ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്ന് രജനീകാന്ത്

Posted on: May 19, 2017 10:20 am | Last updated: May 19, 2017 at 4:29 pm

കോടമ്പാക്കം: തമിഴ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തിനല്‍കി സൂപ്പര്‍താരം രജനീകാന്ത്. കോടമ്പക്കത്ത് നാലുദിവസമായി തുടരുന്ന ആരാധകരുമായുള്ള കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകള്‍ താരം നല്‍കി. കൂടിക്കാഴ്ചയുടെ അവസാന ദിവസമായ ഇന്ന് അദ്ദേഹം പറഞ്ഞത് ഇന്നത്തെ രാഷ്ട്രീയ സംവിധാനത്തില്‍ മാറ്റം വരണമെന്നാണ്. ഇന്നത്തെ രാഷ്ട്രീയ സംവിധാനം ജനങ്ങളെക്കുറിച്ചു ചിന്തിക്കുന്നില്ല. അവര്‍ക്കുവേണ്ടി ഒന്നും ചെയ്യുന്നില്ല. ഇതില്‍ മാറ്റം വരണമെന്നും രജനികാന്ത് പറഞ്ഞു.

കര്‍ണാടകയില്‍നിന്നുള്ളയാളായിട്ടും തമിഴ്‌നാട്ടുകാര്‍ തന്നെ സ്വീകരിച്ചു. പൂര്‍ണ തമിഴനായി തന്നെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. താന്‍ കര്‍ണാടകയില്‍ 23 വര്‍ഷം ജീവിച്ചു, തമിഴ്‌നാട്ടില്‍ 43 വര്‍ഷവും. തമിഴനെന്നു അറിയപ്പെടുന്നതില്‍ അഭിമാനമുണ്ട്. എന്റെ ആരാധകരാണ് എന്നെ തമിഴനാക്കിയത്. നിങ്ങളെപ്പോലെ തന്നെ എനിക്കും ഉത്തരവാദിത്തങ്ങളും ജോലികളുമുണ്ട്. നമുക്ക് അതു ചെയ്യാം. എന്നാല്‍ അന്തിമയുദ്ധം വരുമ്പോള്‍, നമുക്കു കാണാമെന്നും രജനി പറഞ്ഞു.

അതേസമയം, ബിജെപിയിലേക്കു ക്ഷണിച്ചു കൊണ്ടുള്ള കേന്ദമന്ത്രി പൊന്‍രാധാകൃഷ്ണന്റെ പ്രസ്താവനയെക്കുറിച്ച് ഒന്നും പറയാനില്ലെന്നു രജനീകാന്ത് നേരത്തെ മറുപടി നല്‍കിയിരുന്നു.