Connect with us

Articles

വാര്‍ത്തകളുടെ ഉടമസ്ഥാവകാശം; കുമ്മനത്തിന്റെ കുബുദ്ധി

Published

|

Last Updated

പണ്ടൊക്കെ പരസ്യങ്ങള്‍ പത്രത്തിലാണ് വന്നിരുന്നത്. ഇപ്പോള്‍ നോക്കൂ, പരസ്യത്തില്‍ പൊതിഞ്ഞാണ് പ്രഭാതപത്രങ്ങള്‍ നമുക്കു മുമ്പിലെത്തുന്നത്. അതാത് ദിവസത്തെ വാര്‍ത്തകളറിയണമെങ്കില്‍ പത്രങ്ങള്‍ക്കുമേല്‍ വായനക്കാരന്‍ ഒരു കൈയേറ്റം തന്നെ നടത്തേണ്ടി വരും. മള്‍ട്ടിനാഷനല്‍ കമ്പനികളുടെ പരസ്യം തുന്നിപ്പിടിപ്പിച്ചു വികൃതമാക്കിയ ഒരു പുറങ്കുപ്പായം. അതൂരി മാറ്റുമ്പോള്‍ ചിലപ്പോള്‍ മറ്റൊരു ഇന്നര്‍വെയര്‍. അതും പരസ്യം തന്നെ. ഒന്നൊന്നായി മാറ്റി ഏകദേശം അഞ്ചാമത്തെയോ, ആറാമത്തെയോ പേജിലെത്തുമ്പോഴേക്കും നമ്മുടെ പത്രമുത്തശ്ശിമാര്‍ അന്നത്തെ പ്രധാന വാര്‍ത്തയുമായി വായനക്കാരെ നോക്കി കടാക്ഷവിക്ഷേപം നടത്തും. പത്രങ്ങളുപേക്ഷിച്ച് ടി വി തുറക്കാമെന്നു വെച്ചാല്‍ അന്നത്തെ ദിവസം നഷ്ടമായത് തന്നെ.
ഇംഗ്ലീഷിലും മലയാളത്തിലുമായി മൂന്നു ഡസന്‍ ചാനലുകള്‍ ആദ്യമാദ്യം വാര്‍ത്തകളുടെ ഇടവേളകളിലായിരുന്നു പരസ്യങ്ങള്‍ കാണിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ പരസ്യങ്ങളുടെ ഇടവേളകളിലാണ് വാര്‍ത്തകള്‍ കാണിക്കുന്നത്. പ്രേക്ഷകരുടെ കൈയിലെ റിമോട്ട് കണ്‍ട്രോള്‍ എന്ന വജ്രായുധം ഉപയോഗിച്ച് ഇടവേളകളെ ഇടിച്ചുമാറ്റി ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് ചാനലുകള്‍ മാറ്റുന്നതിനിടയില്‍ നമ്മുടെ മസ്തിഷ്‌കത്തില്‍ പതിഞ്ഞ വാര്‍ത്തകളെ വീണ്ടും നമ്മള്‍ നമ്മുടെ അഭിരുചിക്കനുസരിച്ച് ഒന്നുകൂടി അരിച്ചുപൊറുക്കി വേണം നിഗമനങ്ങളിലെത്തുവാന്‍.

മൂന്നാറിലെ മൂന്നാള്‍ സമരവും എം എം മണിയുടെ ഭാഷാ ചാതുരിയും പരിശോധിച്ചു മടുത്തപ്പോഴാണ് കണ്ണൂരിലെ കൊലപാതകവും കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റും പത്രങ്ങള്‍ക്കും വാര്‍ത്താ ചാനലുകള്‍ക്കും പുതിയ ഒരു ഊര്‍ജ സ്രോതസ്സായത്. ഈ ഫേസ്ബുക്ക് എഴുത്ത് ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരു മാതിരി വരട്ടുചൊറിയാണ്. ചൊറിഞ്ഞു തുടങ്ങുമ്പോള്‍ പരമസുഖം. ഒരു ഘട്ടം കഴിഞ്ഞാല്‍ നീറ്റല്‍ കലശലാകുന്നു. അപ്പോള്‍ ശമിപ്പിക്കാന്‍ പോലീസോ കോടതിയോ കേന്ദ്ര സംസ്ഥാന ഭരണാധികാരികളോ ഒക്കെ ഇടപെടേണ്ടി വരും. സൈബര്‍ സ്‌പേസിന് പ്രത്യേക പട്ടയമോ നികുതി ചീട്ടോ ഒന്നും വേണ്ട. ആര്‍ക്കും ആവശ്യത്തിന് കൈയേറാന്‍ മാത്രം വിപുലമാണീ പ്രദേശം. ഇതത്രയും ആഗോള മാധ്യമ കുത്തകകള്‍ കൈയടക്കി കഴിഞ്ഞതാണ്. അവിടെ നമ്മള്‍ ചെലവഴിക്കുന്ന ഓരോ നിമിഷത്തിനും നിക്ഷേപിക്കുന്ന ഓരോ കുത്തിനും കോമക്കുമുള്ള പ്രതിഫലം നമ്മള്‍ അറിയാതെ തന്നെ നമ്മുടെ പോക്കറ്റില്‍ നിന്ന് അവരുടെ പോക്കറ്റിലേക്ക് മാറ്റാനുള്ള സാങ്കേതിക വിദ്യയൊക്കെ മുന്‍കൂര്‍ ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. ഇനി വിപ്ലവം വരുന്നത് തോക്കിന്‍കുഴലിലൂടെ ആയിരിക്കില്ല. കമ്പ്യൂട്ടര്‍ കീബോര്‍ഡുകളിലൂടെയും -മൊബൈല്‍ ആപ്പുകളിലൂടെയുമായിരിക്കും. ബേങ്ക് കൊള്ളയടിക്കാന്‍ പഴയത് പോലെ സ്‌ട്രോംഗ്‌റൂമുകളിലേക്ക് തുരങ്കം തീര്‍ക്കുകയൊന്നും വേണ്ട. പഞ്ചായത്തോഫീസോ, പോലീസ് സ്റ്റേഷനോ, സെക്രട്ടേറിയറ്റോ ഒക്കെ ക്ഷണനേരം കൊണ്ട് നിശ്ചലമാക്കാന്‍ പര്യാപ്തമായ വൈറസുകളെ നിങ്ങള്‍ക്ക് നിങ്ങളുടെ സ്വന്തം കമ്പ്യൂട്ടറുകളില്‍ സൃഷ്ടിക്കാം.
മുമ്പൊക്കെ ജനിച്ചു വീണ കുഞ്ഞ് ആദ്യം അന്വേഷിക്കുന്നത് അമ്മയുടെ അമ്മിഞ്ഞാകുടങ്ങളായിരുന്നെങ്കില്‍ ഇപ്പോഴത്തെ നവജാതശിശുക്കള്‍ പോലും ആദ്യം തപ്പിനോക്കുന്നത് സ്മാര്‍ട്ട്‌ഫോണുകളിലും, കമ്പ്യൂട്ടര്‍ കീബോര്‍ഡിലും ആണ്. ഈ തപ്പല്‍ വിദഗ്ധകളും വിദഗധന്‍മാരും ആണ് പിന്നീട് സോഷ്യല്‍ മീഡിയാ ആക്ടിവിസ്റ്റുകളും വാട്‌സാപ്പ് സാഹിത്യകാര്യസ്ഥന്‍മാരും ആയി മാറുന്നത്. അവര്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നു. പരസ്പരം കൈമാറുന്നു. ലൈക്കുകളും, ഡിസ്‌ലൈക്കുകളും അടിച്ചു ആളാകുന്നു. പേന, കടലാസ്, പത്രം, മാസിക, പുസ്തകം, എല്ലാം ഇവര്‍ക്കു പുരാവസ്തുക്കളാണ്. ആയിക്കോട്ടെ, പുതുതലമുറയുടെ ഈ സാംസ്‌കാരിക മുന്നേറ്റത്തിന് നമുക്കു ഭാവുകങ്ങള്‍ നേരാം. പത്രങ്ങള്‍ക്കും ടി വി വാര്‍ത്തകള്‍ക്കും നഷ്ടപ്പെട്ട വിശ്വാസം, സോഷ്യല്‍ മീഡിയായില്‍ അര്‍പ്പിച്ചവര്‍ക്കും ഫലം നിരാശ തന്നെ.

പണ്ടു സഞ്ജയന്‍ പറഞ്ഞ കണക്കുള്ള ചൊറിച്ചില്‍ ഫേസ്ബുക്ക് കൂട്ടായ്മയിലേക്കാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖര്‍ജി ഇപ്പോള്‍ പ്രവേശിച്ചിരിക്കുന്നത്. ഒന്നുമല്ലെങ്കില്‍ അദ്ദേഹം ഒരു സനാതനിയല്ലെ, സംഘ്പരിവാരിയല്ലേ, പ്രായവും കുറെയായില്ലേ, ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷന്‍ ആകുന്നതിന് മുമ്പേ ഒന്നാന്തരം ഒരമ്പല പ്രാസംഗികനായിരുന്നല്ലോ. ഉത്സവപ്പറമ്പുകളില്‍ വര്‍ഷം തോറും സാംബശിവന്‍ നടത്തി വന്നിരുന്ന കഥാപ്രസംഗങ്ങളാണ് കേരളത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളെന്നറിയപ്പെടുന്ന ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്ക് ബീജാവാപം ചെയ്തത്. സാംബശിവന്‍ രംഗത്തു നിന്ന് നിഷ്‌ക്രമിച്ചതോടെ ആ ഒഴിവ് നികത്താന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക കലാകാരന്‍മാരില്‍ നിന്ന് ആരും തന്നെ ഉയര്‍ന്നു വന്നില്ല. ക്ഷേത്രങ്ങളിലെ ഉത്സവകമ്മിറ്റിക്കാര്‍ ഈ ഒഴിവു നികത്തിയത് കുമ്മനത്തിനെപോലെയുള്ളവരുടെ മതപ്രസംഗങ്ങളിലൂടെയായിരുന്നു എന്നു മാത്രം. അങ്ങനെ സാംബശിവന്‍ കേരളത്തിലെ ക്ഷേത്രമുറ്റത്തു നടത്തിയ വിപ്ലവത്തിന് ഒരു പ്രതിവിപ്ലവമായി കുമ്മനം രാജശേഖരന്റെ മതപ്രസംഗങ്ങള്‍ മാറി. രണ്ടും കേട്ടത് ഒരേ വിഭാഗം തന്നെ. വിപ്ലവത്തില്‍ മാത്രമല്ല, പ്രതിവിപ്ലവത്തിലും കാര്യമുണ്ടെന്ന് നല്ല വിഭാഗം ക്ഷേത്ര വിശ്വാസികള്‍ക്കും തോന്നിത്തുടങ്ങി. കുമ്മനത്തിന് പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്റെ ജോലിയേക്കാള്‍ ഇണങ്ങുക അമ്പലപ്പറമ്പിലെ രാത്രി പ്രസംഗങ്ങളാണ്. അങ്ങനെയെങ്കില്‍ ഉത്സവ പറമ്പിലെ അരിവാള്‍ചുറ്റികകള്‍ക്ക് അമ്പലക്കുളത്തിലെ താമരകള്‍ ഒരു ഭീഷണിയാകും. ഇതോടെ കമ്യൂണിസ്റ്റുകാരുടെ മുഖ്യശത്രു അന്തര്‍ദേശീയ ബൂര്‍ഷ്വാസിയാണോ, ദേശീയബൂര്‍ഷ്വാസിയാണോ എന്നൊക്കെയുള്ള ഗവേഷണത്തിനറുതി വരും. മുഖ്യശത്രു സംഘടിത ഹിന്ദു മതം തന്നെ എന്നും സഖാക്കള്‍ തീരുമാനിച്ച മട്ടാണ്. എന്നു കരുതി വിവാഹം, പാലുകാച്ചല്‍, ചോറുകൊടുക്കല്‍, ഏകാദശി ആചരിക്കല്‍, തുലാഭാരം തൂക്കല്‍, അടിയുത്സവം, അയ്യപ്പന്‍ വിളക്ക്, മൂകാംബിക യാത്ര, ഗണപതിഹോമം പോലുള്ള പരമ്പരാഗത ഹിന്ദു ആചാരങ്ങള്‍ സഖാക്കള്‍, പാടേ ഉപേക്ഷിച്ചിട്ടും മറ്റും ഇല്ല. വൈരുധ്യാധിഷ്ഠിത ഭൗതികവാദരോഗം കലശലായ കുടുംബങ്ങളിലെ ഗൃഹനാഥന്‍മാര്‍ മാത്രം ഇതില്‍ നിന്നൊക്കെ വിട്ടു നില്‍ക്കുകയും മതപരമായ അനുഷ്ഠാനങ്ങളുടെ ഉത്തരവാദിത്വം സ്വന്തം സ്ത്രീകള്‍ക്കു വിട്ടു കൊടുക്കുകയും ചെയ്തു. പുരുഷന്റെ ഏതു പാപഭാരവും ചുമക്കാന്‍ വിധിക്കപ്പെട്ടവരാണല്ലോ മുതലാളിത്തത്തിലും സോഷ്യലിസത്തിലും കമ്മ്യൂണിസത്തിലും എന്നുവേണ്ട ഏതു വ്യവസ്ഥയിലും പാവം സ്ത്രീകള്‍! അവരതു ഭംഗിയായി ചെയ്തുപോരുന്നിടത്തോളം കാലം സനാതന കേരളം ഒന്നു കൊണ്ടും ഭയപ്പെടേണ്ടി വരില്ല.

ഫേസ്ബുക്കിലൂടെ വീരസ്യം പ്രകടിപ്പിക്കുന്നവര്‍ പല ആനുകൂല്യങ്ങള്‍ക്കും അര്‍ഹരാണ്. വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കേണ്ടി വരില്ല. ഏതു വാര്‍ത്തയും ഏതു ചിത്രവും പ്രചരിപ്പിക്കാം. വിശ്വസിക്കേണ്ടവര്‍ക്കു വിശ്വസിക്കാം അല്ലാത്തവര്‍ക്കു തള്ളിക്കളയാം. ഒടുവില്‍ കേസായാല്‍ തന്നെ ശിക്ഷിക്കപ്പെടാനൊന്നും പോകുന്നില്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടാണ് ആര്‍ എസ്എസ്സും, സംഘ്പരിവാറുകളും പച്ചക്കള്ളം പ്രചരിപ്പിക്കാന്‍ സാമൂഹിക മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. പയ്യന്നൂരിലെ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ടതില്‍ സി പി എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്ന ദൃശ്യമാണ് നവമാധ്യമങ്ങളായ വാട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവയിലൂടെ ഏതു സ്ഥലത്ത്? എന്ന്? എപ്പോള്‍? നടന്ന പ്രകടനം എന്നൊന്നും സൂചിപ്പിക്കാതെ ഒരു വീഡിയോ ചിത്രം പ്രദര്‍ശിപ്പിച്ചത്. അതു പയ്യന്നൂരെ കൊലപാതകത്തില്‍ സി പി എം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതാണെന്നങ്ങ് വിശ്വസിക്കാന്‍ മാത്രം മന്ദബുദ്ധികളാണോ ഈ ചിത്രം കാണുന്നവര്‍. ദൃശ്യം കണ്ടാല്‍ ആര്‍ക്കും ഉണ്ടാകുന്ന പ്രാഥമിക തോന്നല്‍, ഏതോ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥി ജയിച്ചതിന്റെ പേരില്‍ സ്ഥാനാര്‍ഥിയുടെ അനുയായികള്‍ നടത്തുന്ന ആഹ്ലാദപ്രകടനമാണെന്നാണ്. ഇത്തരം അഭ്യാസങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പരിശ്രമിക്കുന്നവര്‍ ക്യാമറയെ തോക്കിനേക്കാള്‍ മാരകമായ ഒരായുധമാക്കി ദുരുപയോഗപ്പെടുത്തുകയാണ്.
ഈ പറഞ്ഞു വരുന്നത് കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളെ ഏതെങ്കിലും അര്‍ഥത്തില്‍ ന്യായീകരിക്കാനോ ഏതെങ്കിലും ഒരു പക്ഷം പിടിക്കാനോ അല്ല. എല്ലാ കൊലപാതകങ്ങളും അത് എവിടെ ആരു നടത്തിയാലും പാതകങ്ങള്‍ തന്നെയാണ്. കൊലക്കു പകരം മറ്റൊരു കൊലപാതകം, പഴയ ഗോത്രവര്‍ഗ നീതിയുടെ അന്ധമായ പിന്തുടരലാണ്. പരിഷ്‌കൃത ഭരണകൂടങ്ങള്‍ മുഖം നോക്കാതെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഭാഗഭാക്കായവരെ രാജ്യത്ത് നിലവിലുള്ള നിയമവ്യവസ്ഥക്ക് വിധേയമായി വിചാരണ ചെയ്തു ശിക്ഷിക്കുക തന്നെ വേണം. ഇതിനുപകരം ഒരു നാടിനെ മുഴുവന്‍ ആക്ഷേപിക്കുന്ന ശൈലിയില്‍ നിന്ന് കുറഞ്ഞപക്ഷം മാധ്യമങ്ങളെങ്കിലും പിന്‍മാറണം. എന്തൊക്കെ കുപ്രചാരണങ്ങളാണ് കണ്ണൂര്‍ ജില്ലക്കെതിരെ പുറം നാടുകളില്‍ നടക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയ ബലാബലം ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വലിയ മുന്‍തൂക്കം ഒന്നും നല്‍കുന്നില്ല. എല്ലാ പാര്‍ട്ടികളും ഏറെക്കുറെ ഇവിടെ തുല്യ ശക്തികളാണ്. കണ്ണൂരിന്റെ മലയോര പ്രദേശങ്ങള്‍ തിരുവിതാംകൂറില്‍ നിന്നുള്ള ക്രിസ്ത്യന്‍ കുടിയേറ്റക്കാര്‍ക്കു മേല്‍ക്കൈയുള്ള ഒരു നാടാണ്. സ്വന്തം ജന്‍മനാട്ടില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരു സീറ്റു കിട്ടാത്തതിനാല്‍ കണ്ണൂര് വന്ന് മത്സരിച്ചു ജയിച്ച് അസംബ്ലിയില്‍ സ്ഥിരസാന്നിധ്യമാകാറുള്ള രാഷ്ട്രീയ കുടിയേറ്റക്കാരോടു ചോദിച്ചുനോക്കൂ. അവര്‍ക്കു പോലും കണ്ണൂരിനെക്കുറിച്ചു നല്ലതേ പറയാനുണ്ടാകൂ. പിന്നെയെവിടെയാണ് കുഴപ്പം? ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കാണണം എന്ന ശാഠ്യത്തോടെ ബി ജെ പി അനുകൂല നിലപാടെടുക്കുന്ന കോണ്‍ഗ്രസും മുസ്‌ലിം ലീഗും കുളം കലക്കി മീന്‍ പിടിക്കുവാനാണ് നോക്കുന്നത്.
പഴയവാടക തൊഴിലാളികള്‍ പലരും ഇന്നു വാടകകൊലയാളികളാകുന്ന ഒരു പ്രവണത രാജ്യവ്യാപകമാണ്. ഈ പ്രവണത കണ്ണൂരില്‍ അല്‍പ്പം കൂടുതലാണ്. ഇത്തരക്കാരെ എല്ലാ പാര്‍ട്ടികളും തരം പോലെ മാറിമാറി ഉപയോഗിക്കാറുണ്ട്. ഒരിക്കല്‍ ഇത്തരക്കാരെ ഉപയോഗിച്ചു തുടങ്ങിയാല്‍ പിന്നെയതവസാനിപ്പിക്കുക അത്ര എളുപ്പമല്ല. വാടകഗുണ്ടകളെ ഉപയോഗിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കടുവയുടെ പുറത്തു കേറിയുള്ള സഞ്ചാരമാണ്. അതത്രയൊന്നും സുഖകരമായിരിക്കില്ല. അതറിയാനുള്ള വിവേകം എല്ലാ രാഷ്ട്രീയക്കാരും ശീലിക്കണം.
കൊലപാതകങ്ങളെ പരസ്യമായി തള്ളിപ്പറയുന്നവര്‍ തന്നെ രഹസ്യമായി അതിനെ ന്യായീകരിക്കാറുണ്ടെന്നത് മറ്റൊരു കാര്യം. അതിനും അവര്‍ വല്യ വല്യ ന്യായങ്ങളൊക്കെ പറഞ്ഞു കളയും. വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോതേണ്ടതുണ്ടോ? കടിക്കാന്‍ വരുന്നപട്ടിക്കു മുമ്പില്‍ എന്തു ചെയ്യണം? ഭരണകൂടം തന്നെയല്ലേ ഏറ്റവും വലിയ കൊലപാതകി. ഓരോ രാജ്യവും അവരുടെ പട്ടാളക്കാരെ പരിശീലിപ്പിച്ച് മാരകായുധങ്ങളുമായി അതിര്‍ത്തിയില്‍ നിര്‍ത്തിയിരിക്കുന്നത് ശത്രു രാജ്യത്തെ അഹിംസയുടെ പാഠങ്ങള്‍ അഭ്യസിപ്പിക്കാനാണോ? ഈ ചോദ്യങ്ങളെല്ലാം അപ്രസക്തമാണ്. പക്ഷേ സി പി എമ്മും ബി ജെപിയും ശത്രു രാജ്യങ്ങളല്ല. പരസ്പരം കൊന്നാല്‍ തീരുന്നത്ര നിസ്സാരമാണോ അവര്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍. ഇത്തരം ചോദ്യങ്ങള്‍ ഒരു മേശക്കു ചുറ്റുമിരുന്നു ചോദിച്ചുത്തരം തേടേണ്ടതിനു പകരം സി പി എം ബി ജെ പിക്കെതിരെ നടത്തുന്നത് ചരിത്രപരമായ വര്‍ഗസമരത്തിന്റെ ഭാഗമാണെന്ന് കമ്മ്യൂണിസ്റ്റുകാരും തങ്ങള്‍ സി പി എമ്മിനെതിരെ നടത്തുന്നത് പഴയ കുരുക്ഷേത്രയുദ്ധത്തിന്റെ തുടര്‍ച്ചയാണെന്ന് ആര്‍ എസ് എസ്സുകാരും പറഞ്ഞു തുടങ്ങുമ്പോഴാണ് കുഴപ്പം. ഇതിലൊക്കെ എത്രയോ വലിയ കൊല്ലലും കൊല്ലിക്കലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംതോറും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. അതിന്റെ ഒക്കെ എണ്ണം എടുക്കാന്‍ മെനക്കെടാതെ കണ്ണൂരില്‍ എന്തു സംഭവിക്കുന്നു എന്നറിയാന്‍ കണ്ണും കാതും തുറന്നുവെച്ചിരിക്കുന്ന മാധ്യമങ്ങള്‍ അതു പത്രങ്ങളായാലും ചാനലുകള്‍ ആയാലും സോഷ്യല്‍ മീഡിയ ആയാലും നടത്തുന്നത് അപലപനീയമായ മാധ്യമപ്രവര്‍ത്തനമാണ്.

