വാനാക്രൈ: വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഗവേഷകര്‍

Posted on: May 20, 2017 9:24 am | Last updated: May 20, 2017 at 12:46 pm

പാരീസ്: വാനാക്രൈ ആക്രമണത്തിനിരയായ കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ വീണ്ടെടുക്കാന്‍ പ്രോഗ്രാം വികസിപ്പിച്ചതായി ഫ്രഞ്ച് ഗവേഷകര്‍. വാനാകീ, വാനാകിവി എന്നിങ്ങനെ രണ്ട് പ്രോഗ്രാമുകള്‍ വികസിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതു പ്രകാരം വാനാക്രൈ ആക്രണത്തിനിരയായ കമ്പ്യുട്ടറുകളിലെ വിവരങ്ങള്‍ പിഴപ്പണം കൊടുക്കാതെ തന്നെ വീണ്ടെടുക്കാന്‍ കഴിയും. അതേസമയം, പ്രോഗ്രാം എല്ലാ കമ്പ്യൂട്ടറുകളിലും പൂര്‍ണ വിജയമായിരിക്കില്ലെന്ന് ഗവേഷകര്‍ വ്യക്തമാക്കി. വാനാക്രൈ ബാധിച്ചെന്ന് അറിഞ്ഞ ശേഷം കമ്പ്യൂട്ടറുകള്‍ റീ സ്റ്റാര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമേ ഈ സംവിധാനം ഉപയോഗപ്രദമാകൂ. ഫയലുകള്‍ തുറക്കാനുള്ള കോഡ് കമ്പ്യൂട്ടറില്‍ നിന്നു തന്നെ വീണ്ടെടുക്കുകയാണ് രീതി. വാനാകിവി ഉപയോഗിച്ച് വിന്‍ഡോസ് 7, എക്‌സിപി വിന്‍ഡോസ് 2003 പതിപ്പുകളില്‍ നിന്ന് ഫയലുകള്‍ വിജയകരമായി വീണ്ടെടുത്തിട്ടുണ്ട്. 150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളില്‍ വാനാക്രൈ ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍.