് പോലെ മാവോയിസത്തെ പ്രതിരോധിക്കാനല്ല അവരെ വേട്ടയാടുന്നത്, ഭൂമിയും വനവും പിടിച്ചെടുക്കാനാണ്. സി ബി ഐ റിപ്പോര്‍ട്ടും കോടതിയും ഇക്കാര്യങ്ങളെല്ലാം സ്ഥിരീകരിച്ചതാണെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഇത്തരം കാര്യങ്ങള്‍ തുറന്നു കാട്ടുമ്പോള്‍ അവരെയും ജയിലില്‍ തളച്ചിട്ടു നിശ്ശബ്ദരാക്കാന്‍ ശ്രമിക്കയാണെന്നും വര്‍ഷ ഡോങ്‌ഗ്രെ ചൂണ്ടിക്കാട്ടുന്നു.
ഏപ്രില്‍ അവസാനത്തിലാണ് വര്‍ഷ ഇക്കാര്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതേതുടര്‍ന്ന് ഛത്തീസ്ഗഢ് പോലീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ഡപ്യൂട്ടി ജയില്‍ സൂപ്രണ്ട് അവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. ജയിലിലെ മൂന്നാം മുറയും ആദിവാസി സ്ത്രീ പീഡനവും വിശദമായി പ്രതിപാദിക്കുന്ന 376 പേജുകളുള്ള മറുപടിയാണ് നോട്ടീസിന് അവര്‍ നല്‍കിയത്. 2015ല്‍ ഛത്തീസ്ഗഢില്‍ മാവോവാദി വേട്ടയുടെ മറവില്‍ ആദിവാസി സ്ത്രീകളെ പോലീസ് ബലാത്സംഗം ചെയ്ത സംഭവം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തതാണ്. ബീജാപൂര്‍ ഗ്രാമത്തിലെ സ്ത്രീകളാണ് പോലീസ് പീഡനത്തിന് ഇരകളായത്. അര്‍ധരാത്രി വീട്ടില്‍ അതിക്രമിച്ചെത്തി സ്ത്രീകളെ കാഴ്ചവെക്കാന്‍ വീട്ടിലുള്ളവരോട് പോലീസ് ആവശ്യപ്പെട്ട സംഭവങ്ങളുമുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു. നാല്‍പ്പതോളം വരും അന്ന് പോലീസ് പീഡനത്തിനിരയായ സ്ത്രീകളെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇതുസംബന്ധിച്ചു സംസ്ഥാന െ്രെകം ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്ട്‌മെന്റ് അന്വേഷണം നടത്തിക്കൊണ്ടിരിക്കയാണ്.
ജന്മിത്വത്തിന്റെയും ജാതിമേധാവിത്വത്തിന്റെയും അടിച്ചമര്‍ത്തലുകളും അധികാരി വര്‍ഗത്തിന്റെ വിവേചനവും നിയമപാലകരുടെ ക്രൂരതകളും ദാരിദ്ര്യത്തിന്റെയും ചൂഷണത്തി ന്റെയും തീവ്രതയും അനുഭവിക്കുന്നവരാണ് രാജ്യത്തെ ആദിവാസികളില്‍ ഗണ്യ വിഭാഗവും. രണ്ട് ലക്ഷത്തോളം ദളിത് കുടുംബങ്ങളാണ് ‘എന്‍ ഡി എ ഭരണത്തില്‍ തിളങ്ങുന്ന’ ഇന്ത്യയില്‍ മലം ചുമന്നും കക്കൂസ് കഴുകിയും തോട്ടിപ്പണിയെടുത്തും ജീവിക്കുന്നത.് മേല്‍ ജാതിക്കാര്‍ ഭക്ഷണം കഴിച്ച എച്ചില്‍ ഇലയില്‍ ശയന പ്രദക്ഷിണം ചെയ്യാന്‍ വിധിക്കപ്പെട്ടവരാണവര്‍. ഭൂമി, കിടപ്പാടം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍, ജീവനോപാധികളുടെ ലഭ്യത, പോഷകാഹാരം തുടങ്ങി അടിസ്ഥാന കാര്യങ്ങളിലെല്ലാം ഏറെ പിന്നിലാണ് ഇവര്‍. ഈ യാഥാര്‍ഥ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചാണ് കേന്ദ്ര സര്‍ക്കാറും സംഘ്പരിവാറും രാജ്യത്തെ ന്യൂന പക്ഷമായ മുസ്‌ലിം സമൂദായത്തില്‍ നടക്കുന്ന വിവാഹമോചനത്തില്‍ 0.3 ശതമാനം മാത്രം വരുന്ന മുത്വലാഖിന്റെ കാര്യത്തില്‍ ബഹളം വെക്കുന്നത്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡിബേറ്റ്‌സ് ഇന്‍ ഡെവലെപ്‌മെന്റ് പോളിസി നടത്തിയ സര്‍വേയിലാണ് മുത്വലാഖ് മുസ്‌ലിം സമുദായത്തില്‍ വളരെ വിരളമായി മാത്രമേ നടക്കുന്നുള്ളൂവെന്നും ആയിരം ത്വലാഖില്‍ ശരാശരി മൂന്നെണ്ണമാണ് മുത്വലാഖെന്നും കണ്ടെത്തിയത്. അതുകൊണ്ട് ഭരണകൂടവും കോടതികളും സ്ത്രീസംരക്ഷണത്തിനെന്ന പേരില്‍ രംഗത്തു വരുന്ന സംഘടനകളും ആദ്യമായി അരികുവത്കരിക്കപ്പെട്ട ദളിത് സമൂഹത്തിന്റെ ദുരിതം തീര്‍ക്കാന്‍ മുന്‍കൈയെടുക്കട്ടെ. എന്നിട്ടാകാം മുത്വലാഖിന്റെ കാര്യം.