വാല്‍ക്കഷ്ണം- വസ്തുക്കളും പണവും മാത്രമല്ല വാര്‍ത്തകളും മോഷണത്തിനു വിധേയമാണത്രേ. ലാലു പ്രസാദ് യാദവിനെതിരായ വാര്‍ത്തയും സുനന്ദപുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെതിരായ വാര്‍ത്തയും – ബി ജെ പി അനുകൂല ചാനലായ റിപബ്ലിക് ചാനല്‍ തങ്ങളുടെ പക്കല്‍ നിന്നു മോഷ്ടിച്ചതാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പ് ഉടമകളായ ബെന്നറ്റ് ആന്‍ഡ് കോള്‍മാന്‍ കമ്പനി ആരോപിച്ചിരിക്കുന്നു. ഇതിനെതിരെ റിപബ്ലിക് ചാനലിന്റെ നടത്തിപ്പുകാരായ രാജീവ് ചന്ദ്രശേഖര്‍, അര്‍ണബ് ഗോസ്വാമി, പ്രേമ ഗോസ്വാമി എന്നിവര്‍ക്കെതിരെയാണ് കേസ്. വാര്‍ത്തകളുടെ നിജസ്ഥിതിയല്ല അതിന്റെ ഉടമസ്ഥത ആര്‍ക്കെന്നതാണ് പ്രശ്‌നം. വാര്‍ത്താശേഖരണം, അതിന്റെ പൂഴ്ത്തിവെക്കല്‍, തക്കസമയം കണ്ടെത്തി പുറത്തു വിടല്‍ ഇതെല്ലാം ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനാല്‍ ഇന്നത്തെ പത്രം ഒരു മാസം കഴിഞ്ഞു വായിക്കുക എന്ന തന്ത്രം വായനക്കാര്‍ക്കും പരിശീലിക്കാവുന്നതാണ്. പാട്ടുകേള്‍ക്കാനും സിനിമ കാണാനും മാത്രം ടി വിക്കു മുമ്പില്‍ ഇരിക്കുക. ഇനിയുള്ള കാലം ഇത്തരം ചില പരീക്ഷണങ്ങള്‍ നമ്മള്‍ പൊതുജനങ്ങളും നടത്തേണ്ടി വരും.

---- facebook comment plugin here -----

Latest