Connect with us

Kerala

വിവാദ വീഡിയോ: തനിക്ക് നീതികിട്ടില്ലെന്ന് ഉറപ്പായി- കുമ്മനം

Published

|

Last Updated

തിരുവനന്തപുരം: പയ്യന്നൂര്‍ കൊലപാതകത്തിന് ശേഷം താന്‍ പുറത്തുവിട്ട വീഡിയോ സംബന്ധിച്ച് തനിക്ക് നീതി കിട്ടിലെന്ന് ഉറപ്പായെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കുമ്മനം ഇക്കാര്യം വ്യക്തമാക്കിയത്. “”സമൂഹത്തിന് നല്‍കുന്ന തെറ്റായ സന്ദേശത്തെ തുറന്ന് കാണിക്കുന്നതിനും, അതിലേക്ക് സി.പി.എം നേതൃത്വത്തിന്റെയും സര്‍ക്കാരിന്റെയും ശ്രദ്ധയെ ക്ഷണിക്കുന്നതിനും വേണ്ടിയായിരുന്നു ആ പോസ്റ്റിംഗ്. ഇരകളുടെ വേദന പങ്കുവെയ്ക്കുകമാത്രമാണ് ഞാന്‍ ചെയ്തത്. സദുദ്ദേശത്തോടെ ഞാന്‍ചെയ്ത പ്രവര്‍ത്തിയെ മുഖ്യമന്ത്രി നിയമസഭയില്‍ തെറ്റായി വ്യാഖ്യാനിച്ചു. എനിക്കെതിരെ കേസെടുത്തു. ആഹ്ലാദപ്രകടനത്തിന്റെ വീഡിയോക്ലിപ്പിംഗ് ഞാനിട്ടത് നിയമവിരുദ്ധമാണെന്നും കുറ്റകരമാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ആഭ്യന്തരവകുപ്പിന്റെ ചുമതലക്കാരന്‍ തീര്‍പ്പ്കല്‍പിച്ച് എന്നെ കുറ്റക്കാരനായി വിധിച്ച സ്ഥിതിക്ക് കേസ് അന്വേഷിക്കുന്ന കണ്ണൂര്‍ ടൗണ്‍ എസ്.ഐക്ക് മറിച്ചൊന്നും ചെയ്യാനാവില്ല. അന്വേഷണഫലം എന്തായിരിക്കുമെന്ന് വ്യക്തം. അതുകൊണ്ടുതന്നെ എനിക്ക് നീതികിട്ടില്ലെന്ന് ഉറപ്പായി. ഇതെല്ലാം ആര്‍ക്കാണ് ഗുണം ചെയ്യുക എന്ന് നിഷ്പക്ഷമതികള്‍ തീരുമാനിക്കെട്ടെ””- കുമ്മനം പോസ്റ്റില്‍ പറയുന്നു. കണ്ണൂരില്‍ സമാധാനവും ശാന്തിയും ഉണ്ടാകണം. സമാധാനചര്‍ച്ചകള്‍ അര്‍ത്ഥപൂര്‍ണ്ണമാവണം. കൊലപാതകരാഷ്ട്രീയം ഒന്നിനും പരിഹാരമല്ല. ഈ തിരിച്ചറിവാണ് കണ്ണൂരിനെ നയിക്കേണ്ടതെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പയ്യന്നൂരില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ബിജു കൊല്ലപ്പെട്ട ശേഷം സി പി എം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നുവെന്ന് പറഞ്ഞുകൊണ്ട് കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോയാണ് വിവാദമായത്. വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കുമ്മനത്തിനെതിരെ പോലീസ് കേസെടുത്തിരുന്നു.