Connect with us

Eranakulam

കൊച്ചി മെട്രോ ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍

Published

|

Last Updated

കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങ് വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൗകര്യം പരിഗണിക്കാതെ മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതിനെ ചൊല്ലി രൂക്ഷ വിമര്‍ശനവുമായി ബി ജെ പി കേരള ഘടനം രംഗത്തെത്തി.

മെയ് 30ന് മെട്രോ ഉദ്ഘാടനം ചെയ്യാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാല്‍ മെയ് 29 മുതല്‍ ജൂണ്‍ നാല് വരെ പ്രധാനമന്ത്രി യൂറോപ്പ് പര്യടനത്തിലാണ്. ജര്‍മനി, സ്‌പെയിന്‍, റഷ്യ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ ഒഴിവുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. എന്നാല്‍ പ്രധാനമന്ത്രിക്കായി കാക്കാതെ സംസ്ഥാന സര്‍ക്കാറിന്റെ വാര്‍ഷികത്തില്‍ തന്നെ ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം.

മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും എന്തെങ്കിലും സാഹചര്യത്തില്‍ പ്രധാനമന്ത്രിക്ക് എത്താന്‍ സാധിച്ചില്ലെങ്കില്‍ മുഖ്യമന്ത്രിയാകും മെട്രോ ഉദ്ഘാടനം ചെയ്യുകയെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എന്നാല്‍, പ്രധാനമന്ത്രിയുടെ വിദേശ പര്യടനം ഒന്നര മാസം മുമ്പ് തീരുമാനിച്ചതാണെന്നും അദ്ദേഹത്തിന്റെ സൗകര്യം പരിഗണിക്കാതെയാണ് മെട്രോയുടെ ഉദ്ഘാടനം നിശ്ചയിച്ചതെന്നും ബി ജെ പി ആരോപിക്കുന്നു. പ്രധാനമന്ത്രിയെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് ഒഴിവാക്കിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.

പ്രധാനമന്ത്രിയെ അപമാനിക്കാന്‍ കരുതിക്കൂട്ടി നടത്തിയ നീക്കമാണിതെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു. മെയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെ പ്രധാനമന്ത്രി ഇന്ത്യയില്‍ ഇല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മെട്രോയുടെ ഉദ്ഘാടനം തീരുമാനിച്ചത്. തികഞ്ഞ അല്‍പ്പത്തമാണ് കേരളസര്‍ക്കാര്‍ കാണിക്കുന്നത്.ഇതുകൊണ്ട് കേരളത്തിന് ഗുണമൊന്നും ഉണ്ടാവില്ലെന്ന് മാത്രമല്ല ദോഷമേ ഉണ്ടാവുകയുള്ളൂ എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.