സര്‍ക്കാറിന്റെ പുതിയ മദ്യനയം അടുത്ത മാസം 30 ന് മുമ്പ്‌

Posted on: May 19, 2017 9:48 am | Last updated: May 19, 2017 at 9:32 am

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ പുതിയ മദ്യനയം ജൂണ്‍ 30ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. കള്ളുവ്യവസായത്തിന്റെ സംരക്ഷണം ലക്ഷ്യമിട്ട് ടോഡി ബോര്‍ഡ് രൂപവത്കരണത്തിന് നിയമനിര്‍മാണം നടത്തുമെന്നും ധനാഭ്യര്‍ത്ഥന ചര്‍ച്ചക്ക് മറുപടിയായി മന്ത്രി അറിയിച്ചു. ഇപ്പോള്‍ ബിയര്‍ വൈന്‍ പാര്‍ലറുകളും മദ്യഷാപ്പുകളും തുറക്കുന്നത് കോടതിവിധിയുടെ മാത്രം അടിസ്ഥാനത്തിലാണ്. സുപ്രീംകോടതി വിധി അനുസരിച്ചു മാത്രമെ സര്‍ക്കാര്‍ തീരുമാനങ്ങള്‍ കൈക്കൊള്ളൂ. മദ്യഷാപ്പുകള്‍ പൂട്ടിക്കുന്നതിലൂടെ ലഹരി ഒഴിവാക്കാമെന്ന ധാരണ സര്‍ക്കാറിനില്ല. മദ്യവര്‍ജനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനുവേണ്ടി ആവിഷ്‌കരിച്ച വിമുക്തി പദ്ധതിയുമായി എല്ലാവരും സഹകരിക്കണം.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്‍ ഒരിക്കലും മദ്യനിരോധനം ലക്ഷ്യംവച്ച് പ്രവര്‍ത്തിച്ചിട്ടില്ല. ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്. ലഹരിയില്‍ നിന്ന് ജനത്തെ പിന്തിരിപ്പിക്കേണ്ട കാര്യങ്ങളാണ് ചെയ്യേണ്ടത്. തെങ്ങിന്റെ കുറവ്, ശുദ്ധമായ കള്ളുത്പാദിപ്പിക്കാനുള്ള തൊഴിലാളികളുടെ കുറവ് തുടങ്ങി കള്ളുവ്യവസായം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് സമഗ്രപരിഹാരമാണ് ടോഡി ബോര്‍ഡ്. ഈ മേഖലയിലെ തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയിലും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കും. 15,000 രൂപവരെ സൗജന്യ ചികിത്സയും രണ്ട് ലക്ഷം ഇന്‍ഷ്വറന്‍സും ലഭിക്കുന്ന പദ്ധതി അടുത്തമാസം തുടങ്ങും.
സംസ്ഥാനത്തെ 18 തൊഴില്‍ മേഖലകളിലെ മിനിമംകൂലി പുതുക്കി നിശ്ചയിക്കുകയും പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്തു. 1.10 കോടിപേര്‍ക്കാണ് ഇടതുസര്‍ക്കാര്‍ കര്‍ഷക പെന്‍ഷന്‍ നല്‍കിയത്. വിവിധ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴി 7964 പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ഏഴു ജില്ലകളില്‍ തുടങ്ങിയ എംപ്‌ളോയബിലറ്റി സെന്ററുകള്‍ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.