ശീതീകരണ ഉപകരണങ്ങളുടെ ആവശ്യകതയില്‍ അറുപത് ശതമാനം വര്‍ധന

Posted on: May 18, 2017 8:40 pm | Last updated: May 18, 2017 at 8:09 pm

ദോഹ: ചൂടു കനത്തതോടെ എ സി, എയര്‍ കൂളര്‍, ഇലക്ട്രിക് ഫാന്‍, മുറിയിലെ ഈര്‍പ്പത്തിന്റെ അളവ് കുറക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവക്കെല്ലാം ആവശ്യക്കാര്‍ കൂടി. എയര്‍കണ്ടീഷണര്‍ ഉള്‍പ്പെടെയുള്ള ശിതീകരണ ഉപകരണങ്ങളുടെ ആവശ്യകതയില്‍ ഈ വര്‍ഷം ആദ്യപാദത്തില്‍ 60 ശതമാനമാണ് വര്‍ധന.

സ്പ്ലിറ്റ് എ സിയുടെ ആവശ്യപ്പെടുന്നവരുടെ എണ്ണം 15 ശതമാനവും വിന്‍ഡോ എ സിയുടെത് 35 ശതമാനവും വര്‍ധിച്ചു. എയര്‍കൂളറിന്റെ വില്‍പ്പനയില്‍ പത്ത് ശതമാനമാണ് വര്‍ധനയെന്ന് ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പറയുന്നു.
ഇലക്‌ട്രോണിക് ഉപകരണങ്ങളിലെ വിലക്കിഴിവും വേനല്‍ക്കാല പ്രമോഷന്‍ ഓഫറുകളും വില്‍പ്പന വര്‍ധിപ്പിച്ചിട്ടുണ്ട്. ഒന്നര ടണ്‍ വിന്‍ഡോ എ സിയുടെ വില 999 റിയാലും സ്പ്ലിറ്റ് എസിയുടെത് 1,499 റിയാലുമായി കുറഞ്ഞിട്ടുണ്ട്. ചില ബ്രാന്‍ഡുകളിലെ എയര്‍ കൂളറുകളുടെ വില 499 റിയാലുമാണ്. വിലക്കുറവ് നല്‍കുന്നതോടെ ശീതീകരണ ഉപകരണങ്ങളുടെ വില സാധാരണക്കാരന്റെ ബജറ്റില്‍ ഒതുങ്ങുന്നുണ്ടെന്നും ഹൈപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ വ്യക്തമാക്കി. ചില താമസ സ്ഥലങ്ങളില്‍ ആവശ്യത്തിന് ജനലുകള്‍ ഇല്ലാത്തത് ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്ക വര്‍ധിപ്പിക്കുകയും മുറിയിലെ ഈര്‍പ്പം ക്രമീകരിക്കുന്ന ഉപകരണങ്ങളുടെ വില്‍പ്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നും അധികൃതര്‍ പറയുന്നു.
ഉപഭോക്താക്കളില്‍ ചിലര്‍ പഴയ എ സി മാറ്റി വാങ്ങുന്നതും വര്‍ധിച്ചിട്ടുണ്ടെന്ന് മറ്റൊരു ഹൈപ്പര്‍മാര്‍ക്കറ്റ് മാനേജര്‍ പറഞ്ഞു. ഊര്‍ജകാര്യക്ഷമത എ സികളുടെ നേട്ടങ്ങളെക്കുറിച്ചുള്ള ബോധവത്കരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഹരിത എസികള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നത്. കഴിഞ്ഞ ജൂലൈ മുതല്‍ രാജ്യത്ത് പരമ്പരാഗത എ സിയുടെ വില്‍പ്പനയും ഇറക്കുമതിയും നിരോധിച്ചിരുന്നു. ത്രീ സ്റ്റാറില്‍ കുറയാത്ത ഊര്‍ജ കാര്യക്ഷമത ഉറപ്പാക്കുന്ന എ സികള്‍ക്ക് മാത്രമാണ് വിപണിയില്‍ അനുമതി. പുതിയ ഉത്തരവ് പ്രകാരം വിന്‍ഡോ എ സികള്‍ക്ക് ഊര്‍ജ കാര്യക്ഷമത നിരക്ക് 8.5 ബ്രിട്ടീഷ് തെര്‍മല്‍ യൂനിറ്റും (ബി ടി യു) സ്പ്ലിറ്റ് എസികള്‍ക്ക് 9.5 ബി ടി യുവുമായിരിക്കണം.